പതിവ് തെറ്റാതെ സഭയില്‍ വീണ്ടും ബഹളം; നഗരസഭാ യോഗം ബെല്ലടിച്ചു പിരിഞ്ഞു
കുന്നംകുളം: ബഹളത്തില്‍ മുങ്ങി പിന്നെയും നഗരസഭ യോഗം. ടൗണ്‍ഹാള്‍ നിര്‍മാണം നിലച്ചതും, തുറക്കുളം മാര്‍ക്കറ്റും, പ്രധാന ചര്‍ച്ചയും പ്രതിഷേധവുമുയര്‍ന്നപ്പോള്‍ പതിവുപോലെ യോഗം നടത്താനാകാതെ ബെല്ലടിച്ചു പിരിഞ്ഞു. പ്രതിഷേധങ്ങള്‍ക്കിടയിലും പ്രതിപക്ഷാംഗങ്ങള്‍ തമ്മിലുള്ള അനൈക്യം ശ്രദ്ധേയമായി.
ടൗണ്‍ഹാള്‍ നിര്‍മാണം നിര്‍ത്തിവെക്കാന്‍ കാരണമായത് നഗരസഭയുടെ കെടുകാര്യസ്ഥതയാണെന്നാരോപിച്ച് പൊതുമരാമത്ത് സ്ഥിരം സമതി അധ്യക്ഷന്‍ ഷാജി ആലിക്കലിന്റെ നേതൃത്വത്തില്‍ വിമതപക്ഷം സഭ ആരംഭിച്ചയുടന്‍ നടുത്തളത്തിലിറങ്ങി. രാജീവ് ഗാന്ധി ടൗണ്‍ഹാളിന്റെ നിര്‍മാണത്തിനായി നഗരസഭ സഹകരിച്ചില്ലെന്നും നിരുത്തരവാദിത്വപരമായി പെരുമാറുകയായിരുന്നുവെന്നും ഷാജി ആരോപിച്ചു. പ്രവര്‍ത്തനത്തിനാവശ്യമായ ബാങ്ക് വായ്പ ഉടന്‍ ലഭ്യമാക്കുമെന്നും കൗണ്‍സിലററിയിച്ചെങ്കിലും ഇത് സംബന്ധിച്ചുള്ള അപേക്ഷ പോലും ഇതുവരേയും സമര്‍പ്പിച്ചില്ലെന്നും ഷാജി പറഞ്ഞു. തുടര്‍ന്ന് പ്രതിഷേധത്തിന്റെ ഭാഗമായി ഷാജി ഉള്‍പടെ ആറു കൗണ്‍സിലര്‍മാര്‍ ഇറങ്ങിപോയി. ഇതിന് പുറകെയായിരുന്നു ബി.ജെ.പിയിലെ ഒരു വിഭാഗം അംഗങ്ങള്‍ ഇതേ ആവശ്യമുന്നയിച്ച് നടുതളത്തിലിറങ്ങി മുദ്രവാക്യം വിളിച്ചത്.
കഴിഞ്ഞ ഒരു വര്‍ഷമായി യാതൊരു വിസന പ്രവര്‍ത്തനങ്ങളും നടന്നില്ല, ടൗണ്‍ ഹാള്‍, അറവ്ശാല, ബസ് സ്റ്റാന്റ് തുടങ്ങി നഗരത്തിന്റെ അടിയന്തിര ആവശ്യങ്ങള്‍ക്ക് പോലും പ്രാധാന്യം നല്‍കാനോ പദ്ധതി നടപ്പിലാക്കുന്നതിനോ യാതൊരു ശ്രമവും നടത്താത്ത ചെയര്‍പേഴ്‌സണ്‍ രാജിവച്ച് നഗരസഭയെ രക്ഷിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ബഹളം രൂക്ഷമായപ്പോള്‍ ചെയര്‍പേഴ്‌സണ്‍ സീതാരവീന്ദ്രന്‍ ബെല്ലടിച്ച് യോഗം അവസാനിപ്പിച്ചു. തുടര്‍ന്ന് ബി.ജെ.പി അംഗങ്ങള്‍ ചെയര്‍പേഴ്‌സന്റെ കാബിനു മുന്നില്‍ ധര്‍ണനടത്തി.
പ്രതിപക്ഷത്തെ യു.ഡി.എഫിന് സമാനമായി ബി.ജെ.പിക്കിടയിലുണ്ടായ ഭിന്നിപ്പായിരുന്നു സഭയിലെ മറ്റൊരു സവിശേഷത. കെ.കെ മുരളിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയപ്പോള്‍ ഗീതാശശി, ആമേന്‍ ശ്രീജിത്ത് എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തില്ല.
അറവുശാല സംബന്ധിച്ചുള്ള ഹൈകോടതി വിധി നടപ്പിലാക്കാന്‍ നഗരസഭ തയ്യാറാകണമെന്നും എന്നാല്‍ പുറത്തുള്ള അംഗീകൃത അറവുശാലക ളില്‍ നിന്ന് ശാസ്ത്രീയമായി മൃഗങ്ങളെ അറുത്തെടുത്ത് കൊണ്ടുവന്ന് കച്ചവടം നടത്തുന്ന മാംസ കച്ചവടക്കാര്‍ക്ക് വില്‍പനക്ക് ലൈസന്‍സ് അനുവദിക്കണമെന്നും ആര്‍.എം.പി അംഗം സോമന്‍ യോഗത്തില്‍ ആവശ്യപെട്ടു. അറവുശാല സ്ഥാപിക്കാന്‍ കഴിയാതെ പോയത് നഗരസഭയുടെ കഴിവു കേടാണെന്നിരിക്കെ നിയമപരമായി കച്ചവടം ചെയ്യുന്നവര്‍ക്ക് ആവശ്യമായ സൗകര്യം നല്‍കുകയും അല്ലാത്തവ അടച്ചുപൂട്ടുകയും വേണമെന്നും കോടതിയലക്ഷ്യ കേസില്‍ നഗരസഭ നടപടി സ്വീകരിക്കണമെന്നും സോമന്‍ ആവശ്യപെട്ടു. ടൗണ്‍ഹാള്‍ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും ഈ സാമ്പത്തിക വര്‍ഷം തന്നെ ടൗണ്‍ഹാളിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും വൈസ് ചെയര്‍മാന്‍ പി.എം സുരേഷ് പറഞ്ഞു. ഇതുസംബന്ധിച്ചുള്ള ഫയലുകള്‍ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം പത്തിന് നിര്‍മിതിക്ക് 10 ലക്ഷം രൂപ നല്‍കുമെന്നും ബാക്കി തുക പണി തീരുന്ന മുറക്ക് നല്‍കാമെന്നും വ്യവസ്ഥ ആയതായും സുരേഷ് സഭയെ ധരിപ്പിച്ചു. ടൗണ്‍ഹാള്‍ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം നിര്‍മിതി ഉദ്യോഗസ്ഥരുമായി സംസാരിച്ച് പ്രവര്‍ത്തി തുടരാനുള്ള തീരുമാനം കൈകൊണ്ടതായും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
പ്രധാന പ്രതിപക്ഷമെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയിലും പിളര്‍പ്പ്
കുന്നംകുളം: നഗരസഭ കൗണ്‍സിലില്‍ പ്രധാന പ്രതിപക്ഷമെന്ന് അവകാശവാദമുയര്‍ത്തിയ ബി.ജെ.പിയിലും പിളര്‍പ്പ്. നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ ഉണ്ടായ പ്രതിഷേധ പരിപാടിയില്‍ ബി.ജെ.പി അംഗങ്ങളില്‍ രണ്ട് പേരെ മാറ്റിനിര്‍ത്തിയായിരുന്നു പരിപാടി. സ്ഥിരം സമതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി കൂട്ടുകൂടിയെന്നാരോപിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കുള്ളിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ടായിപിരിഞ്ഞ് ശക്തി ക്ഷയിച്ച കോണ്‍ഗ്രസിനേക്കാള്‍ അംഗ സംഖ്യയുണ്ടെന്ന് കാട്ടി പ്രതിപക്ഷ സ്ഥാനം ആവശ്യപെട്ട ബി.ജെ.പിയാണ് പരസ്യമായി യോഗത്തില്‍ രണ്ടായി പിരിഞ്ഞത്.
യോഗത്തിന് മുന്‍പ് അന്നു ചെയ്യേണ്ട കാര്യങ്ങള്‍ രഹസ്യമായി ചര്‍ച്ച നടത്തിയാണ് അംഗങ്ങള്‍ കൗണ്‍സില്‍ ഹാളിലെത്താറ്, എന്നാല്‍ പാര്‍ട്ടി നേതൃത്വം പറഞ്ഞതനുസരിച്ചാണ് ഗീതാശശി, ശ്രീജിത്ത് എന്നിവരെ പ്രതിഷേധ പരിപാടിയില്‍ നിന്നും മാറ്റിനിര്‍ത്തിയെതെന്ന് പാര്‍ലിമന്ററി പാര്‍ട്ടി നേതാവ് കൂടിയായ കെ.കെ മുരളി പറഞ്ഞു. കാഴ്ചകള്‍ക്ക് മുന്‍പ് നഗരസഭക്ക് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ നിന്നും ഇരുവരേയും മാറ്റിനിര്‍ത്തിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ അടുത്തിടേയുണ്ടായ നേതൃത്വ തര്‍ക്കവുമായി ബന്ധപെട്ടുള്ള കരുനീക്കമാണ് നഗരസഭക്കകത്തെ ചേരിതിരിവിന് കാരണമായി പറയുന്നത്. കൗണ്‍സില്‍ വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കാറുള്ള സ്ഥിരം സമതി അധ്യക്ഷകൂടിയായ ഗീതാശശിയെ ഒതുക്കി നിര്‍ത്തുന്നത് ഭരണകക്ഷിയായ സി.പി.എമ്മിനെ സഹായിക്കാനുള്ള നീക്കമാണെന്നും പറയുന്നുണ്ട്.
കുന്നംകുളത്ത് ബി.ജെ.പിക്കുള്ളില്‍ രഹസ്യമായി നടന്നിരുന്ന തര്‍ക്കം പൊതുധാരയിലേക്ക് കൂടിയെത്തിയതിന്റെ ഉദാഹരണമാണ് ഈ സംഭവം. കൗണ്‍സില്‍ പ്രതിഷേധമുന്നയിക്കുമെന്നോ, അജണ്ടകളില്‍ എന്ത് നിലപാടെടുക്കണമെന്നോ പാര്‍ലിമന്ററി പാര്‍ട്ടി തങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നില്ലെന്നാണ് ഇരുവരുടേയും വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."