സഊദിയില്‍ വാഹന വിപണിയിലും സമ്പൂര്‍ണ സ്വദേശിവത്കരണം; ഫാര്‍മസികളില്‍ പിന്നോട്ട്
റിയാദ്: വാഹന ഏജന്‍സികളിലും ഷോറൂമുകളിലും സമ്പൂര്‍ണ സഊദിവത്കരണം നടപ്പാക്കാന്‍ സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ഒരുങ്ങുന്നു. മൊബൈല്‍ രംഗത്ത് നടപ്പിലാക്കി വിജയം കണ്ട സമ്പൂര്ണസ്വദേശി വത്കരണം വാഹന ഇടപാടുമായി ബന്ധപ്പെട്ട മേഖലയില്‍ നടപ്പിലാക്കുന്നതോടെ സ്വദേശികള്‍ക്കായി ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് തൊഴില്‍ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
അടുത്ത വര്‍ഷം ഈ മേഖലയില്‍ നൂറു ശതമാനം സ്വദേശികള്‍ മാത്രമാണ് സഊദി തൊഴില്‍ സാമൂഹിക മന്ത്രാലയം ലക്ഷ്യമിടുന്നത്. വാഹന ഷോറൂമുകളിലും അനുബന്ധ സ്ഥാപനങ്ങളിലും റെന്റ് എ കാര്‍ സ്ഥാപനങ്ങളെയുമാണ് സമ്പൂര്‍ണ സ്വദേശിവത്കരണത്തില്‍ ഉള്‍പ്പെടുത്തുന്നത്.
രാജ്യത്തെ വിവിധ നഗരങ്ങളിലായി 30000 ഓളം കാര്‍ ഷോറൂമുകളും അംഗീകൃത ഏജന്‍സികളുടെ ഷോറൂമുകളുമുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ ഒരു സ്ഥാപനത്തില്‍ തന്നെ ചുരുങ്ങിയത് അഞ്ചുമുതല്‍ ഏഴുവരെ സെയില്സ്മാന്മാര് മാത്രം ഉണ്ടാവുമെന്നാണ് കണക്ക്. ഈ തസ്തിക മാത്രം സ്വദേശി വത്കരിച്ചാല്‍ മാത്രം ഒരു ലക്ഷത്തിലധികം തൊഴിലുകള്‍ സഊദികള്‍ക്ക് നേടിക്കൊടുക്കാനാവുമെന്നാണ് മന്ത്രാലയം കരുതുന്നത്.
എന്നാല്‍ നേരത്തെ പല തവണ സ്വദേശിവത്കരണം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച ഫാര്‍മസികളിലെ സ്വദേശിവത്കരണത്തില്നിന്നു മന്ത്രാലയം പിന്നോട്ട് പോയി. ഫാര്‍മസികളില്‍ സമ്പൂര്‍ണ സ്വദേശി വത്കരണം ഇപ്പോള്‍ നിര്‍ബന്ധമില്ലെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയ അണ്ടര്‍ സിക്രട്ടറി അബ്ദുല്‍ മുന്‍ഹിം അല്‍ ശഹ്രി പറഞ്ഞു. എന്നാല്‍ സമ്പൂര്‍ണ സ്വദേശിവത്കരണം ഇത്തരം കമ്പനികള്‍ക്ക് നടപ്പാക്കി തുടങ്ങാവുന്നതാണെന്നും മന്ത്രാലയം ഇതിനെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."