സമയക്രമത്തിലെ അനിശ്ചിതത്വം: എയര്‍ ഇന്ത്യ റിയാദ് -കരിപ്പൂര്‍ വിമാന സര്‍വിസ് വൈകിയേക്കും
റിയാദ്: എയര്‍ ഇന്ത്യ പുതുതായി ആരംഭിക്കുന്ന റിയാദ്- കരിപ്പൂര്‍ വിമാന സര്‍വിസ് വൈകുമെന്ന് സൂചന. സമയക്രമത്തിലെ പ്രശ്‌നങ്ങളാണ് ഇതിനു കാരണം.
നിലവില്‍ തിരക്കേറിയ റിയാദ് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യക്ക് അനുവദിച്ചിരിക്കുന്ന സമയം കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് സാധിക്കാത്ത നിലയിലാണെന്നാണ് വിവരം.
വൈകുന്നേരം റിയാദില്‍ ഇറങ്ങുന്ന രീതിയിലുള്ള സമയമാണ് എയര്‍ ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തിലെ സാഹചര്യങ്ങള്‍ അനുകൂലമാകുന്നതുവരെ ഇതിനായി കാത്തിരിക്കേണ്ടി വരും.
അതിനാല്‍ കരിപ്പൂര്‍ വിമാനത്താവലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി പൂര്‍ത്തിയായ ശേഷം മാത്രം സര്‍വിസ് ആരംഭിച്ചാല്‍ മതിയെന്നാണ് എയര്‍ ഇന്ത്യയുടെ നിലപാട്.
നവംബര്‍ പകുതിയോടെ കോഴിക്കോട്- റിയാദ് സര്‍വിസ് ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതുപ്രകാരം ബുക്കിങ് ആരംഭിക്കുകയും ചെയ്തിരുന്നു. പുതിയ സാഹചര്യത്തില്‍ ഡിസംബര്‍ അവസാനത്തോടെയോ ജനവരി മധ്യത്തോടെയോ മാത്രമേ സര്‍വിസ് ആരംഭിക്കാന്‍ സാധ്യതയുള്ളൂ.
വലിയ വിമാനങ്ങള്‍ക്ക് കോഴിക്കോട്ട് അനുമതിലഭിക്കുന്നതുവരെ ചെറിയ വിമാനത്തിന്റെ സര്‍വിസ് തുടരാനായിരുന്നു പദ്ധതി. യാത്രക്കാരില്‍നിന്ന് മികച്ച പ്രതികരണമാണ് സര്‍വിസിന് ലഭിച്ചത്.
ബുക്കിങ് ആരംഭിച്ച് ആദ്യ ദിവസങ്ങളില്‍ത്തന്നെ മാസങ്ങളോളമുള്ള ബുക്കിങ്ങാണ് വിമാനത്തിന് ലഭിച്ചത്. എന്നാല്‍ സമയക്രമത്തില്‍തട്ടി സര്‍വിസ് വൈകുകയാണ്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഗള്‍ഫ് മേഖലയിലേക്ക് സര്‍വിസ് നടത്താന്‍ വിമാനക്കമ്പനികള്‍ കൂട്ടത്തോടെ എത്തുന്നുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇത്തിഹാദ്, സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വെയ്‌സ് തുടങ്ങിയവയാണ് പുതിയ സെക്ടറില്‍ കരിപ്പൂരിലേക്കു അനുമതി കാത്തുനില്‍ക്കുന്നത്. നാലു മാസത്തിനിടെ നാല് വിമാനക്കമ്പനികളാണ് പുതിയ സര്‍വിസിന് കരിപ്പൂരിലെത്തുന്നത്.
കരിപ്പൂരില്‍ റണ്‍വേ റീകാര്‍പ്പറ്റിങ് പ്രവൃത്തികള്‍ ഡിസംബറില്‍ പൂര്‍ത്തിയാവും. ഇതോടെ പകല്‍ റണ്‍വേയിലേക്ക് വിമാനങ്ങള്‍ക്കുളള എട്ടുമണിക്കൂര്‍ നിയന്ത്രണം പിന്‍വലിക്കുകയും 24 മണിക്കൂര്‍ പ്രവൃത്തിക്കുന്ന വിമാനത്താവളമായി വീണ്ടും മാറുകയും ചെയ്യും.
അതോടെ നിരവധി വിമാന കമ്പനികള്‍ ഇവിടേക്ക് വരികയും യാത്രാക്ലേശം കുറയുമെന്നുമാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."