ആയുഷ്ഗ്രാം പദ്ധതി തൊടുപുഴ ബ്ലോക്കിലെ അഞ്ച് വില്ലേജുകളില്‍
തൊടുപുഴ: ദേശീയ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും സംയുക്ത പദ്ധതിയായ ആയുഷ്ഗ്രാം തൊടുപുഴ ബ്ലോക്കിന് കീഴിലുള്ള അഞ്ചു വില്ലേജുകളില്‍ നടപ്പാക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുട്ടം, കരിങ്കുന്നം, മണക്കാട്, പുറപ്പുഴ, കുമാരമംഗലം വില്ലേജുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പരമ്പരാഗത ആയുര്‍വേദ ചികിത്സാമാര്‍ഗങ്ങളിലൂടെ ജീവിത ശൈലീരോഗങ്ങള്‍ അടക്കമുള്ള രോഗങ്ങളെ പ്രതിരോധിച്ച് ജനങ്ങളില്‍ ആരോഗ്യസംരക്ഷണം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഒരു മെഡിക്കല്‍ ഓഫീസര്‍, യോഗ ട്രെയിനര്‍, ഹെല്‍പര്‍ എന്നിവരെ അഞ്ചു വില്ലേജുകളിലും പദ്ധതിയുടെ ഭാഗമായി നിയമിക്കും. ആയുര്‍വേദ ഡിഎംഒ ആയിരിക്കും നിര്‍വഹണ ഉദ്യോഗസ്ഥ.
നോഡല്‍ ഓഫീസറായി മുട്ടം ഗ്രാമപഞ്ചായത്ത് മെഡിക്കല്‍ ഓഫീസര്‍ പ്രവര്‍ത്തിക്കും. ബാക്കി നാല് വില്ലേജുകളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ ജോയിന്റ് കണ്‍വീനര്‍മാരാവും. വാര്‍ഡ്, കുടുംബശ്രീ തലങ്ങളില്‍ യോഗ യൂണിറ്റുകള്‍ തുടങ്ങി യോഗ പരിശീലിപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇതിനായി സ്‌കൂളുകളിലും യോഗ പരിശീലനം ഒരുക്കും.
14ന് രാവിലെ 11.30ന് മുട്ടം മര്‍ത്ത്മറിയം പള്ളി പാരിഷ് ഹാളില്‍ ചേരുന്ന യോഗത്തില്‍ പി ജെ ജോസഫ് എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍ അധ്യക്ഷയാവും. ഔഷധശ്രീ അവാര്‍ഡുദാനവും നടക്കും.
ആയുര്‍വേദവകുപ്പ് സീനിയര്‍ സൂപ്രണ്ട് കേരളവര്‍മ, മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍, കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ബിജു, നോഡല്‍ ഓഫീസര്‍ ഡോ. റോസ്‌ലിന്‍ ജോസ്, മുട്ടം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ മോഹനന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."