നോട്ടില്‍ വലഞ്ഞ് കോട്ടയം
കോട്ടയം: 500, 1000 നോട്ടുകളുടെ ദൗര്‍ലഭ്യം മൂലം ജില്ലയിലെങ്ങും വ്യാപാര സേവന മേഖലകളാകെ പ്രതിസന്ധിയിലായി. വലിയ നോട്ടുകളുമായി വെള്ളം പോലും കിട്ടാതെ നഗരത്തിലെത്തിയ വിദേശ ടൂറിസ്റ്റുകളുള്‍പ്പെടെ വലഞ്ഞു. ജില്ലയിലെ മിക്ക കടകളിലും 500,1000 നോട്ടുകള്‍ എടുക്കില്ലെന്ന നോട്ടീസുകള്‍ പതിച്ചതിനാല്‍ കടകളിലെത്തിയവര്‍ വലഞ്ഞു.
എറണാകുളത്തെ വാഹന സമരം മൂലം യാത്രക്കാര്‍ കുറവായിരുന്നുവെങ്കിലും റെയില്‍വേ ടിക്കറ്റ് കൗണ്ടറില്‍ വലിയ നോട്ടുകളുമായി വന്നവര്‍ പ്രതിസന്ധിയിലായി. കൗണ്ടറിലെ ഉദ്യോഗസ്ഥര്‍ തന്നെ സ്വന്തം നിലയില്‍ ചില്ലറ സംഘടിപ്പിച്ചാണു പലരെയും മടക്കിയയച്ചത്. ട്രെയിന്‍ സമയത്തിനു ടിക്കറ്റെടുക്കാനെത്തിയ ചിലര്‍ ബാക്കി കിട്ടാനായി ഏറെ സമയം കൗണ്ടറിനു മുന്നില്‍ കാത്തിരിക്കേണ്ടി വന്നു. കൗണ്ടറിന് മുന്നില്‍ കൂടുതലാളുകളെത്തിയ അവസരങ്ങളില്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടായതു പലപ്പോഴും സംഘര്‍ഷത്തിന്റെ വക്കോളമെത്തിച്ചു. റെയില്‍വേ സുരക്ഷാ സേനയുടെ ഇടപെടല്‍ സ്ഥിതിഗതികള്‍ ശാന്തമാക്കി. ആര്.പി.എഫ് എസ്.ഐ വര്‍ഗീസ്, സി.പി.ഒ അജയകുമാര്‍ എന്നിവരാണ് റെയില്‍വേ സ്റ്റേഷനില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചത്.
ഹോട്ടലുകളില്‍ വലിയ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന ബോര്‍ഡ് വച്ചിരുന്നുവെങ്കിലും ചിലരെങ്കിലും അത്തരം നോട്ടുകളുമായി ഭക്ഷണം കഴിച്ച ശേഷം ക്യാഷ് കൗണ്ടറില്‍ ഇരുട്ടടി നല്കി. ചില്ലറ ക്ഷാമം മൂലം ഹോട്ടലുകാര്‍ ഏതാനും പേരെ പണം വാങ്ങാതെ വിട്ടു. നല്ല തിരക്കുള്ള കേന്ദ്രങ്ങളിലെ ഹോട്ടലുകളില്‍ പോലും കയറാനാളില്ലായിരുന്നു. കെ.എസ്.ആര്.ടി.സിയുള്‍പ്പെടെയുള്ള ബസ് യാത്രക്കാരും ജീവനക്കാരും വലിയ നോട്ടുകളെ കൊണ്ട് വലഞ്ഞു. ദീര്‍ഘദൂര ബസുകളിലാണു ചില്ലറ നോട്ടുകള്‍ക്കായി ഏറെ പ്രശ്നങ്ങളുണ്ടായത്. വലിയ നോട്ടുകളുമായി ഓട്ടോറിക്ഷകളും നെട്ടോട്ടമോടി.
കോടിമത മത്സ്യമാര്‍ക്കറ്റില്‍ പതിവിലും വിപരീതമായി കച്ചവടം ഒന്നും നടന്നില്ല . നോട്ടിന്റെ പ്രശ്നം മുന്‍കൂട്ടി അറിഞ്ഞവര്‍ കച്ചവടത്തില്‍ നിന്ന് വിട്ടു നിന്നു. ഹോട്ടലുകളില്‍ നിന്നും സാധാരണ രീതിയില്‍ മീന്‍ വാങ്ങനെത്തിയില്ല. പച്ചക്കറി മാര്‍ക്കറ്റിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഒരു കടയില്‍ 200 രൂപക്ക് പച്ചക്കറി വാങ്ങിയാല്‍ 500 രൂപയ്ക്ക് ബാക്കി ചില്ലറ തരാമെന്ന് ബോര്‍ഡ് വച്ചാണ് കച്ചവടം നടത്തിയത്. ചില്ലറ ക്ഷാമം മൂലം ഉച്ചയോടെ മിക്കവാറും കടകളും അടച്ചു. പെട്രോള്‍ പമ്പുകളില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ തുടങ്ങിയ നോട്ടു നിഷേധം ഇന്നലെ പകലും തുടര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."