ആര്‍.എസ്.പിക്കും കോവൂര്‍ വിഭാഗത്തിനും പിള്ളയ്ക്കും നിര്‍ണായകം രാജു ശ്രീധര്‍
കൊല്ലം: തെരഞ്ഞെടുപ്പു ഫലം യു.ഡി.എഫില്‍ ആര്‍.എസ്.പിക്കും എല്‍.ഡി.എഫില്‍ കോവൂര്‍ വിഭാഗത്തിനും കേരളാകോണ്‍ഗ്രസ് ബിയ്ക്കും നിര്‍ണായകമാകും.
ആര്‍.എസ്.പിയുടെ ഈറ്റില്ലമായ കൊല്ലത്തു പാര്‍ട്ടി മത്സരിക്കുന്ന ചവറ,ഇരവിപുരം,കുന്നത്തൂര്‍ മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ചുപോരാട്ടമായിരുന്നു നടന്നത്. പാര്‍ട്ടി ഈസി വാക്കോവര്‍ പ്രതീക്ഷിച്ചിരുന്ന ശക്തികേന്ദ്രമായ ചവറയില്‍ ഷിബു ബേബിജോണിനെ പിടിച്ചുകെട്ടാന്‍ എതിരാളിയും മുന്‍ ആര്‍.എസ്.പിക്കാരനും കുടിയായ സി.എം.പിയിലെ എന്‍.വിജയന്‍പിള്ളക്കു കഴിഞ്ഞു. ഇതു ആര്‍.എസ്.പി കേന്ദ്രങ്ങളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകഴിഞ്ഞു. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.പി കേന്ദ്രങ്ങളിലുണ്ടായ തിരിച്ചടിയില്‍ പ്രതീക്ഷ അര്‍പ്പിച്ച സി.പി.എം ചവറയില്‍ എണ്ണയിട്ട യന്ത്രം കണക്കെയാണ് പാര്‍ട്ടിയ ചലിപ്പിച്ചത്. കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ പോലും പ്രചാരണത്തില്‍ വിള്ളലുണ്ടാക്കാന്‍ ഇടതുസ്ഥാനാര്‍ഥിക്കു കഴിഞ്ഞു.
കൂടാതെ കരിമണല്‍ മേഖലയിലുണ്ടായ തൊഴില്‍ പ്രശ്‌നങ്ങളും ആര്‍.എസ്.പിക്കു എതിരാക്കാന്‍ ഇടതുമുന്നണിക്കായി. ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി മല്‍സരിക്കുന്ന കൊല്ലം കോര്‍പ്പറേഷന്റെ പകുതി ഭാഗം ഉള്‍പ്പെടുന്ന ഇരവിപുരത്തു സി.പി.എമ്മിന്റെ മുന്‍ ഡെ.മേയറും നിലവിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ എം.നൗഷാദാണ് ഇടതുസ്ഥാനാര്‍ഥി. ഇവിടെയും അസീസിനു വെല്ലുവിളി ഉയര്‍ത്താന്‍ നൗഷാദിനു കഴിഞ്ഞു. തെരഞ്ഞെടുപ്പു അടുത്ത സമയത്തു പാര്‍ട്ടിവിട്ട മുന്‍ എം.എല്‍.എ കോവൂര്‍ കുഞ്ഞുമോനെതിരെ അദ്ദേഹത്തിന്റെ മച്ചുനനെയാണ് ആര്‍.എസ്.പി സ്ഥാനാര്‍ഥിയാക്കിയത്. തുടര്‍ച്ചയായി മൂന്നുതവണ എം.എല്‍.എയായ കോവൂര്‍ കുഞ്ഞുമോനു പറയത്തക്ക വെല്ലുവിളി ഉയര്‍ത്താന്‍ ഉല്ലാസ് കോവൂരിനു കഴിഞ്ഞിട്ടില്ലെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ പറയുന്നത്. കോവൂരിനും മത്സരം തന്റെയും ആര്‍.എസ്.പി(ലെനിനിസ്റ്റ്)യുടെയും നിലനില്‍പ്പു ചോദ്യം ചെയ്യുന്നതാണ്.
ഒരു സീറ്റെങ്കിലും നിലനിര്‍ത്തേണ്ടത് ആര്‍.എസ്.പിയുടെ അഭിമാനപ്രശ്‌നംകൂടിയാണ്. അല്ലാത്തപക്ഷം ആര്‍.എസ്.പി സ്ഥാനാര്‍ഥികളില്ലാത്ത നിയമസഭ പാര്‍ട്ടിക്കു ചിന്തിക്കാനുമാകില്ല. അതാണ് സി.പി.എം ലക്ഷ്യമിടുന്നതും. എന്നാല്‍ കൊല്ലത്തെ മൂന്നു സീറ്റുകളിലും വിജയിച്ചാല്‍, തിരുവിതാംകൂര്‍ മേഖലയില്‍ ആര്‍.എസ്.പി യു.ഡി.എഫിലെ പ്രധാന ശക്തികേന്ദ്രമായി മാറും.ചഇടതുമുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കേരളാകോണ്‍ഗ്രസ് ബിക്കു പത്തനാപുരം,കൊട്ടാരക്കര മണ്ഡലങ്ങളിലെ വിജയം പരമപ്രധാനമാണ്. കൊട്ടാരക്കരയില്‍ കഴിഞ്ഞ രണ്ടുതവണയും കേരളാകോണ്‍ഗ്രസ് ബി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയാണ് സി.പി.എമ്മിലെ അയിഷാപോറ്റി വിജയിച്ചത്. ഇത്തവണ ഇടതുമുന്നണിയിലായ പിള്ളക്കു തന്റെ സ്വാധീനം തെളിയിക്കേണ്ടതു അനിവാര്യമാണ്.
അതുപോലെയാണ് പത്തനാപുരത്തെ ഗണേഷന്റെ വിജയവും പിള്ള കാണുന്നത്. മറിച്ചാണ് ഫലമെങ്കില്‍ പിള്ള ഗ്രൂപ്പിന്റെ നിലനില്‍പ്പു അവതാളത്തിലാകും. അതുപോലെ ചവറയില്‍ ഏക സീറ്റില്‍ മല്‍സരിക്കുന്ന സി.എം.പിക്കും ഈ തെരഞ്ഞെടുപ്പു നിര്‍ണായകമാണ്. കൊല്ലത്തുനിന്നുള്ള വിദേശ വ്യവസായിയുടെ സ്‌പോണ്‍സര്‍ഷിപ്പാണെന്നു ആരോപണമുയര്‍ന്ന ചവറയില്‍ വിജയിച്ചാല്‍ അതു സി.എം.പിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."