കാന്‍സര്‍ രോഗിയായ വീട്ടമ്മയെ പറ്റിച്ച് അഭിഭാഷകന് പണം തട്ടിയെന്ന്
ആലപ്പുഴ: നഷ്ടപ്പെട്ട വസ്തു തിരികെ പിടിക്കാന്‍ കേസ് നടത്താനെത്തിയ അര്‍ബുദ രോഗിയായ വീട്ടമ്മയില്‍നിന്നും അഭിഭാഷകന് പണം തട്ടിയതായി ആരോപണം. ചേര്‍ത്തല കോടതിയിലെ അഭിഭാഷകനായ അഡ്വ. ലെനിനിനെതിരേയാണ് പരാതി. തിരുവനന്തപുരം നേമം സ്വദേശി തോട്ടത്തില്‍ വീട്ടില്‍ ശൈലജ ആര്. കര്‍ത്തയാണ് പരാതിക്കാരി. ഭര്‍ത്താവിന് കുടുംബ സ്വത്തായി ലഭിച്ച വസ്തു അയല്‍വാസി കൈയേറിയപ്പോള്‍ കേസു നടത്താനാണ് വീട്ടമ്മ അഭിഭാഷകന് പണം ഘട്ടംഘട്ടമായി നല്‍കിയത്. മുപ്പതിനായിരം രൂപയോളം ഫീസിനത്തില്‍ വാങ്ങിയ അഭിഭാഷകന് ഒരു നോട്ടിസ് പോലും എതിര്‍കക്ഷിക്ക് അയക്കാന്‍ തയാറായില്ലെന്ന് വീട്ടമ്മ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അഭിഭാഷകനുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും ഇയാള്‍ വ്യക്തമായി മറുപടി നല്‍കിയില്ലെന്നും വീട്ടമ്മ പറഞ്ഞു. ചേര്‍ത്തല കോടതിയില്‍ കേസ് നടത്തുന്ന ഇയാളെ തിരുവനന്തപുരത്തുള്ള മറ്റ് രണ്ട് അഭിഭാഷകരാണ് തനിക്ക് പരിചയപ്പെടുത്തിയത്. തര്‍ക്ക വസ്തു ചേര്‍ത്തല താലൂക്കിലെ പട്ടണക്കാട് വില്ലേജില്‍ സ്ഥിതി ചെയ്യുന്നതിനാലാണ് തനിക്ക് ഇവിടുത്തെ അഭിഭാഷകനെ കാണേണ്ടിവന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇയാളെ കേസ് ഏല്‍പ്പിച്ചിട്ട്. യാതൊരു ബാധ്യതയുമില്ലാത്ത വസ്തുവില്‍ ട്രൈബ്യൂണല്‍ വിധി ആവശ്യമാണെന്നാണ് അഭിഭാഷകന് ഇപ്പോള്‍ പറയുന്നത്. ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചപ്പോള്‍ പ്രതിഭാഗം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി മനസിലാക്കാന്‍ കഴിഞ്ഞെന്നും വീട്ടമ്മ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."