അഭിഭാഷക ക്ഷേമനിധി, കോര്‍ട്ട് ഫീ ബില്ലുകള്‍ നിയമസഭ പാസാക്കി
തിരുവനന്തപുരം: അഭിഭാഷകരുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള വ്യവസ്ഥകളുള്‍പ്പെട്ട കേരള അഭിഭാഷക ക്ഷേമനിധി ഭേദഗതി ബില്ലും കേരള കോര്‍ട്ട്ഫീസും വ്യവഹാരസലയും ഭേദഗതി ബില്ലും നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. അഭിഭാഷക ക്ഷേമനിധിയില്‍ നിന്ന് ലഭിക്കുന്ന വിരമിക്കല്‍ ആനുകൂല്യം അഞ്ചു ലക്ഷത്തില്‍ നിന്ന് 10 ലക്ഷമായി വര്‍ധിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് 2016ലെ കേരള അഭിഭാഷക ക്ഷേമനിധി ഭേദഗതി ബില്‍.
ക്ഷേമനിധിയില്‍ 40 വര്‍ഷമെങ്കിലും അംഗമായിരിക്കുന്നവര്‍ക്കായിരിക്കും പരമാവധി സഹായമായ 10 ലക്ഷം രൂപ ലഭിക്കുക. അംഗങ്ങളുടെ സേവന കാലാവധി അനുസരിച്ച് ധനസഹായത്തിന്റെ തോത് കണക്കാക്കും. ധനസഹായത്തിനൊപ്പം ക്ഷേമനിധിയിലേക്കുള്ള അംശാദായവും വര്‍ധിക്കും. ക്ഷേമനിധിയിലേക്ക് അംഗങ്ങള്‍ നല്‍കേണ്ടണ്ട പ്രതിവര്‍ഷ അംശാദായം 14,285 രൂപയില്‍ നിന്ന് 25,000 രൂപയായാണ് വര്‍ധിക്കുന്നത്. ചികിത്സാസഹായം 5,000 രൂപ എന്നത് ഒരു ലക്ഷം രൂപയായും വര്‍ധിക്കും. ക്ഷേമനിധിയിലേക്ക് വരുമാനം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് 2016ലെ കേരള കോര്‍ട്ട്ഫീസും വ്യവഹാരസലയും ബില്‍ ഭേദഗതി ചെയ്തത്.
അംഗങ്ങളില്‍ നിന്നുള്ള അംശാദായത്തിനു പുറമെ കോര്‍ട്ട് ഫീസും വ്യവഹാരസലയും വഴി സമാഹരിക്കുന്ന തുകയുടെ വിഹിതം കൂടി ക്ഷേമനിധിയിലേക്കു നല്‍കിയാണ് അഭിഭാഷകര്‍ക്ക് ധനസഹായത്തിനുള്ള തുക കണ്ടെത്തുന്നത്. ഭേദഗതിയനുസരിച്ച് നിയമസഹായ നിധിയില്‍ വരുന്ന തുകയുടെ 70 ശതമാനം അഭിഭാഷക ക്ഷേമനിധിയിലേക്കും 30 ശതമാനം അഭിഭാഷക ഗുമസ്തരുടെ ക്ഷേമനിധിയിലേക്കുമായിരിക്കും പോകുക. ഇത്തരത്തില്‍ നീക്കിവയ്ക്കുന്ന രണ്ടു വിഹിതത്തിന്റെയും 10 ശതമാനം വീതം വ്യവഹാരികള്‍ക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന് വിനിയോഗിക്കാനും വ്യവസ്ഥയുണ്ട്.
സാധാരണക്കാര്‍ക്കുള്ള നിയമസേവനത്തിനു തുക നീക്കിവയ്ക്കാന്‍ നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. നിയമസേവനമെന്ന വാക്കു തന്നെ ഒഴിവാക്കിക്കൊണ്ടാണ് ഭേദഗതി. കക്ഷികള്‍ക്കും പ്രതികള്‍ക്കും അഭിഭാഷകര്‍ക്കുമടക്കം കോടതികളില്‍ നിലനില്‍ക്കുന്ന അസൗകര്യങ്ങള്‍ പരിഹരിക്കാന്‍ അടിസ്ഥാനസൗകര്യ വികസനത്തിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് ബില്ലുകളില്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."