മില്‍മയുടെ വാന്‍ സ്കൂട്ടറില്‍ തട്ടി സ്കൂട്ടര്‍ യാത്രികരായ വൃദ്ധ ദമ്പതികള്‍ക്ക് മര്‍ദനം, വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍
കരുനാഗപ്പള്ളി: മില്‍മാ വാന്‍ സ്കൂട്ടറില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടക്ക് സ്കൂട്ടര്‍ യാത്രികരായ വൃദ്ധ ദമ്പതികളെ വാന്‍ ഡ്രൈവര്‍ മര്‍ദിച്ചു.
സംഭവത്തില്‍ മില്‍മാ വാന്‍ ഡ്രൈവര്‍ വള്ളിക്കാവ് കോന്തിശ്ശേരില് അനിലി (42)നെ കരുനാഗപ്പള്ളി പൊലിസ് കസ്റ്റഡിയിലെടുത്തു. തഴവാ കടത്തൂര്‍ ചക്കാല വടക്കതില്‍ കവി ദാസന് (68), ഭാര്യ സരസ്വതി (60) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരുക്കേറ്റ കവിദാസനെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയായിരുന്നു സംഭവം. മരുതൂര്‍ക്കുളങ്ങരയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങി വരികയായിരുന്നു ദമ്പതികള്‍. ദേശീയപാത പുതിയകാവിലെത്തിയപ്പോള് ചക്കുവളളി റോഡില്‍ നിന്നും ദേശീയ പാതയിലേക്ക് കയറിയ മില്‍മാ പാലുമായെത്തിയ വാന്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ തട്ടി. ഉടന്‍ ദമ്പതികളുടെ നേര്‍ക്ക് അസഭ്യവര്‍ഷം ചൊരിഞ്ഞ് വാഹനത്തില്‍ നിന്നും ഇറങ്ങിയ ഡ്രൈവര്‍ കവിദാസിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തടയാനെത്തിയ ഭാര്യ സരസ്വതിക്കും മര്‍ദനമേറ്റു.
സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ദമ്പതികളെ രക്ഷപെടുത്തിയത്. കരുനാഗപ്പള്ളിയില്‍ നിന്നും അഡീ. എസ്.ഐ രമേശിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തിയാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. സംഭവത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.പുതിയകാവ് മില്‍മാ സൊസൈറ്റിയിലേക്ക് കൊണ്ടു പോകുകയായിരുന്ന പാല് മറ്റൊരു ഡ്രൈവറെ വരുത്തി യഥാസ്ഥലത്തെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."