കള്ളപ്പണം: കേന്ദ്രസര്‍ക്കാര്‍ നടപടി പ്രയോജനം ചെയ്യില്ലെന്നു വിദഗ്ധര്‍
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതുകൊണ്ടു കള്ളപ്പണ ഇടപാടുകളെ തകര്‍ക്കാനോ അവ തിരികെ കൊണ്ടുവരാനോ കഴിയില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിദേശബാങ്കുകളില്‍ നിക്ഷേപമുള്ളവരെ നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടി യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അംബാനിമാരടക്കം ആയിരത്തിലേറെ ഇന്ത്യക്കാര്‍ക്ക് സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുണ്ടെന്ന് കഴിഞ്ഞവര്‍ഷം രാജ്യാന്തര അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മ റിപ്പോര്‍ട്ട്‌ചെയ്തിരുന്നു.
2,50,000 കോടി രൂപയാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ എച്ച്.എസ്.ബി.ഐ ബാങ്കിലെ മാത്രം കള്ളപ്പണനിക്ഷേപം. വിദേശരാജ്യങ്ങളിലെ മൊത്തം കള്ളപ്പണത്തിന്റെ യഥാര്‍ഥ കണക്ക് എത്രയെന്ന് സര്‍ക്കാരിനു പോലും അറിയില്ല.
50,000 കോടി ഡോളര്‍ കള്ളപ്പണമുണ്ടെന്നായിരുന്നു 2012ല്‍ പാര്‍ലമെന്റിനെ സര്‍ക്കാര്‍ അറിയിച്ചത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 20 ശതമാനം കള്ളപ്പണമാണ് എന്നാണ് കണക്ക്. വിദേശത്തെ നിക്ഷേപമാവട്ടെ ഇന്ത്യന്‍ രൂപകളിലുമല്ല. ഡോളര്‍, ഓഹരികള്‍, കടപ്പത്രങ്ങള്‍ എന്നിങ്ങനെയാണ് നിക്ഷേപിക്കപ്പെട്ടത്. അതിനാല്‍ ഇന്ത്യന്‍ കറന്‍സികള്‍ പിന്‍വലിക്കപ്പെട്ടത് ഇവയെ ഒരുനിലയ്ക്കും ബാധിക്കുകയുമില്ല. ഇന്ത്യയില്‍ തന്നെ നിയമവിരുദ്ധ സമ്പാദ്യമുള്ളവര്‍ റിയല്‍ എസ്റ്റേറ്റിലും സ്വര്‍ണത്തിലുമാണ് നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. കറന്‍സിയായി കള്ളപ്പണം സൂക്ഷിക്കുന്നവര്‍ മൊത്തം കള്ളപ്പണത്തിന്റെ അഞ്ചുശതമാനത്തില്‍ താഴെ മാത്രമെ വരൂവെന്നാണ് കണക്ക്. അതിനാല്‍ ഇപ്പോഴത്തെ നടപടി ചെറിയമീനുകളെ മാത്രമെ ബാധിക്കൂവെന്ന് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. അഭിരൂപ് സര്‍ക്കാര്‍ പറഞ്ഞു.
മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരിക്കെ 70കളില്‍ സര്‍ക്കാര്‍ നോട്ടുകള്‍ പിന്‍വലിച്ചെങ്കിലും അവ കള്ളപ്പണത്തെ നേരിടാന്‍ സഹായകരമായിരുന്നില്ല. തന്നെയുമല്ല, കള്ളനോട്ട് വിപണി പെട്ടെന്നു സജീവമാവുകയായിരുന്നുവെന്നും സാമ്പത്തികമേഖലയിലുള്ളവര്‍ പറയുന്നു. അതിനു മുന്‍പ് സ്വതന്ത്രപൂര്‍വ ഇന്ത്യയില്‍ 1946ല്‍ പതിനായിരത്തിന്റെ നോട്ട് പിന്‍വലിച്ചിരുന്നു.
എന്നാല്‍, പിന്‍വലിച്ച സമയങ്ങളില്‍ കള്ളനോട്ട് അടങ്ങിയെങ്കിലും പിന്നാലെ തകൃതിയായി അവ പെരുകുകയായിരുന്നു. അക്കാലത്ത് 15 ശതമാനം നോട്ടുകള്‍ മാത്രമാണ് ബാങ്കുകളിലെത്തി മാറ്റിയെടുക്കപ്പെട്ടതെന്നാണ് കണക്ക്. ബാക്കി 85 ശതമാനം നോട്ടുകളും നിയമവിരുദ്ധമായതിനാല്‍ അവ മാറ്റിയതുമില്ല.
ഇന്ത്യയിലാകെ റിസര്‍വ് ബാങ്കിന്റെ കണക്കുപ്രകാരം 1,650 കോടി എണ്ണം 500 ന്റെ നോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതിന്റെ മൂല്യം 8,25,000 കോടി രൂപവരും. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ വിതരണം ചെയ്യപ്പെട്ട മൊത്തം തുകയുടെ 45 ശതമാനം മാത്രമെ ഇത് വരൂ. 1,000 രൂപയുടെ 670 കോടി എണ്ണം നോട്ടുകളാണു വിപണിയിലുണ്ടായിരുന്നത്. ഇതിന്റെ മൂല്യം 6,70,000 കോടി രൂപയും വരും.
ഇതാവട്ടെ മൊത്തം വിപണി നടന്ന തുകയുടെ 39 ശതമാനമാണ്. കഴിഞ്ഞദിവസം പിന്‍വലിക്കപ്പെട്ട 500, 1000 നോട്ടുകളുടെ ആകെ മൂല്യം 14,95,000 കോടിരൂപയാണ്.
നിലവില്‍ കടലാസിന്റെ വിലമാത്രമുള്ള ഇത്രയും തുക ബാങ്കുകളും മറ്റുംമുഖേന 50 ദിവസത്തിനുള്ളില്‍ മാറ്റപ്പെടുമോയെന്നാണ് സാമ്പത്തിക മേഖലയിലുള്ളവര്‍ ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."