ഖാദി ബോര്‍ഡില്‍ സമ്പൂര്‍ണ നവീകരണം ഉടന്‍
കണ്ണൂര്‍: ഖാദി ബോര്‍ഡില്‍ സമ്പൂര്‍ണ നവീകരണം നടപ്പാക്കുമെന്ന് സംസ്ഥാന ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന്റെ ആവശ്യത്തിനുള്ള ഖാദി വസ്ത്രങ്ങള്‍ ഇപ്പോള്‍ സംസ്ഥാന ഖാദി ബോര്‍ഡിനു നിര്‍മിക്കാനാവുന്നില്ല. ഇത് മറികടക്കാന്‍ ഖാദി വസ്ത്രങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിക്കും.
സമ്പൂര്‍ണമായി ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി തൊഴിലുപകരണങ്ങള്‍ അടിമുടിമാറ്റുമെന്നും പുതുതായി 5000 പേര്‍ക്ക് കൂടി ഖാദി കേന്ദ്രങ്ങളില്‍ തൊഴില്‍ നല്‍കുമെന്നും എം.വി ബാലകൃഷ്ണന്‍ പറഞ്ഞു.
ഖാദി മേഖലയില്‍ ജൂണ്‍ 30 വരെയുള്ള വേതന കുടിശിക പൂര്‍ണമായും നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ള മൂന്നു മാസത്തെ കുടിശിക ഉടനെ കൊടുത്തുതീര്‍ക്കും. ശമ്പളം മാസം തോറും കൃത്യമായി നല്‍കാന്‍ ഖാദി ബോര്‍ഡ് പദ്ധതി തയാറാക്കിയിട്ടുണ്ട്. സാങ്കേതിക വിദഗ്ധരെക്കൂടി ഉള്‍പ്പെടുത്തിയാണ് ഖാദി ബോര്‍ഡിലെ നവീകരണം സാധ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഖാദി തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഖാദി കേന്ദ്രങ്ങള്‍ക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം ലഭ്യമാക്കുവാന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും എം.വി ബാലകൃഷ്ണന്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഖാദി ബോര്‍ഡ് ഡയരക്ടര്‍ എം. സുരേഷ് ബാബു, പയ്യന്നൂര്‍ ഖാദി കേന്ദ്രം പ്രൊജക്ട് ഓഫിസര്‍ എന്‍. നാരായണന്‍, കണ്ണൂര്‍ ഖാദി കേന്ദ്രം മാനേജര്‍ ടി.സി മാധവന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."