നെല്‍കൃഷി കൈവിട്ട് കുട്ടനാട്ടിലെ കര്‍ഷകര്‍; കൃഷി 27000 ഹെക്ടറില്‍ മാത്രം
ഹരിപ്പാട്: മുന്‍കാലങ്ങളില്‍ 38000 ഹെക്ടറില്‍ പുഞ്ചകൃഷിയിറക്കിയിരുന്ന കുട്ടനാട്ടില്‍ ഗണ്യമായി കൃഷിയില്‍ നിന്നും കര്‍ഷകര്‍ പടിയിറങ്ങുന്നതായാണ് സൂചന. പല കാരണങ്ങളാല്‍ പതിനായിരത്തോളം ഹെക്ടറിലാണ് കൃഷി മുടങ്ങുന്നത്.
തരിശു നിലങ്ങളില്‍ കൃഷിയിറക്കുന്നതിനു ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും എത്രത്തോളം ഫലം കാണുമെന്ന് ഉറപ്പില്ല. സാധാരണ തുലാമാസം ആദ്യവാരത്തില്‍ തന്നെ പുഞ്ചപ്പാടങ്ങളില്‍ വിതയിറക്ക് ആരംഭിക്കും. എന്നാല്‍ ഇക്കുറി മാസം അവസാനിക്കാറാകുമ്പോഴും വിതയിറക്ക് വേണ്ടത്ര പുരോഗമിച്ചിട്ടില്ല.
കുട്ടനാടിന്റെ വടക്കന്‍ മേഖലകളില്‍ രണ്ടാംകൃഷി വിളവെടുപ്പില്‍ വന്ന കാലതാമസവും ഒപ്പം നെല്ല് സംഭരണത്തില്‍ വന്ന അലംഭാവവും വിതയിറക്കിനെ സാരമായി ബാധിച്ചിട്ടുണ്ട്. മാത്രമല്ല കുട്ടനാടന്‍ കര്‍ഷകരില്‍ മുപ്പതു ശതമാനം വരുന്ന കര്‍ഷകര്‍ക്ക് ഇതുവരെ വിത്ത് ലഭ്യമായിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു.
എഴുപതു ശതമാനത്തോളം കര്‍ഷകര്‍ സംസ്ഥാന സീഡ് അതോറിറ്റിയില്‍ നിന്നും വിത്ത് ലഭ്യമാക്കിയപ്പോള്‍ മുപ്പതു ശതമാനത്തോളം കര്‍ഷകര്‍ നാഷണല്‍ സീഡ് കോര്‍പറേഷന്‍,കര്‍ണാടക സീഡ് അതോറിറ്റി എന്നിവരെയാണ് വിത്തിനായി ആശ്രയിച്ചത്. ഇവര്‍ക്ക് ഇതുവരെ വിത്ത് ലഭിച്ചിട്ടില്ലെന്ന് ഭൂരിപക്ഷം കര്‍ഷകരും പറയുന്നു.
മുന്‍കാലങ്ങളില്‍ കൃഷിഭവനുകളുടെ അനുമതിയോടെ പാടശേഖര സമിതികള്‍ അന്യ സംസ്ഥാന സീഡ് അതോറിറ്റികളില്‍ നിന്നും നേരിട്ടു വിത്തു സംഭരിക്കുന്ന രീതിയായിരുന്നു കൈക്കൊണ്ടിരുന്നത്. എന്നാല്‍ കൃഷിഭവനുകള്‍ അന്യ സംസ്ഥാന വിത്ത് സംഭരിച്ചു വിതരണം ചെയ്യുന്നതിനുള്ള അനുമതി സ്വകാര്യഏജന്‍സികള്‍ക്ക് നല്‍കിയതോടെയാണ് വിത്ത് ലഭ്യത പ്രതിസന്ധിയിലായത്. ഇനി വിത്ത് എത്തിയാല്‍ തന്നെ വെയിലില്‍ ഉണക്കി സജ്ജമാക്കുന്നതിനു തന്നെ ദിവസങ്ങള്‍ വേണ്ടി വരും.
ശേഷംവിതയിറക്കുമ്പോഴേക്കും ആഴ്ചകള്‍ തന്നെ നീണ്ടു പോകും. വിത താമസിക്കുന്നതിന് അനുസരിച്ച് വിളവെടുപ്പും പ്രതിസന്ധിയിലാകുമെന്ന പൂര്‍ണ്ണ വിശ്വാസവും കര്‍ഷകര്‍ക്കുണ്ട് .ഒരേ സമയം വിതയിറക്കുന്നത് വഴി വിളവെടുപ്പു വേളയിലുണ്ടാകുന്ന കൊയ്ത്തു യന്ത്രങ്ങളുടെ ദൗര്‍ലഭ്യവും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും കര്‍ഷകരെ പ്രതിസന്ധിയിലാക്കും. ഇതൊഴിവാക്കുന്നതിന് കൃഷിയുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ കര്‍ഷകര്‍ അവസരോചിതമായി ഇടപെടാറാണ് പതിവ്.
കുട്ടനാട്ടില്‍ പതിനായിരത്തോളം ഹെക്ടര്‍ തരിശു കിടക്കുന്നതിനും കര്‍ഷകര്‍ക്ക് വ്യക്തമായ കാരണങ്ങളുണ്ട് ബോധിപ്പിക്കാന്‍. കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ച് ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും കുട്ടനാടിന്റെ തെക്കന്‍ മേഖലകളിലെ പാടശേഖരങ്ങളുടെ സംരക്ഷണത്തിന് യാതൊരു നടപടിയുമില്ല. കായല്‍ നിലങ്ങളൊഴിച്ചാല്‍ തെക്കന്‍ കുട്ടനാട്ടില്‍ ഏറ്റവും വിസ്തൃതമായ പാടശേഖരങ്ങളുള്ളത് തകഴി പഞ്ചായത്തിലാണ്. രണ്ടു വര്‍ഷം മുമ്പ് തകഴി പഞ്ചായത്തില്‍ കളക്ടറുടേയും ,,എം.എല്‍.എയുടേയും സാന്നിദ്ധ്യത്തില്‍ കൂടിയ പാക്കേജ് അവലോകന യോഗത്തില്‍ തകഴിയിലെ പാടശേഖരങ്ങളുടെ പുറം ബണ്ടു നിര്‍മ്മിച്ച് കൃഷിസംരക്ഷണത്തിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അവ ചുവപ്പു നാടയില്‍ കുരുങ്ങുകയാണുണ്ടായതെന്നും കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."