22ാം കിരീടം ലക്ഷ്യമിട്ട് 179 അംഗ സംഘവുമായി കേരളം
കോയമ്പത്തൂര്‍: നാളെയുടെ ഒളിംപിക്‌സ് സ്വപ്നങ്ങളിലേക്ക് പറന്നുയരാന്‍ രാജ്യത്തെ കൗമാര കായിക താരങ്ങള്‍ ഇന്നു ട്രാക്കിലേക്ക്. 32ാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനു ഇന്ന് ഗോപാലപുരം നെഹ്‌റു സ്റ്റേയത്തില്‍ തുടക്കമാവും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നിന്നായി 3000 ലേറെ കായിക താരങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. 179 അംഗ ജംബോ സംഘവുമായാണ് തുടര്‍ച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ട് കേരളം കോയമ്പത്തൂരില്‍ എത്തിയിരിക്കുന്നത്. കേരളം ലക്ഷ്യം വയ്ക്കുന്നത് ജൂനിയര്‍ അത്‌ലറ്റിക്ക് മേളയുടെ ചരിത്രത്തിലെ 22ാം കിരീട നേട്ടം കൂടിയാണ്. 86 പെണ്‍കുട്ടികളും 93 ആണ്‍കുട്ടികളും ഉള്‍പ്പെട്ടതാണ് കേരള സ്‌ക്വാഡ്.
180 അംഗ സംഘത്തെ പ്രഖ്യാപിച്ചെങ്കിലും ഉഷ സ്‌കൂളിലെ ഷഹര്‍ബാന സിദ്ദീഖ് പിന്മാറിയതോടെ അംഗ ബലത്തില്‍ ഒന്നു കുറഞ്ഞു. പ്രതികൂല കാലാവസ്ഥയെ തരണം ചെയ്തു വിമാനത്തില്‍ പറന്നിറങ്ങി കഴിഞ്ഞ തവണ റാഞ്ചിയില്‍ 403 പോയിന്റുമായാണ് കേരളം കിരീടം നേടിയത്. 25 സ്വര്‍ണം, 19 വെള്ളി, 16 വെങ്കലം കേരളം നേടി. ഹരിയാന രണ്ടും (355.5), തമിഴ്‌നാട് (319) മൂന്നും സ്ഥാനക്കാരായിരുന്നു. ഇത്തവണ മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനാവുമെന്ന് അസോസിയേഷന്‍ സെക്രട്ടറി പി.ഐ ബാബു പറഞ്ഞു. ഇന്നു രാവിലെ 7.30ന് അണ്ടര്‍ 20 ജൂനിയര്‍ വനിതകളുടെ 5000 മീറ്ററോടെയാണ് ട്രാക്ക് ഉണരുക. തുടര്‍ന്ന് അണ്ടര്‍ 20 ജൂനിയര്‍ പുരുഷന്‍മാരുടെ 5000 മീറ്റര്‍ നടക്കും. ഇരു ഫൈനലുകളിലും കേരളത്തിനു സ്വര്‍ണ പ്രതീക്ഷയുണ്ട്. വനിതകളില്‍ സാന്ദ്ര പി മാത്യുവും പുരുഷന്‍മാരില്‍ ഷെറിന്‍ ജോസഫും ധര്‍മരാജ് മുരുകേശനും ട്രാക്കിലിറങ്ങും. ആദ്യ ദിനത്തില്‍ 19 ഫൈനലുകള്‍ നടക്കും.
കേരളത്തിന്റെ സ്വര്‍ണ പ്രതീക്ഷകള്‍ക്ക് മിഴിവേകാന്‍ ദേശീയ ജൂനിയര്‍-സ്‌കൂള്‍ മീറ്റുകളിലെ മിന്നും താരങ്ങളായ കെ.എസ് അനന്ദു, ഡൈബി സെബാസ്റ്റ്യന്‍, സി ബബിത, അനുമോള്‍ തമ്പി, ലിസ്ബത്ത് കരോലിന്‍ ജോസഫ്, ഐശ്വര്യ പി.ആര്‍, ഗായത്രി ശിവകുമാര്‍, അപര്‍ണ റോയ്, അഞ്ജലി പി.ഡി, മേഘ മറിയം മാത്യു, അഭിനവ് സി, പ്രണവ് കെ.എസ് തുടങ്ങിയവര്‍ ട്രാക്കിലും ഫീല്‍ഡിലും മാറ്റുരയ്ക്കും. പാലക്കാട് നടത്തിയ പരിശീലന മികവുമായാണ് താരങ്ങള്‍ കോയമ്പത്തൂരില്‍ എത്തിയിരിക്കുന്നത്. പാലക്കാട്ടെ കനത്ത ചൂടിലെ പരിശീലനം കോയമ്പത്തൂരിലെ ചൂടേറിയ കാലാവസ്ഥയെ മറികടക്കാന്‍ കേരള താരങ്ങള്‍ക്ക് ഊര്‍ജമേകുന്നതാണ്. 159 സ്‌ക്വാഡിനെ തയ്യാറാക്കിയിട്ടുള്ള തമിഴ്‌നാടും കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പായ ഹരിയാനയുമാണ് കേരളത്തിന്റെ പ്രധാന വെല്ലുവിളി.
കേരളം വന്നത് കടം വാങ്ങി
എന്നു തീരും കേരള താരങ്ങളോടുള്ള സര്‍ക്കാരിന്റെ അവഗണന. അത്‌ലറ്റിക്ക് അസോസിയേഷന്‍ കേരളത്തിന്റെ കായിക താരങ്ങളെയുമായി എത്തിയത് കടം വാങ്ങിയ പണവുമായി. 200 അംഗ സംഘത്തിനു ഒരു ദിവസം 80,000 രൂപയാണ് ഭക്ഷണ ചെലവ്. പരിശീലനം ഉള്‍പ്പടെ ആകെ 12 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ആറു ലക്ഷം രൂപ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മേള കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ നല്‍കുമെന്നാണ് വാഗ്ദാനം. പലരില്‍ നിന്നായി കടം വാങ്ങിയ തുകയുമായാണ് അസോസിയേഷന്‍ ഭാരവാഹികള്‍ കോയമ്പത്തൂരിലേക്ക് എത്തിയിരിക്കുന്നത്. മേള കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ തുക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അസോസിയേഷന്‍. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഈ തുക മുന്‍കൂറായി അനുവദിച്ചിരുന്നെങ്കില്‍ സഹായകരമാകുമായിരുന്നു. തുടര്‍ച്ചയായി കൗമാര കായിക കിരീടം ചൂടുന്ന കേരള താരങ്ങളോടുള്ള ഭരണക്കാരുടെ അവഗണന തുടരുന്നതിന്റെ തെളിവാണിത്.
പാലക്കാട്ടെ പരിശീലനത്തിനും താമസത്തിനുമായി ഒരു താരത്തിന് 500 രൂപയാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അനുവദിച്ചത്. മത്സരത്തില്‍ പങ്കെടുക്കുന്ന ദിനങ്ങളില്‍ 400 രൂപയാണ് ഭക്ഷണ ചെലവായി നല്‍കാമെന്നാണു വാഗ്ദാനം. മൂന്ന് കെ.എസ്.ആര്‍.ടി ബസുകളിലായിരുന്നു സംഘം കോയമ്പത്തൂരില്‍ എത്തിയത്. പെണ്‍കുട്ടികള്‍ക്ക് സ്റ്റേഡിയത്തിനു സമീപം പൊലിസ് ക്വാര്‍ട്ടേഴ്‌സിലും ആണ്‍കുട്ടികള്‍ക്ക് 14 കിലോ മീറ്റര്‍ അകലെ കല്യാണ മണ്ഡപത്തിലുമാണ് താമസ സൗകര്യം ലഭിച്ചത്. ആണ്‍കുട്ടികളെ സ്റ്റേഡിയത്തിനു സമീപം ഹോട്ടലുകളില്‍ ഒരു ബെഡിന് 250 രൂപ വീതം വാടക നല്‍കിയാണ് താമസിപ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്കായി 50 രൂപ വീതം ദിവസ വാടക നല്‍കി കിടക്കകള്‍ വാടകയ്‌ക്കെടുക്കേണ്ടി വന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ 200 ട്രാക്ക് സ്യൂട്ടുകള്‍ നല്‍കുന്നതിനു മഹാമനസ്‌കത കാട്ടി.
വില്ലനായി വിലയില്ലാത്ത കറന്‍സി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കോയമ്പത്തൂരില്‍ എത്തിയ കായിക താരങ്ങള്‍ക്കും ഒഫിഷ്യല്‍സിനും ഇന്നലെ ദുരിത ദിനം. നിരോധനം അറിഞ്ഞ് മുന്‍കൂട്ടി 100, 50 രൂപ നോട്ടുകളുമായി എത്തിയ കേരളം മാത്രം രക്ഷപ്പെട്ടു. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതറിയാതെ എത്തിയവര്‍ ഭക്ഷണം കഴിക്കാനാവാതെ വലഞ്ഞു.
നഗരത്തിലെ വമ്പന്‍ ഹോട്ടലുകള്‍ തുടങ്ങി ചെറിയ പെട്ടി കടകളുടെ മുന്‍പില്‍ വരെ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന പോസ്റ്ററുകള്‍ പതിച്ചിരുന്നു. ഭക്ഷണം കഴിച്ച ശേഷം 500 രൂപയുടെ നോട്ടു നല്‍കിയ താരങ്ങളെ കച്ചവടക്കാര്‍ കൈ വയ്ക്കുന്ന സ്ഥിതി വരെയെത്തി.
നോട്ടുകള്‍ പിന്‍വലിച്ചത് അറിഞ്ഞതോടെ കേരള അത്‌ലറ്റിക്ക് അസോസിയേഷന്‍ സെക്രട്ടറി പി.ഐ ബാബു 50000 രൂപയുടെ 50,100 രൂപ നോട്ടുകള്‍ കോതമംഗലം മാര്‍ത്തോമ്മ ചെറിയ പള്ളിയില്‍ നിന്നാണ് സംഘടിപ്പിച്ചത്. 60 ലക്ഷം രൂപയാണ് തമിഴ്‌നാട് സര്‍ക്കാര്‍ മേളയുടെ നടത്തിപ്പിനായി നല്‍കിയിരുന്നത്.
ഇതിനു പുറമേ സ്ഥലം എം.എല്‍.എ എട്ടു ലക്ഷവും നല്‍കി. എന്നാല്‍, തമിഴ്‌നാട് താരങ്ങള്‍ക്കും ഒഫിഷ്യല്‍സിനും സംഘാടകര്‍ക്കും മാത്രമാണ് ഭക്ഷണം ഒരുക്കിയത്. ചില്ലറയില്ലാതെ ഇതര സംസ്ഥാന താരങ്ങളും ഒഫിഷ്യല്‍സും വലഞ്ഞത് പ്രതിഷേധത്തിനു ഇടയാക്കിയതോടെ പണം കൊടുത്തു ഭക്ഷണം കഴിക്കാനുള്ള കാന്റീന്‍ സൗകര്യം ഒരുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."