കരിപ്പൂരില്‍ രണ്ട് എയ്‌റോ ബ്രിഡ്ജുകള്‍ കൂടി സ്ഥാപിക്കുന്നു
കൊണ്ടോട്ടി: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കു വിമാനത്തില്‍ നിന്നു മഴയും വെയിലും മഞ്ഞും ഏല്‍ക്കാതെ ടെര്‍മിനലില്‍ കടക്കുന്നതിനായി രണ്ടു എയ്‌റോ ബ്രിഡ്ജുകള്‍ കൂടി സ്ഥാപിക്കുന്നു. നിലവിലുള്ള ടെര്‍മിനലിനോടു ചേര്‍ന്നു മൂന്ന് എയ്‌റോബ്രിഡ്ജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെയാണു രണ്ടെണ്ണം കൂടി ഒരുക്കുന്നത്.
മൂന്നു വര്‍ഷം മുമ്പു നിര്‍മിച്ച റണ്‍വെ ഏപ്രണും പുതിയ ടെര്‍മിനലുമായി ബന്ധിപ്പിച്ചാണു രണ്ടു എയ്‌റോബ്രിഡ്ജുകള്‍ സ്ഥാപിക്കുന്നത്.
രണ്ടു വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണു പുതിയ ഏപ്രണിനുള്ളത്. ഇതു പ്രവര്‍ത്തനക്ഷമമാക്കാനുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ(ഡി.ജി.സി.എ)ഉത്തരവു കരിപ്പൂരിലെത്തിയിട്ടുണ്ട്.
ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ എയ്‌റോബ്രിഡ്ജുകള്‍ പ്രവര്‍ത്തനക്ഷമമാക്കും. വിമാനത്താവളത്തിനു കിഴക്ക് ഭാഗത്തു നിലവിലെ ടെര്‍മിനലിനോടു ചേര്‍ന്നാണു പുതിയ ടെര്‍മിനല്‍ ഒരുക്കുന്നത്. വിമാനത്താവള വികസനത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ടെര്‍മിനല്‍ നിര്‍മാണം. 17,000 ചതുരശ്ര മീറ്ററില്‍ രണ്ടു നിലയായാണു ടെര്‍മിനല്‍ ഒരക്കുന്നത്. 85.5 കോടി ചിലവില്‍ ഹരിത ടെര്‍മിനലായാണ് ഒരുക്കുന്നത്. ഇതിനോടു ചേര്‍ത്താണ് പുതിയ എയ്‌റോ ബ്രിഡ്ജുകള്‍ സ്ഥാപിക്കുന്നത്.
പുതിയ റണ്‍വെ ഏപ്രണില്‍ മാര്‍ക്കിങും എയ്‌റോബ്രിഡ്ജുകളുടെ നിര്‍മാണവും പൂര്‍ത്തിയായാല്‍ മാത്രമേ വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി അനുമതി നല്‍കുകയുള്ളൂ. എയ്‌റോ ബ്രിഡ്ജ് നിര്‍മാണം മൂന്നു മാസത്തിനുളളില്‍ പൂര്‍ത്തിയാക്കാനാണു പദ്ധതി. ഏപ്രില്‍ മുതല്‍ ആരംഭിക്കുന്ന വേനല്‍ക്കാല ഷെഡ്യൂളില്‍ ജെറ്റ് എയര്‍, സ്‌പെയ്‌സ് ജെറ്റ്, ഇത്തിഹാദ് എയര്‍, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് എന്നിവ പുതിയ സര്‍വിസുകള്‍ ആരംഭിക്കുന്നുണ്ട്.
ഇതോടെ നിലവിലുളള ഏപ്രണില്‍ വിമാനങ്ങള്‍ നിര്‍ത്താന്‍ സൗകര്യമില്ലാതെ വരും. എന്നാല്‍ പുതിയ ഏപ്രണ്‍ പ്രയോജനപ്പെടുത്തിത്തുടങ്ങിയാല്‍ സൗകര്യം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."