'നൂറി'നായി പരക്കംപാച്ചില്‍
500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ചില്ലറകള്‍ ലഭിക്കുന്ന സ്ഥലങ്ങള്‍ക്കായി ആളുകള്‍ പരക്കംപായുന്ന കാഴ്ച്ച ജില്ലയുടെ മിക്ക സ്ഥലങ്ങളിലും കാണാമായിരുന്നു. ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, കെ.എസ്.ആര്.ടി.സി തുടങ്ങി പണമിടപാട് നടത്തുന്ന വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പെട്രോള്‍ പമ്പുകളിലേക്കും ആളുകള്‍ കൂട്ടമായി എത്തിക്കൊണ്ടിരുന്നു.
ആള്‍ത്തിരക്ക് വര്‍ധിച്ചതോടെ റെയില്‍വെ സ്റ്റേഷനിലെ ടികറ്റ് വിതരണം മുടങ്ങി. എറണാകുളം നോര്‍ത്ത്, സൗത്ത് റെയ്ല്‍വെ സ്റ്റേഷനുകളിലാണ് ആളുകള്‍ ചില്ലറ തേടിയെത്തിയത്. പലരും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുമായാണ് റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിയത്. ചില്ലറ മാറുന്നതിനായി പലരും പത്ത് രൂപയുടെ പ്ലാറ്റ് ഫോം ടിക്കറ്റ് മുതല്‍ ഹ്രസ്വദൂര ടിക്കറ്റുകള്‍ വരെയെടുത്തു. ഇത് അനുവദിക്കില്ലെന്ന് പറഞ്ഞത് നേരിയ വാക്കു തര്‍ക്കത്തിനും കാരണമായി.
തുടര്‍ന്ന് ട്രൈയിനിന്റെ ടിക്കറ്റ് വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ചില്ലറ ക്ഷാമം പരിഹരിക്കുന്നതിന് എസ്.ബി.ഐയുടെ സഹായം തേടാനാണ് സൗത്ത് റെയില്‍വേ സ്റ്റേഷന് അധികൃതരുടെ നീക്കം. മെഡിക്കല്‍ സ്റ്റോറുകളിലും ചില്ലറ ക്ഷാമം രൂക്ഷമായതോടെ പലരും ഉച്ചയോടെ കട അടച്ചു.
ചെറിയ പണം ഇടപാടുകള്‍ക്ക് പലരും ഇന്നലെ ആശ്രയിച്ചത് പോസ്റ്റ് ഓഫീസിനെയാണ്. എന്നാല്‍ തിരക്കും ചില്ലറ ക്ഷാമവും രൂക്ഷമായതോടെ ഇവിടത്തെയും പ്രവര്‍ത്തനം നിലക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."