മല്‍സ്യഫെഡ് നിയമനങ്ങളും പ്രവര്‍ത്തനങ്ങളും അന്വേഷിക്കുന്നു
ആലപ്പുഴ: മല്‍സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും മല്‍സ്യമേഖലയുടെ സമഗ്ര പുരോഗതിക്കുമായി രൂപീകൃതമായ മല്‍സ്യഫെഡ് പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. സംസ്ഥാനത്തെ ഒന്‍പതു ജില്ലകളിലായി വ്യാപിച്ചു കിടിക്കുന്ന ഫെഡിന്റെ 2012 മുതലുള്ള പ്രവര്‍ത്തനങ്ങളിലെ അഴിമതിയും അനധികൃത നിയമനവും അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടുകഴിഞ്ഞു.
ഫിഷറീസ് വകുപ്പിന്റെ ദക്ഷിണ മേഖല ജോയിന്റ് ഡയറക്ടര്‍ തലവനായുള്ള 11 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. 2011 മുതല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലുണ്ടായിരുന്ന മല്‍സ്യഫെഡില്‍ 2015 ഫെബ്രുവരിയിലാണു കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതി അംഗവും ധീവരസഭ ജനറല്‍ സെക്രട്ടറിയുമായ വി. ദിനകരന്‍ ചെയര്‍മാനായി സ്ഥാനമേറ്റത്. ഇക്കാലയളവില്‍ മികച്ച പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടു ദേശീയ അവാര്‍ഡുകളും ഒരു അന്തര്‍ദേശീയ അവാര്‍ഡും മല്‍സ്യഫെഡിന് ലഭിച്ചിട്ടുണ്ടെന്നു നിലവിലെ ഭരണസമിതി തങ്ങളുടെ മേന്മയായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നാല്‍ ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചതു യു.ഡി.എഫ് അനുകൂല ഭരണസമിതിയെ പിരിച്ചു വിടാനാണെന്നാണു പൊതുവെയുള്ള വിലയിരുത്തല്‍. ആക്ട് 65 പ്രകാരം വകുപ്പുതല അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ സംഘത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു കഴിഞ്ഞു. യു.ഡി.എഫ് അധികാരത്തിലുള്ള ഭരണസമിതിയെ പുകയ്ക്കാനുള്ള നീക്കത്തില്‍ ദുരൂഹതയുണ്ടെന്നു ചെയര്‍മാന്‍ വി. ദിനകരന്‍ പറഞ്ഞു.
ഇപ്പോള്‍ നാലു ജില്ലകളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ സംഘത്തിനു പരാതിക്ക് അടിസ്ഥാനമായ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല അടിസ്ഥാന യോഗ്യതയില്ലാത്തവരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി ഫെഡിന്റെ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണു സര്‍ക്കാര്‍ നടത്തുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പ്രാദേശിക സംഘങ്ങള്‍ മാത്രം പരിശോധിക്കാന്‍ യോഗ്യതയുള്ളവരാണു സംഘത്തിലുള്ളതെന്നും ആക്ഷേപമുണ്ട്.
അഴിമതി അന്വേഷിക്കാന്‍ ഉത്തരവിട്ട സര്‍ക്കാര്‍ അന്വേഷണ സംഘത്തിന്റെ ചെലവുകള്‍ മല്‍സ്യഫെഡ് വഹിക്കണമെന്ന നിര്‍ദേശമാണു വച്ചിട്ടുളളത്. തിരുവനന്തപുരം സ്വദേശിയും സി.പി.എം അനുഭാവിയുമായി പ്രാദേശിക സംഘം ജനറല്‍ സെക്രട്ടറി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണു പരാതി നല്‍കിയിട്ടുള്ളത്. ഇദ്ദേഹം മല്‍സ്യഫെഡിന്റെ 26 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതിയാണെന്നും ഈ തട്ടിപ്പില്‍ അന്വേഷണം നടന്നുവരികയാണെന്നും നിലവിലെ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."