മലയം ചൂഴാറ്റുകോട്ട തോട് മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു; കണ്ടില്ലെന്ന മട്ടില്‍ അധികൃതര്‍
മലയിന്‍കീഴ്: മലയം ചൂഴാറ്റുകോട്ട തോട് മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു. പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യതയുണ്ടായിട്ടു പോലും അധികൃതര്‍ നടപടിയെടുക്കാന്‍ തയാറായിട്ടില്ല.
വിളവൂര്‍ക്കല്‍ ,മലയിന്‍കീഴ് , പള്ളിച്ചല്‍ പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങളുടെ ആശ്രയമായ തോട് നിലവില്‍ മാലിന്യങ്ങളും വിസര്‍ജ്യങ്ങളും നിറഞ്ഞ സ്ഥിതിയിലാണ്.
മലയം മാര്‍ക്കറ്റിനു സമീപത്തെ വീടുകളിലെ കക്കൂസ് മാലിന്യങ്ങളും ഹോട്ടലുകളിലെയും അറവുശാലയിലെയും മാലിന്യങ്ങളും ഇവിടെയാണ് തള്ളുന്നത്. തോടിന്റെ ഇരുവശങ്ങളിലും കാടു പിടിച്ചു കിടക്കുന്നതിനാല്‍ ,വിസര്‍ജ്യം തള്ളുന്നതിന് വീടുകളില്‍ നിന്ന് തോട്ടിലേക്ക് ഇറക്കിവെച്ചിട്ടുള്ള പൈപ്പുകള്‍ ആരുടെയും ശ്രദ്ധയില്‍പെടില്ല.
മറ്റിടങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ വാഹനത്തില്‍ കയറ്റി ഇവിടെ കൊണ്ടു തള്ളാറുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. തോട്ടില്‍ പലയിടത്തും നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. ഇത് വെള്ളം കെട്ടിക്കിടന്നു കൊതുക് പെരുകുന്നതിന് കാരണമാകുന്നുണ്ട്. മാലിന്യങ്ങളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതുകാരണം ഇതുവഴിയുള്ള സഞ്ചാരം പോലും ദുരിതപൂര്‍ണമാണ് .
വിളവൂര്‍ക്കല്‍ ,മലയിന്‍കീഴ് , പള്ളിച്ചല്‍ പഞ്ചായത്തുകളിലെ ജലക്ഷാമത്തിന് പരിഹാരം കാണുന്നതിന് ചൂഴാറ്റുകോട്ട കേന്ദ്രമായി ജല സംഭരണി നിര്‍മിച്ചിരുന്നു.എന്നാല്‍ ഇവിടെ നിന്നും നിലവില്‍ കൃഷിക്ക് പോലും ജലം ശേഖരിക്കാനാകില്ലെന്നാണു പ്രദേശവാസികള്‍ പറയുന്നത് .
കേരളത്തെ വരള്‍ച്ചാ സംസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയത്ത് ജലസ്രോതസ്സുകളെ മലിനപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് എതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുകയും മാലിന്യ നിര്‍മാര്‍ജനം നടത്തി ജലസ്രോതസ്സുകളെ സംരക്ഷിക്കുകയും ചെയ്യാന്‍ അധികാരികള്‍ അടിയന്തിരമായി ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."