വാണിജ്യ കേന്ദ്രങ്ങള്‍ സ്തംഭിച്ചു
കോഴിക്കോട്: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ വ്യാപാര മേഖലയില്‍ മാന്ദ്യം. കോഴിക്കോട് പാളയത്തെ പച്ചക്കറി മാര്‍ക്കറ്റുകളും വലിയങ്ങാടിയും മിഠായിത്തെരുവിലുമെല്ലാം ഇന്നലെ നടന്നത് നാമമാത്രമായ കച്ചവടങ്ങള്‍. വന്‍കിട ജ്വല്ലറികളടക്കം സ്തംഭിച്ചു. മലബാറിലെ വാണിജ്യ കേന്ദ്രമായ വലിയങ്ങാടിയില്‍ ഇതുവരെയില്ലാത്ത വ്യാപാര മാന്ദ്യമാണ് ഇന്നലെ അനുഭവപ്പെട്ടത്. സ്ഥിരം ഇടപാടുകാരുടെ കച്ചവടമാണ് പ്രധാനമായും നടന്നത്. ചെക്ക് വഴിയുള്ള ഇടപാടിന് തടസം നേരിട്ടില്ല. സ്ഥിരം ഇടപാടുകാര്‍ക്ക് കടമായാണ് സാധനങ്ങള്‍ നല്‍കിയത്.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകളുമായാണ് ചെറുകിട വ്യാപാരികള്‍ വലിയങ്ങാടിയില്‍ എത്തിയത്. എന്നാല്‍ ഇവരില്‍ നിന്ന് നോട്ടുകള്‍ വാങ്ങാന്‍ മൊത്തവ്യാപാരികള്‍ തയാറായില്ല. പലരും സ്ഥിരം ഇടപാടുകാരായതിനാല്‍ ഒരാഴ്ചത്തെ അവധിയില്‍ സാധനങ്ങള്‍ നല്‍കുകയായിരുന്നു. നോട്ടുകള്‍ മരവിപ്പിച്ച തീരുമാനം കോഴിക്കോട്ടെ ജ്വല്ലറി മേഖലയെയും ബാധിച്ചു. ഡെബിറ്റ് കാര്‍ഡും ചെക്കും ഉപയോഗിച്ചുള്ള വ്യാപാരമാണ് കാര്യമായി നടന്നത്. ഇത് പതിവ് കച്ചവടത്തിന്റെ അഞ്ചുശതമാനം പോലുമാകില്ലെന്ന് കോഴിക്കോട്ടെ ഒരു വന്‍കിട ജ്വല്ലറി ഉടമ പറഞ്ഞു.
കല്യാണത്തിനും മറ്റുമായി സ്വര്‍ണമെടുക്കാനായി കടമെടുത്തും മറ്റുമെത്തിയവര്‍ 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സ്വീകരിക്കില്ലെന്നറിഞ്ഞതോടെ വലിയ ദുരിതത്തിലായി. കൂടാതെ പരിചയക്കാരുടെ ചെക്ക് മാത്രമേ സ്വീകരിക്കുന്നുള്ളൂ എന്നതും പലര്‍ക്കും തിരിച്ചടിയായി.
നഗരത്തില്‍ ഏറ്റവും കൂടുതല്‍ തുണിക്കടകള്‍ പ്രവര്‍ത്തിക്കുന്ന മിഠായിത്തെരുവിനെയും പ്രശ്‌നം ബാധിച്ചു. ചുരുങ്ങിയത് ഒരു ഷര്‍ട്ട് വാങ്ങാന്‍പോലും 500ന് മുകളില്‍ പണം ചെലവാക്കണമെന്നതിനാല്‍ ഒരിടത്തും കാര്യമായ വ്യാപാരം നടക്കാത്ത അവസ്ഥയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."