അവിശ്വാസ പ്രമേയത്തെച്ചൊല്ലി എല്‍.ഡി.എഫില്‍ ഭിന്നത രൂക്ഷം
കാസര്‍കോട്: എന്മകജെ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരേ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടതിനെ ചൊല്ലി എല്‍.ഡി.എഫില്‍ ഭിന്നത രൂക്ഷമാകുന്നു. ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരേ കൊണ്ടുവന്ന അവിശ്വാസപ്രമേയം സി.പി.എം പിന്തുണക്കാത്തതിനാല്‍ പരാജയപ്പെടുകയായിരുന്നു.
അതേ സമയം അവിശ്വാസത്തെ എല്‍.ഡി.എഫിലെ മറ്റൊരു ഘടകക്ഷിയായ സി.പി.ഐ പിന്തുണച്ചിരുന്നു. സി.പി.എമ്മിന്റെ നിലപാടു ബി.ജെ.പിയെ പിന്തുണച്ചതിനു തുല്യമാണെന്നാണ് സി.പി.ഐയുടെ ആരോപണം.
എന്മകജെ പഞ്ചായത്തില്‍ ബി.ജെ.പി ഭരണ സമിതിയെ താഴെയിറക്കാന്‍ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണു സി.പി.എമ്മിന്റെ നിസഹകരണം കാരണം പാളിയത്. അവിശ്വാസ പ്രമേയത്തിനുമേല്‍ ചര്‍ച്ചയും വോട്ടെടുപ്പും ചൊവ്വാഴ്ച നടക്കാനിരിക്കെ പതിനേഴംഗ ഭരണ സമിതിയിലെ ബി.ജെ.പിയുടെ ഏഴംഗങ്ങളും സി.പി.എമ്മിന്റെ രണ്ടംഗങ്ങളും യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
മുസ്ലിം ലീഗിന്റെ അംഗം വൈകിയെത്തിയതിനാല്‍ യോഗത്തിലേക്ക് പ്രവേശനം നിഷേധിച്ചു. ഇതോടെ അവിശ്വാസ പ്രമേയമവതരിപ്പിക്കാനുള്ള അംഗസംഖ്യ ഇല്ലാത്തതിനാല്‍ പ്രമേയം അവതരിപ്പിക്കുന്നത് റിട്ടേണിങ് ഓഫിസര്‍ റദ്ദാക്കി.
യു.ഡി.എഫിന് പഞ്ചായത്തില്‍ ഏഴ് അംഗങ്ങളാണുള്ളത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും ഏഴ് അംഗങ്ങള്‍ വീതം ആയതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് ഇവിടെ ബി.ജെ.പിക്കു ഭരണം ലഭിച്ചത്. ഒരാഴ്ച മുമ്പാണ് അവിശ്വാസ പ്രമേയത്തിനു യു.ഡി.എഫ് നോട്ടിസ് നല്‍കിയത്.
ഇതോടെ മൂന്നംഗ എ.ല്‍.ഡി.എഫിന്റെ നിലപാട് നിര്‍ണായകമായി. എന്നാല്‍ ആരെയും പിന്തുണക്കില്ലെന്ന മുന്‍ നിലപാടില്‍ സി.പി.എം ഉറച്ചു നിന്നതോടെ അവിശ്വാസ പ്രമേയം തള്ളി.
അവിശ്വാസനീക്കം പരാജയപ്പെട്ടതോടെ എല്‍.ഡി.എഫില്‍ വിവാദം മുറുകിയിരിക്കുകയാണ്.
ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള രഹസ്യ ധാരണമൂലമാണ് അവിശ്വാസനീക്കം പരാജയപ്പെട്ടതെന്നു യു.ഡി.എഫ് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."