അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സി നിരോധനം; വെട്ടിലായത് ഗ്രാമീണമേഖലയില്‍ അനധികൃതമായി പണം സമ്പാദിച്ചവര്‍
ആനക്കര: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് നിരോധനം അനധികൃതമായി പണം സമ്പാധിച്ചവരെ വെട്ടിലാക്കി. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം വന്നതോടെ ബാങ്കിലൂടെ അല്ലാതെ ഊഹ കച്ചവടത്തിലൂടെയും ബിനാമിയിലൂടെയും മറ്റും പണം സമ്പാധിച്ചവരാണ് പണം എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുന്നത്. രാത്രിയിലാണ് നിരോധന വിവരം നാട്ടുകാര്‍ അറിയുന്നത്. ഇതിനാല്‍ ഉള്ള പണം വിനിയോഗിക്കാനും കഴിഞ്ഞിട്ടില്ല.
പടിഞ്ഞാറന്‍ മേഖലയിലെ റിയല്‍ എസ്റ്റേറ്റ് മാഫിയ, ബ്ലെയ്ഡ് മാഫിയ, ചിട്ടികമ്പനി നടത്തുന്നവര്‍, അനധികൃതമായി സമ്പാധിച്ച പണം സൂക്ഷിച്ചവര്‍, വിവിധ നിയമനങ്ങളിലൂടെയും മറ്റും ലക്ഷങ്ങള്‍ സമ്പാധിച്ച സ്ഥാപന മാനേജ്‌മെന്റ് ഉടമകള്‍ ഉള്‍പ്പെടെയുളളവര്‍ വീട്ടിലാണ് പണം സൂക്ഷിക്കുന്നത്.
നിരോധനം വന്നതോടെ ഇവരും പരിഭ്രാന്തരായിരിക്കുകയാണ്. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രേഖാമൂലമുളള പണമല്ല ഉപയോഗിക്കുന്നത്. പലയിടത്തും കോടികള്‍ മുടക്കിയുളള ആഡംബര വീടുകളാണ് നിര്‍മിക്കപ്പെടുന്നത്.
ഇപ്പോള്‍ നിര്‍മ്മാണം നടത്തുന്ന പല വീടുകളും ഒരു കോടിക്ക് മുകളിലാണ് നിര്‍മ്മാണം നടക്കുന്നത്. ഇതിന് പുറമെ വില്ലകളുടെ നിര്‍മ്മാണം, കെട്ടിട നിര്‍മ്മാണം എന്നിവയും അനധീകൃത സമ്പാദ്യം ഉപയോഗിച്ച് നടക്കുന്നുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ വീടുകളില്‍ ഉപയോഗിക്കപ്പെടുന്ന വിവിധ ഇനത്തിലുളള ആഡംബരവാഹനങ്ങള്‍ എന്നിവയെല്ലാം രഹസ്യമായി നിരീക്ഷിക്കുന്നുണ്ട്. ഒരു വീട്ടീല്‍ രണ്ടും മൂന്നും കാറുകള്‍ ഉളളവരുമുണ്ട്.
വിവിധ ബന്ധുക്കളുടെ ബിനാമി പേരില്‍ സ്ഥലം വാങ്ങികൂട്ടിയവര്‍, സെന്റ് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന സ്ഥലങ്ങള്‍ ആധാരത്തില്‍ 20000 രൂപവരെ കാട്ടി സ്ഥലം രജിസ്റ്റര്‍ ചെയ്തവര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ നിരീക്ഷണത്തിലാണ്.
ഇവരുടെ പേരിലുളള ബാങ്ക് അക്കൗണ്ടുകളുടെ വരുമാനമാര്‍ഗ്ഗങ്ങള്‍ എന്നിവയും നിരീക്ഷപ്പെടുന്നുണ്ട്. വട്ട പൂജ്യത്തില്‍ തുടങ്ങി കോടികളുടെ ആസ്ഥയിലെത്തിവര്‍ വരെ ആനക്കര മേഖലയിലുണ്ട്. ലക്ഷങ്ങളുടെ കച്ചവടം നടത്തിയിട്ടും രേഖയില്‍ ദിവസം പതിനായിരം രൂപ പോലും കാണിക്കാത്തവരും നിരീക്ഷണപട്ടികയില്‍ ഇടം പിടിക്കുന്നുണ്ട്. പട്ടണങ്ങളില്‍ ഹവാല പണമുപയോഗിച്ചുളള കച്ചവടങ്ങള്‍ ശ്രദ്ധിക്കപ്പെടുമെന്നതിനാലാണ് ഇത്തരക്കാര്‍ ഗ്രാമീണ മേഖലയില്‍ താവളം തേടാന്‍ കാരണമായത്.
ഈ മേഖലയില്‍ വിവിധ ക്വാറികള്‍ നടത്തുന്നവരും പണത്തിന് വരവ് കാണിക്കാന്‍ കഴിയാത്തവരാണ്. ഈ ഭാഗങ്ങളില്‍ നൂറ്റമ്പത്ത് മുതല്‍ 200 പവന്‍ വരെയും പത്ത് ലക്ഷത്തിന് മുകളിലും കാറും സ്ത്രീധന തുക വേറെയും നല്‍കി വിവാഹം ആഡംബര പൂര്‍വ്വം നടത്തുന്നവരുമുണ്ട്. ഇവരുടെ വരുമാനത്തിന്റെ സാധ്യതയും നിരീക്ഷണത്തിലുണ്ട്.
പെട്രോള്‍ പമ്പ്, ആശുപത്രി ഉടമകള്‍ സാധാരണക്കാരെ വട്ടം കറക്കി
പാലക്കാട്/ആനക്കര: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം കാറ്റില്‍ പറത്തി, പെട്രോള്‍ പമ്പ്, ആശുപത്രി ഉടമകള്‍ നാട്ടുകാരെ വട്ടം കറക്കി. കള്ളപ്പണവും കള്ളനോട്ടും തടയുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിലൂടെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പെട്രോള്‍ പമ്പുകള്‍, ആശുപുത്രികള്‍ ഉള്‍പ്പെടെ തെരെഞ്ഞടുത്ത സ്ഥാപനങ്ങളില്‍ നിരോധിച്ച നോട്ടുകള്‍ എടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുപ്പിച്ചെങ്കിലും ഇത് പമ്പ് ഉടമകളോ ആശുപത്രി ഉടമകളോപാലിച്ചില്ല.
അഞ്ഞൂറു രൂപയുമായി പെട്രോള്‍ അടിക്കാന്‍ പമ്പില്‍ ചെന്നവരോട് മുഴുവന്‍ പണത്തിലും പെട്രോള്‍, ഡീസല്‍ നിറക്കാനാണ് ജീവനക്കാര്‍ പറഞ്ഞത്. 500, 1000 രൂപയുടെ നിരോധനം മൂലം ഗ്രാമങ്ങളിലെ കടകളില്‍ പോലും കച്ചവടങ്ങള്‍ നടന്നില്ല. അഞ്ഞൂറു രൂപയുമായി എത്തിയവര്‍ക്ക് സാധനങ്ങള്‍ കച്ചവടക്കാര്‍ കൊടുക്കാന്‍ തയ്യാറായിരുന്നില്ല. കുമ്പിടി ഉള്‍പ്പെടെ ഈ മേഖലയില്‍ ഏറ്റവും തിരക്കുളള മത്സ്യമാര്‍ക്കറ്റുകളില്‍ പോലും തിരക്കുണ്ടായിരുന്നില്ല.
ചില്ലറ കൂലിപ്പണിക്കാര്‍ക്ക് 500, 1000 എന്നിങ്ങനെയുളള നോട്ടുകളാണ് കൂലിയായി നല്‍കിയരുന്നത.് അതിനാല്‍ പണം വാങ്ങാതെ ചിലവിന് 100 രൂപമാത്രം വാങ്ങി പോകുകയാണ് പലരും ചെയ്തത്. നിത്യോപയോഗ സാധനങ്ങള്‍ കടകളില്‍ നിന്ന് കടമായിട്ടാണ് വാങ്ങിയത്.
വീട്ടിലെ ആവശ്യങ്ങള്‍ക്കായി വിദേശങ്ങളില്‍ നിന്നും പണം അയക്കുന്നവര്‍ക്കാണ് ഈ നിയമം ഏറെ ദുരിതപൂര്‍ണ്ണമാക്കുന്നത്.
ഇന്നലത്തെ പ്രഖ്യാപനം നേരത്തെ അറിഞ്ഞ പലരും കയ്യിലുണ്ടായിരുന്ന പഴയ 1000 തിന്റേയും 500 ന്റെയും നോട്ടുകള്‍ പല കാരണങ്ങള്‍ പറഞ്ഞ് പല സ്ഥലങ്ങളില്‍ നിന്നായി ചില്ലറയാക്കി സൂക്ഷിച്ചുവെങ്കിലും ഒന്നുമറിയാതെ നോട്ടുമാറിക്കൊടുത്തവര്‍ പരിഭ്രാന്തിയോടൊപ്പം ഏറെ പ്രയാസത്തിലുമാണ്. ഇന്നലെ അര്‍ധരാത്രിയില്‍ പല എ.ടി.എമ്മുകളില്‍ നിന്നും 400 രൂപ വെച്ച് പിന്‍വലിച്ചവരുമുണ്ട്. പല എ.ടി.എമ്മുകളും ബുധനാഴ്ച്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഷട്ടറുകള്‍ താഴ്ത്തി അടച്ചത്.
നടപടി സ്വാഗതാര്‍ഹം: ആന്റി കറപ്ഷന്‍സ് പീപ്പിള്‍സ് മൂവ്‌മെന്റ്
പാലക്കാട്: അഴിമതിയും, കള്ളപ്പണവും, കള്ളനോട്ടും തടയുന്നതിന് നിലവിലുള്ള 500, 1000 രൂപാ നോട്ടുകള്‍ മരവിപ്പിച്ച പ്രധാനമന്ത്രിയുടെ നടപടിയെ ആന്റി കറപ്ഷന്‍സ് പീപ്പിള്‍സ് മൂവ്‌മെന്റ് സ്വാഗതം ചെയ്തു. ട്രെയിന്‍, ബസ്, ഓട്ടോറിക്ഷ ഉള്‍പ്പെടെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഭക്ഷണത്തിന് ഹോട്ടലുകളെ ആശ്രയിക്കേണ്ടിവന്നവര്‍ക്കും ഒന്നോ രണ്ടോ ദിവസത്തേക്ക് അല്പം ബുദ്ധിമുട്ടുണ്ടാകുമെങ്കിലും അത് നടപടി ക്രമങ്ങളുടെ ഭാഗമായും നന്മയിലേക്കുള്ള കാല്‍വെയ്പ്പായും കരുതി സഹകരിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ മിന്നല്‍ പണിമുടക്കും ഹര്‍ത്താലും ജനജീവിതം സ്തംഭിപിച്ചത് കണക്കിലെടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് ആശങ്കക്ക് വകയില്ലെന്നും ആന്റികറപ്ഷന്‍സ് പീപ്പിള്‍സ് മൂവ്‌മെന്റ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."