സര്‍വേ ഫലം യാഥാര്‍ത്ഥ്യമായാല്‍ കയ്പമംഗലത്തിന് രണ്ട് എം.എല്‍.എമാര്‍ സ്വന്തമാകും
റഫീഖ് കയ്പമംഗലം
കയ്പമംഗലം: തെരഞ്ഞെടുപ്പ് ഫല പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ തൃശൂര്‍ ജില്ലയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായി മത്സരിച്ച 13 ല്‍ 12 പേരും വിജയിക്കുമെന്നാണ് തെളിയുന്നത്. വിജയിക്കുന്നവയില്‍ കയ്പമംഗലവും ഇരിങ്ങാലക്കുടയും ഉള്‍പ്പെട്ടാല്‍ കയ്പമംഗലം സ്വദേശികളായ രണ്ട് ജനപ്രതിനിധികള്‍ ഇത്തവണ നിയമസഭയിലെത്തും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സി.പി.ഐയിലെ ഇ.ടി.ടൈസണ്‍ മാസ്റ്ററും ഇരിങ്ങാലക്കുടയില്‍ എല്‍.ഡി.എഫ്.സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രൊഫസര്‍ കെ.യു.അരുണനും കയ്പമംഗലം നിയോജക മണ്ഡലത്തിലെ വോട്ടര്‍മാരാണ്. കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം വിഭജിച്ച് കയ്പമംഗലം നിയോജക മണ്ഡലം ഉടലെടുത്തപ്പോഴും പുറത്ത് നിന്ന് വന്നവരായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. കൊടുങ്ങല്ലൂരില്‍ വി.കെ രാജന് ശേഷം ഇരിങ്ങാലക്കുട സ്വദേശിനി മീനാക്ഷി തമ്പാനെയാണ് എല്‍.ഡി.എഫ് നേതൃത്വം മത്സരിപ്പിച്ചത്. തുടര്‍ന്ന് അന്തിക്കാട്ടുകാരനായ കെ.പി രാജേന്ദ്രന്‍ കൊടുങ്ങല്ലൂരും പുനര്‍ നിര്‍ണയത്തിന് ശേഷം ഉടലെടുത്ത കയ്പമംഗലത്ത് അഡ്വ: വി.എസ്‌സുനില്‍കുമാറുമാണ് ജനപ്രതിനിധികളായത്. കാല്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് സ്വന്തം നിയോജക മണ്ഡലത്തില്‍ നിന്ന് ഒരാള്‍ ജനപ്രതിനിധിയാകാനൊരുങ്ങുന്നത്. മണ്ഡലത്തിലെ എല്‍.ഡി.എഫ്.പ്രവര്‍ത്തകരുടെ കാലങ്ങളായുള്ള പരിഭവം തീര്‍ത്തുകൊണ്ട് ഇത്തവണ രണ്ട് പേരെയാണ് എല്‍.ഡി.എഫ്.നേതൃത്വം സമ്മാനിക്കാന്‍ പോകുന്നതെന്നാണ് സര്‍വേ ഫലം പറയുന്നത്. കൂടാതെ കൊടുങ്ങല്ലൂരും സ്വന്തം വി.കെ.രാജന്റെ മകനും ജനപ്രതിനിധിയാകുന്നതോടെ തീരദേശം ചരിത്ര നിയോഗത്തിലാകും. റിപ്പബ്ലിക്കന്‍ രക്തസാക്ഷിയായ സര്‍ദാര്‍ ഗോപാലകൃഷ്ണന്റെ സഹോദര പുത്രനായ കെ.യു.അരുണന്‍ കയ്പമംഗലം നിയോജക മണ്ഡലത്തിന്റെ വടക്കെ അതിര്‍ത്തിയായ എടത്തിരുത്തി കുമ്പളപറമ്പ് സ്വദേശിയാണ്. സി.പി.ഐ .കയ്പമംഗലം മണ്ഡലം സെക്രട്ടറി ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ എടവിലങ്ങ് പഞ്ചായത്തിലെ കാര സ്വദേശിയാണ്. പ്രവചന മത്സരങ്ങളില്‍ നിന്ന് ഉരിത്തിരിയുന്നത് ഇടതു പക്ഷത്തേക്കാണ് എന്ന വിലയിരുത്തല്‍ ശരിയായാല്‍ കയ്പമംഗലം നിയോജക മണ്ഡലത്തില്‍ നിന്ന് രണ്ട് എം.എല്‍.എമാര്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. അതേ സമയം ഇരിങ്ങാലക്കുടയിലെ യു.ഡി.എഫ്.സ്ഥാനാര്‍ഥി അഡ്വ: തോമസ് ഉണ്ണിയാടനെ മറികടന്ന് വിജയം വരിക്കുക എന്നത് അരുണന്‍ മാസ്റ്റര്‍ക്ക് അത്ര എളുപ്പമല്ല എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കടുത്ത തൃകോണ മത്സരം കാഴ്ച വെച്ച കയ്പമംഗലത്ത് അടിയൊഴുക്കുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അട്ടിമറി വിജയം നേടുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."