അവസാനിക്കാത്ത പടവെട്ടിന്റെ ചരിത്രവുമായി 'പൊയ്ത്ത് '
കോഴിക്കോട്: കക്ഷിരാഷ്ട്രീയ കൊലപാതകങ്ങളുടെ തുടര്‍ക്കഥകള്‍ക്കിടയില്‍ നിസ്സഹായരായ മലയാളികള്‍ക്ക് മുന്നില്‍ തച്ചോളി ഒതേനന്റെ ജീവിതത്തിലൂടെ ഒരിക്കലും അവസാനിക്കാത്ത, ആരും ജയിക്കാത്ത, പടപ്പുറപ്പാടുകളുടെ ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍ വരച്ചുകാട്ടുന്ന 'പൊയ്ത്ത് ' ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പതിവ് ഹ്രസ്വചിത്രങ്ങളുടെ രീതികള്‍ കൈവിട്ട് ചരിത്ര കഥ പറയുന്ന സിനിമയെന്ന നിലയില്‍ വന്‍ മുതല്‍മുടക്കോടെ തന്നെയാണ് ചിത്രം പൂര്‍ത്തിയാക്കിയിട്ടുള്ളത്. കടത്തനാടിന്റെ വീരപുത്രന്‍ തച്ചോളി ഒതേനന്റെ ചരിത്രം അനാവരണം ചെയ്തുകൊണ്ട് വര്‍ത്തമാനകാലത്തിന്റെ കഥ പറയുകയാണ് 'പൊയ്ത്തി'ലൂടെയെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഒഞ്ചിയം പ്രഭാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രംഗശ്രീ ക്രിയേഷന്‍സിന്റെ ബാനറില്‍ സുജു പ്രഭാകരനാണ് 'പൊയ്ത്തി'ന്റെ നിര്‍മാതാവ്.
തച്ചോളി ഒതേനായി സാബുവും മതിലൂര്‍ ഗുരിക്കളായി സിദ്ധരാജും പയ്യം വെള്ളി ചന്തുവായി സണ്ണി കോളയാടും കണ്ടാച്ചേരി ചാപ്പനായി സുജു പി. ഒഞ്ചിയവും വേഷമിടുമ്പോള്‍ എമ്മെനായി ഹേമരാജും മായന്‍ കുട്ടിയായി ജോയിയും തിരശ്ശീലയിലെത്തുന്നു.
കോമപ്പക്കുറുപ്പായി വടകര ബാലന്‍ മാസ്റ്ററും നാടുവാഴിയായി സുരേഷ് കൂത്താളിയും കേളപ്പന്‍ നമ്പ്യാരായി ബാലകൃഷ്ണന്‍ വടകരയും വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. വാര്‍ത്താസമ്മേളനത്തില്‍ സണ്ണി കോളയാട്, മധു പുതുപ്പണം എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."