ഇന്ത്യയുമായി ഒപ്പുവെച്ച ധാരണാപത്രത്തിന് സഊദി ശൂറ കൗണ്‍സിലിന്റെ അംഗീകാരം
ജിദ്ദ: സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കാന്‍ ഇന്ത്യയുമായി ഒപ്പുവെച്ച ധാരണാപത്രത്തിന് സഊദി ശൂറ കൗണ്‍സിലിന്റെ അംഗീകാരം. ശൂറ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അല്‍ജഫ്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ആഭ്യന്തര മന്ത്രാലയത്തിന് നടപടികളുമായി മുന്നോട്ട് പോകാന്‍ അംഗീകാരം നല്‍കിയത്.
തീവ്രവാദത്തിന് ധനസഹായം നല്‍കല്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, കള്ളപ്പണം എന്നിവ തടയുന്നതിനായി പരസ്പര സഹകരണം വാഗ്ദാനം ചെയ്യുന്ന ധാരണാപത്രമാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെക്കുക. സഊദി ആഭ്യന്തര മന്ത്രാലയവും ഇന്ത്യന്‍ സാമ്പത്തിക അന്വേഷണവകുപ്പും തമ്മിലാണ് ധാരണയിലെത്തുക.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റിയാദ് സന്ദര്‍ശന വേളയില്‍ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്നതിനുള്ള ധാരണ പത്രത്തില്‍ സഊദി ആഭ്യന്തര മന്ത്രാലയവും ഇന്ത്യന്‍ സാമ്പത്തിക അന്വേഷണ വകുപ്പും തമ്മില്‍ ധാരണയിലെത്തിയിരുന്നു.
സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ പരസ്പരം കൈമാറാനും ധാരണയില്‍ വ്യവസ്ഥയുണ്ടായിരിക്കണമെന്ന് ശൂറ കൗണ്‍സില്‍ നിര്‍ദേശിച്ചു. ശൂറ കൗണ്‍സിലിലെ സുരക്ഷ വിഭാഗം മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല അസ്സഅദൂന്‍ അവതരിപ്പിച്ച സുരക്ഷ റിപ്പോര്‍ട്ടിന്റെ ചര്‍ച്ചക്കൊടുവിലാണ് ഇന്ത്യയും സഊദിയും തമ്മില്‍ സാമ്പത്തിക നിരീക്ഷണ, സുരക്ഷ ധാരയുണ്ടാക്കാന്‍ അംഗീകാരം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."