ചികിത്സാപിഴവിന് നഷ്ടപരിഹാരം തേടി വീട്ടമ്മ മനുഷ്യാവകാശ കമ്മിഷനില്‍
തൊടുപുഴ: ചികിത്സാപിഴവു മൂലം വിരലുകള്‍ നഷ്ടമാവുന്ന അവസ്ഥയിലെത്തിയ കാന്‍സര്‍ രോഗ ബാധിതയായ വീട്ടമ്മ ആശുപത്രി അധികാരികളില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷന് മുന്നിലെത്തി.
പ്രമേഹരോഗമുള്ളത് കണക്കിലെടുക്കാതെ ഇവരെ റേഡിയേഷന് വിധേയമാക്കിയെന്നാണ് പരാതി. വിഷയം പരിഗണിച്ച കമീഷനംഗം പി മോഹനദാസ് ഇവരോട് അടുത്ത സിറ്റിങ്ങില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു.ഒമ്പതു വര്‍ഷം ജോലി ചെയ്ത ശേഷം പ്രിന്‍സിപ്പാളിന്റെ മാനസികപീഡനത്തെ തുടര്‍ന്ന് രാജിവെയ്‌ക്കേണ്ടി വന്ന അധ്യാപിക, സ്‌കൂള്‍ അധികൃതര്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചെന്ന് മനുഷ്യാവകാശകമീഷനോട് പരാതിപ്പെട്ടു. അടിമാലിയില്‍ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ സന്ധ്യ സന്തോഷാണ് പരാതിക്കാരി. പിഎഫും ഗ്രാറ്റുവിറ്റിയും തടഞ്ഞുവെച്ചെന്നായിരുന്നു ഇവരുടെ ആരോപണം. കമ്മിഷന്‍ പരാതി ഫയലില്‍ സ്വീകരിച്ചു.
മുന്‍മുഖ്യമന്ത്രി നല്‍കുമെന്ന് പ്രഖ്യാപിച്ച ചികിത്സാധനസഹായം ഇനിയും ലഭിച്ചില്ലെന്ന പരാതിയുമായാണ് തൊടുപുഴ നെയ്യശേരി ചാരുപറമ്പില്‍ പീറ്റര്‍ മനുഷ്യാവകാശ കമ്മിഷന് മുനിലെത്തിയത്.
2015 മെയ്മാസം അന്‍പതിനായിരം രൂപ അനുവദിച്ചെന്ന് പറഞ്ഞെങ്കിലും കാത്തിരുപ്പിനു ശേഷം എണ്ണായിരം മാത്രമാണ് കൈയില്‍ കിട്ടിയത്. പിന്നീട് ഡിസംബറില്‍ വീണ്ടും അപേക്ഷ നല്‍കിയപ്പോള്‍ ഒരു ലക്ഷം സഹായം മുഖ്യമന്ത്രി രേഖാമൂലം അനുവദിച്ചു. എന്നാല്‍, വെറും 20,000 രൂപ മാത്രമാണ് ലഭിച്ചത്. ചികിത്സയ്ക്ക് സഹകരണബാങ്കില്‍ നിന്നെടുത്ത മൂന്നുലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ ഗതിയില്ലെന്നും പരാതിപ്പെട്ടു. ബന്ധപ്പെട്ടവരില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മിഷന്‍ അറിയിച്ചു.
ചെറുതോണിയില്‍ ജില്ലാ ആശുപത്രിക്കായി ജില്ലാ പഞ്ചായത്ത് പണിതീര്‍ത്ത പുതിയ ബ്ലോക്കിന് എട്ട് വര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തനാനുമതി നല്‍കാത്തത് സംബന്ധിച്ച് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ ഓഫീസര്‍, ഡിഎംഒ എന്നിവരോട് റിപ്പോര്‍ട്ട് തേടാനും മനുഷ്യാവകാശ കമ്മിഷന്‍ തീരുമാനിച്ചു. കെട്ടിടത്തിന് അംഗീകാരം ലഭിക്കാത്തതിനാല്‍ നിയമനങ്ങളിലടക്കം പ്രതിസന്ധി നേരിടുകയാണെന്ന് കാണിച്ച് പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാരാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. അധികൃതര്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മിഷനംഗം പി മോഹനദാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."