കയ്പമംഗലത്ത് 79.35 ശതമാനം പോളിങ്
കയ്പമംഗലം: കയ്പമംഗലം നിയോജക മണ്ഡലത്തില്‍ 79.35 ശതമാനം പോളിങ് രേഖപ്പെടുത്തി. കയ്പമംഗലം മേഖലയില്‍ പോളിങ് സമാധാനപരമായി നടന്നു. രാവിലെ ഏഴുമണിയോടെ തന്നെ എല്ലായിടത്തും പോളിങ് ആരംഭിച്ചിരുന്നു. നേരിയ മഴയോടെയാണ് പോളിങ് ആരംഭിച്ചതെങ്കിലും മഴയെ കൂസാതെ വോട്ടര്‍മാരെത്തിയതിനാല്‍ രാവിലെ തന്നെ നീണ്ട നിര മിക്ക പോളിങ് ബൂത്തുകളിലും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ നിയോജക മണ്ഡത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ രാവിലെ പോളിങ് കുറവായിരുന്നു. പെരിഞ്ഞനം പഞ്ചായത്തിലെ സെന്‍ട്രല്‍ എല്‍.പി സ്‌കൂളിലെ അമ്പത്തിരണ്ടാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് പുതിയ മെഷീന്‍ കൊണ്ടുവന്നു വോട്ടെടുപ്പ് പുനരാരംഭിച്ചു. 439 പേര്‍ വോട്ടു ചെയ്ത ശേഷമാണ് യന്ത്രം മാറ്റിയത്. ബാറ്ററി കുറവായതാണ് യന്ത്രം മാറ്റി വെക്കേണ്ടി വന്നത്. രാവിലെ പതിനൊന്നേകാലോടെയാണ് സംഭവം. കയ്പമംഗലം പഞ്ചായത്തിലെ പനമ്പിക്കുന്ന് സെന്‍ട്രല്‍ എല്‍.പി സ്‌കൂളിലുള്ള മുപ്പതാം നമ്പര്‍ ബൂത്തിലും വോട്ടിങ് മെഷീന്‍ തകരാറിലായിരുന്നു. എന്നാല്‍ ഇവിടെ മെഷീന്‍ മാറ്റിവെയ്ക്കാതെ തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കുകയായിരുന്നു. വോട്ട് രേഖപ്പെടുത്തുമ്പോള്‍ മെഷുന്‍ പ്രവര്‍ത്തിക്കാതായതായിരുന്നു പ്രശ്‌നം, അല്‍പം സമയമെടുത്തിട്ടായാലും വോട്ടെടുപ്പ് പ്രശ്‌നങ്ങളില്ലാതെ നടന്നു. വൈകിട്ട് നാലുമണിയോടെ ഒരു സ്ത്രീ വോട്ടു ചെയ്തു മടങ്ങിയെങ്കിലും മെഷിനില്‍ വോട്ട് രേഖപ്പെടുത്താഞ്ഞതിനാല്‍ ഇവരെ കണ്ടെത്തി മടക്കിക്കൊണ്ടുവന്ന് വീണ്ടും വോട്ട് ചെയ്യിച്ച ശേഷമാണ് അടുത്തയാള്‍ക്ക് വോട്ട് ചെയ്യാനായത്. 833 പേര്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു ഇത്. മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ടി മുഹമ്മദ് നഹാസ് പാലക്കാട് കോങ്ങാട് മണ്ഡലത്തിലെ വിയ്യുക്കുറുശി ഗവ. എല്‍.പി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി ടൈസണ്‍ എടവിലങ്ങ് കാര സെന്റ് ആല്‍ബന ഹൈസ്‌കൂളിലും, എന്‍.ഡി.എ സ്ഥാനാര്‍ഥി ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത് ചെന്ത്രാപ്പിന്നിയിലെ പെരുമ്പടപ്പ് ജി.എല്‍.പി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."