പത്തനംതിട്ട: ശുദ്ധവായു ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ നഗരം
പത്തനംതിട്ട: ശുദ്ധവായു ലഭിക്കുന്ന രാജ്യത്തെ രണ്ടാം നഗരമായി പത്തനംതിട്ട. അസമിലെ തെസ്പൂര്‍ ആണ് ഒന്നാം സ്ഥാനത്ത്. ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം ലോകാരോഗ്യ സംഘടന പുറത്തുവിട്ട വിവരമാണിത്. വന്‍കിട വ്യവസായശാലകള്‍ ഇല്ലാത്തതും മലകളും നീര്‍ത്തടങ്ങളും വേണ്ടുവോളം ഉള്ളതുമാണ് ഇവിടുത്തെ ശുദ്ധവായുവിന് കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
കര്‍ണാടകയിലെ ഹസന്‍ പട്ടണമാണ് മൂന്നാം സ്ഥാനത്ത്. വായുവിന്റെ ഗുണനിലവാര തോത്, വായുവിലെ പൊടിയുടെ അളവ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടന പട്ടിക തയാറാക്കുന്നത്.
വായുവിലെ പൊടിയുടെ അളവിന്റെ കാര്യത്തിലും പത്തനംതിട്ട നഗരം രാജ്യ തലസ്ഥാനത്തെ പിന്തള്ളിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു ക്യുബിക് മീറ്റര്‍ വായുവില്‍ പത്ത് മൈക്രോണ്‍ പൊടിയുടെ അളവ് 26.74 മൈക്രോ ഗ്രാം ആയിരുന്നു പത്തനംതിട്ടയില്‍.
അതേസമയം ഡല്‍ഹിയില്‍ പത്തു മൈക്രോണ്‍ പൊടിയുടെ അളവ് 815 മൈക്രോ ഗ്രാം മുതല്‍ 1690 മൈക്രോ ഗ്രാം വരെ ഉയര്‍ന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍ ഒന്നാം സ്ഥാനത്തുള്ള തെസ്പൂരില്‍ പത്ത് മൈക്രോണ്‍ പൊടിയുടെ അളവ് 11 മൈക്രോ ഗ്രാം മാത്രമാണെന്നത് ശ്രദ്ധേയമാണ്. അതേസമയം 2012-2014 വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ നേടിയ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടതിന് കാരണം പെരുകിവരുന്ന പാറഖനനമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
103 രാജ്യങ്ങളിലെ 2973 നഗരങ്ങളിലാണ് ലോകാരോഗ്യ സംഘടന പഠനം നടത്തിയത്. നൈജീരിയയിലെ ഒനിസ്റ്റാ, ഇറാനിലെ സാബോള്‍ എന്നിവയാണ് ലോകത്തിലെ ഏറ്റവും വൃത്തിഹീനമായ നഗരങ്ങള്‍. അതേസമം ലോകത്തെ ഏറ്റവും വൃത്തിഹീനമായ 100 നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ 34 നഗരങ്ങള്‍ പെട്ടിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."