പുതിയകാലത്തെ വിദ്യാഭ്യാസ ചിന്തകള്‍
വീട്ടുപറമ്പത്തു മുരിങ്ങയിലയും കറമൂസയും ചക്കയും ചേനയും ചേമ്പുമൊക്കെ ലഭ്യമാകുമ്പോഴും അവയ്‌ക്കൊന്നും അര്‍ഹിക്കുന്ന പ്രാധാന്യംനല്‍കാതെ ഫാസ്റ്റ്ഫുഡ് കേന്ദ്രങ്ങള്‍ തേടിയോടുന്ന ജനങ്ങളെപ്പോലെയാണ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലാകണം തങ്ങളുടെ മക്കള്‍ ചെറുപ്പത്തിലേ പഠിച്ചുവളരേണ്ടതെന്നു വാശിപിടിക്കുന്ന രക്ഷിതാക്കള്‍. മലയാളഭാഷ മാധ്യമമാക്കി ഉപയോഗിക്കുന്ന ക്ലാസുമുറികളില്‍നിന്നു ചെറുപ്രായത്തില്‍ നമ്മുടെ മക്കള്‍ക്കു കിട്ടുന്ന മാനസികാരോഗ്യവും അവരുടെ കൊച്ചുകൊച്ചു സംശയങ്ങള്‍ക്കും ജിജ്ഞാസകള്‍ക്കുമുള്ള മറുപടികളും പഠനമാധ്യമം മറ്റൊരു ഭാഷയായിരിക്കുമ്പോള്‍ ലഭിക്കില്ലെന്നതു ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയാണ്.
അതേ മക്കള്‍തന്നെ ഉയര്‍ന്ന ക്ലാസുകളിലെത്തുമ്പോഴേയ്ക്കും ഏത് അന്താരാഷ്ട്ര ഭാഷ മാധ്യമമാക്കി പഠിപ്പിച്ചാലും പ്രശ്‌നമില്ലാത്തത്ര മാനസികപക്വത നേടിയവരായിത്തീരുകയും ചെയ്യും. ഇങ്ങനെയൊക്കെയാണെങ്കിലും പൊങ്ങച്ചസംസ്‌കാരത്തിന്റെ സ്വാധീനവലയത്തില്‍പ്പെട്ടതുകൊണ്ടാണെന്നു തോന്നുന്നു കേരളത്തില്‍ ഒത്തിരി രക്ഷിതാക്കള്‍ എന്തുവിലകൊടുത്തും തങ്ങളുടെ മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ മാത്രമേ ചെറുപ്പംമുതല്‍ പഠിപ്പിക്കുകയുള്ളൂവെന്ന മട്ടില്‍ പെരുമാറുന്നത്. ഇത്തരം രക്ഷിതാക്കള്‍ക്കുവേണ്ടി ലാഭം മാത്രം ലക്ഷ്യമാക്കി നീങ്ങുന്ന വാണിജ്യവല്‍ക്കരിക്കപ്പെട്ട വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണം കേരളത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഭീകരമായ ഒരു സാംസ്‌കാരിക ദുരന്തത്തിനു നാം സാക്ഷികളാവാന്‍ പോകുന്നതിന്റെ ചിത്രം കൂടിയാണിത്.
എത്രയെത്ര ഉന്നതമായ മൂല്യങ്ങളുള്ള സാഹിത്യസൃഷ്ടികളാണു വാണിജ്യവല്‍ക്കരിക്കപ്പെട്ട ദൃശ്യമാധ്യമങ്ങളിലൂടെ വികൃതതമാക്കപ്പെട്ടതെന്നതും എത്രയേറെ ചെറുപ്പക്കാരെയാണ് അവ തെറ്റായ ജീവിതക്കാഴ്ചപ്പാടുകള്‍ നല്‍കി വഴിതെറ്റിച്ചതെന്നതും മറക്കാന്‍ കഴിയാത്ത നഗ്്‌നസത്യങ്ങളാണ്. എത്രയെത്ര സാംസ്‌കാരികമൂല്യങ്ങളെയാണു തന്ത്രപരമായി അവ തകര്‍ത്തു തരിപ്പണമാക്കിയത്. വാണിജ്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്ഥിതിയും ഇതുതന്നെയാണെന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇത്തരം വിദ്യാഭ്യാസസ്ഥാപനങ്ങളില്‍നിന്നു വിദ്യാഭ്യാസത്തിലൂടെ നേടേണ്ട മൂല്യങ്ങള്‍ കൈവരിക്കാന്‍ വിദ്യാര്‍ഥിസമൂഹത്തിന് കഴിയുന്നുണ്ടോ
വിജ്ഞാനവര്‍ധനവിനനുസരിച്ചു ജ്ഞാനത്തില്‍ വളര്‍ച്ചനേടാത്ത ഒരുകൂട്ടം ഉയര്‍ന്ന വിദ്യാഭ്യാസഡിഗ്രിയുള്ളവര്‍ സമൂഹത്തിന്റെ സാംസ്‌കാരികവളര്‍ച്ചയ്ക്കു പ്രതികൂലമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നതിനു നാം സാക്ഷികളായിക്കൊണ്ടിരിക്കുന്നു. ഇന്നു സമൂഹംനേരിടുന്ന എണ്ണമറ്റ പ്രയാസങ്ങളില്‍ പലതും ഭൗതികപരമായ ദാരിദ്ര്യത്തില്‍നിന്നു മാത്രം രൂപപ്പെട്ടുവന്നിട്ടുള്ളവയല്ലെന്നും മറിച്ച്, ജീവിതത്തിനു വ്യക്തമായ അര്‍ഥവും ലക്ഷ്യവും നല്‍കാന്‍ നമ്മുടെ വിദ്യാഭ്യാസരീതിക്കു കഴിയുന്നില്ലെന്ന നഗ്്‌നസത്യത്തില്‍നിന്നു രൂപപ്പെട്ടുവന്നിട്ടുള്ളതാണെന്നും ഇതോടൊപ്പം നാം ഓര്‍ക്കേണ്ടിയിരിക്കുന്നു. വാണിജ്യവല്‍ക്കരിക്കപ്പെട്ട വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ എത്തപ്പെടുകയും കുരുന്നു പ്രായത്തില്‍ മാതൃഭാഷയില്‍ ചിന്തിച്ചു സംശയങ്ങള്‍ ദൂരീകരിച്ചു മാനസികാരോഗ്യത്തോടെ വൈജ്ഞാനികമേഖലയില്‍ തിളക്കമാര്‍ന്ന മുന്നേറ്റംനടത്താന്‍ കിഴയാതെ വരുകയും ചെയ്യുന്ന ഇളംപ്രായക്കാരുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുന്നതു ആശങ്കാജനകമാണ്.
യൂറോപ്പിന്റെ കടത്തീരങ്ങളില്‍ നിരവധിയാളുകള്‍ വ്യക്തമായ ദിശാബോധമില്ലാതെ മലര്‍ന്നുകിടന്നു ജീവിതമാസ്വദിച്ചിരുന്ന ഒരുകാലത്ത് സര്‍വകലാശാലകള്‍ സ്ഥാപിച്ചും വാനനിരീക്ഷണങ്ങളിലും സമുദ്രഗവേഷണങ്ങളിലും ഒരുപാടു മുന്നേറ്റങ്ങള്‍ നടത്തി ലോകത്തിനു മാതൃക കാണിച്ചവരായിരുന്നു പൂര്‍വികരായ മുസ്‌ലിംകള്‍. അവര്‍ ശാസ്ത്രമേഖലയിലെ മുന്നേറ്റങ്ങളെ നെഞ്ചോടുചേര്‍ത്തവരായിരുന്നു. അവരന്നു സ്വീകരിച്ചിരുന്നതു പെങ്ങച്ചത്തിലിധിഷ്ഠിതമായ വിദ്യാഭ്യാസരീതികളായിരുന്നില്ല. മാതൃഭാഷയെ ചെറുപ്രായത്തിലേ വിദ്യയുടെ മാധ്യമമാക്കാതെ അവഗണിച്ചുകൊണ്ടായിരുന്നില്ല.
വിദ്യ പവിഴംപോലെ വിലമിതിക്കാനാവാത്തതാണെന്നും മഞ്ഞുതുള്ളികണക്കെ പരിശുദ്ധവും നക്ഷത്രംപോലെ ഔന്നത്യമുള്ളതും പ്രകാശിതവുമാണെന്നും അറിയുമ്പോള്‍ത്തന്നെ ജീവിതത്തെപ്പറ്റി വ്യക്തമായ ലക്ഷ്യബോധം നല്‍കാതെയും ജീവിതത്തിന്റെ അര്‍ഥമെന്താണെന്നു മനസിലാക്കാതെയുമാണ് അതു നേടുന്നതെങ്കില്‍ ഒരുപക്ഷേ സാംസ്‌കാരിക ദുരന്തം തന്നെയായിരിക്കും അനുഭവിക്കേണ്ടിവരിക. ഊര്‍ജത്തെ പദാര്‍ഥമായും മറിച്ചും മാറ്റാമെന്നും ഊര്‍ജവും പദാര്‍ഥവും ഒരു വസ്തുതയുടെ രണ്ടു ഭാവങ്ങള്‍ മാത്രമാണെന്നും ഋ=ാര2 എന്ന സൂത്രവാക്യത്തിലൂടെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ അവതരിപ്പിച്ചപ്പോള്‍ അതു ശാസ്ത്രലോകത്തു വഴിത്തിരിവായിരുന്നു; പുതിയ കണ്ടുപിടുത്തങ്ങളിലേക്കുള്ള പ്രചോദനമായിരുന്നു. പക്ഷേ, അതു ലാഭങ്ങള്‍ മാത്രം ലക്ഷ്യമാക്കി നീങ്ങിയ കൈകളിലെത്തിയപ്പോള്‍ വാണിജ്യവല്‍ക്കരിക്കപ്പെട്ടപ്പോള്‍ ലക്ഷക്കണക്കിനുപേരെ കൊന്നൊടുക്കിയ ആറ്റംബോംബിന്റെ കണ്ടുപിടുത്തത്തിലേയ്ക്കാണു നയിക്കപ്പെട്ടത്.
ഇവിടെ നാം ശ്രദ്ധിക്കേണ്ടത് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തേടി നെട്ടോട്ടമോടുന്നതിനേക്കാള്‍ ജീവിതത്തിന്റെ ലക്ഷ്യമെന്താണെന്നു കുരുന്നുകളുടെ ഹൃദയങ്ങളില്‍ രൂപപ്പെടുത്തി ദിശാബോധം നല്‍കുന്ന പൊങ്ങച്ചസംസ്‌കാരത്തിനടിമപ്പെടാത്ത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അവരെ ചേര്‍ക്കാനാണ്. വളരെച്ചെറുപ്പത്തിലേ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ത്ത് അവരുടെ മാനസികാരോഗ്യവും സര്‍ഗാത്മകതയും വികൃതമാക്കുന്നതിനുപകരം മാതൃഭാഷയിലൂടെതന്നെ വിദ്യയുടെ പ്രാരംഭദശകള്‍ പിന്നിടുവാന്‍ അവരക്ക് അവസരംനല്‍കുകയും കൂടെ ഇംഗ്ലീഷ് ഭാഷയെ അതിന്റെ അന്താരാഷ്ട്രപ്രാധാന്യം കണക്കിലെടുത്തു സ്‌നേഹിക്കുവാനും കീഴടക്കുവാനുമുള്ള വഴികള്‍ അവരുടെ മുന്നില്‍ തുറന്നുകൊടുക്കുകയുമാണു ചെയ്യേണ്ടത്. അന്തിമലക്ഷ്യമായ ഇഹപരവിജയത്തിന്റെ താക്കോല്‍ അവരുടെ കൈകളില്‍ ഭദ്രമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."