ദയാവധം അധാര്‍മികം
ദയാവധം നിയമമാക്കാനുള്ള ആലോചനയിലാണു കേന്ദ്രസര്‍ക്കാര്‍. രോഗികളുടെ ജീവിതത്തിലേയ്ക്കുള്ള മടക്കം അസാധ്യമാണെന്നു കണ്ടറിയുന്നതോടെ അവര്‍ക്കു ശാന്തമായ മരണം നല്‍കുന്നതായിരിക്കും ഉചിതമെന്ന ചിന്തയുടെ അടിസ്ഥാനത്തിലാണു ദയാവധനിയമനിര്‍മാണവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നത്. ഇതു സംബന്ധിച്ച പൊതുജനങ്ങളുടെ അഭിപ്രായത്തിനായി കാത്തിരിക്കുകയാണ് സര്‍ക്കാര്‍.
ജനങ്ങളുടെ അഭിപ്രായങ്ങള്‍ പാസീവ് യുതനേഷ്യ അറ്റ് ജിമെയില്‍ ഡോട്ട് കോം എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചുകൊടുക്കുവാനാണു നിര്‍ദേശിച്ചിരിക്കുന്നത്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മരണകിടക്കയില്‍ കഴിയുകയും ജീവിതത്തിലേയ്ക്ക് ഒരിക്കലും മടങ്ങിവരികയില്ലെന്നു ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കുകയുംചെയ്യുന്ന അവസ്ഥയ്ക്കാണ് പാസിവ് യൂതനേഷ്യ എന്നുപറയുന്നത്.
ഇത്തരത്തിലുള്ള രോഗികളെ മരണത്തിനു വിട്ടുകൊടുക്കുന്ന നിയമനിര്‍മാണത്തിനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്. ഒരുനിലയ്ക്കും ജീവിതത്തിലേയ്ക്കു തിരിച്ചുവരികയില്ലെന്നു ഡോക്ടര്‍മാര്‍ ഉറപ്പിച്ചുപറയുന്ന രോഗികളെ മരുന്നു കുത്തിവച്ചു കൊല്ലുന്ന ആക്ടീവ് യൂതനേഷ്യ കുറെക്കൂടി ക്രൂരമായതിനാലായിരിക്കാം മരുന്നുകള്‍ നിര്‍ത്തിവച്ചുകൊണ്ടുള്ള ദയാവധനിയമനിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
ദയാവധം ധാര്‍മികപ്രശ്‌നം ഉയര്‍ത്തുന്നുവെന്നതാണ് അതിന്റെ കാതലായ വശം. ജീവന്‍ നല്‍കിയവനു മാത്രമേ അതു തിരിച്ചെടുക്കാനുള്ള അവകാശമുള്ളൂ. എപ്പോഴാണ് ഒരാള്‍ മരിക്കേണ്ടതെന്നു സ്രഷ്ടാവു തന്നെ നിശ്ചയിച്ചിട്ടുണ്ടാകും. മരണകിടക്കയില്‍നിന്നു ജീവിതത്തിലേയ്ക്കു വന്നവര്‍ എത്രയോ ആണ്. കാഴ്ചക്കാര്‍ക്കു ദയനീയമായ അവസ്ഥയിലാണെന്നു തോന്നിക്കുന്ന രോഗികള്‍ യഥാര്‍ഥത്തില്‍ അങ്ങനെയായിരിക്കണമെന്നില്ല. മാനസികമായി അവര്‍ ഏറെ ശാന്തി അനുഭവിക്കുന്നുണ്ടാകാം.
അതറിയുവാനുള്ള കഴിവു ഡോക്ടര്‍മാര്‍ക്കില്ലല്ലോ. ജീവിക്കാനുള്ള ത്വര ഏതൊരു മനുഷ്യനും അന്ത്യശ്വാസംനിലയ്ക്കുംവരെ ഉണ്ടാകുന്നതാണ്. സംസാരിക്കാനും പ്രവര്‍ത്തിക്കാനും ശേഷിയില്ലാത്ത രോഗി മരണം ആഗ്രഹിക്കുന്നുണ്ടാകാമെന്ന നിഗമനത്തില്‍ അത്തരം രോഗികളുടെ ജീവന്‍ ദയാവധത്തിന്റെ പേരില്‍ എടുക്കുന്നതു ദയാവധമല്ല, ദയാരാഹിത്യമാണ്.
ദയാവധനിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ അതുമൂലം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണുണ്ടാവുക. രോഗാവസ്ഥയില്‍ കിടക്കുന്ന ആളുടെ സ്വത്തു തട്ടിയെടുക്കുവാനും കുടുംബത്തിന്റെ ബാധ്യതയൊഴിവാക്കുവാനും ദയാവധനിയമം ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയേറെയാണ്. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് മാത്രം മതിയാകും. ജീവന്‍ നല്‍കാന്‍ ആര്‍ക്കും കഴിയില്ലെന്നിരിക്കെ ജീവനെടുക്കാനും ആര്‍ക്കും അവകാശമില്ല.
രോഗികള്‍ അനുഭവിക്കുന്ന കഷ്ടപാടുകളും ദുരിതങ്ങളും അവര്‍ നേരിടുന്ന പരീക്ഷണങ്ങളായിരിക്കാം. രോഗികള്‍ ഒരുപക്ഷേ അത്തരം അവസ്ഥയെ സംയമനത്തോടെ തരണം ചെയ്യുന്നുണ്ടാകാം. കണ്ടുനില്‍ക്കുന്നവര്‍ക്കും പരിചരിക്കുന്നവര്‍ക്കും അതു മനസിലായിക്കൊള്ളണമെന്നില്ല. അപ്പോള്‍ അത്തരം രോഗികളെ ദയാവധ നിയമത്തിന്റെ ബലത്തില്‍ വധിക്കുകയെന്നത് ഒട്ടും അംഗീകരിക്കാനാവില്ല.
മുംബൈയില്‍ ബലാത്സംഗത്തിനിരയായി തലച്ചോര്‍ മരവിച്ചു ശരീരം തളര്‍ന്നു വര്‍ഷങ്ങളോളം മരണക്കിടക്കയില്‍ ജീവച്ഛവമായിക്കിടന്ന അരുണാഷാന്‍ ബാഗ് എന്ന നഴ്‌സിന്റെ ദയനീയാവസ്ഥ കണ്ട് അവരെ ദയാവധത്തിനു വിധേയമാക്കണമെന്ന അഭിപ്രായം പൊന്തിവന്നിരുന്നു. ഇതേതുടര്‍ന്നു സുപ്രിംകോടതി വിഷയത്തില്‍ ഇടപെട്ടു. അതോടെയാണു സര്‍ക്കാര്‍ നേരത്തേയുണ്ടായിരുന്ന ദയാവധത്തിനെതിരായ നിലപാടു മാറ്റിയത്.
'ഒരു ജീവന്‍ അവസാനിപ്പിക്കണമെന്ന മനഃപൂര്‍വ ഉദ്ദേശ്യത്തോടെയുള്ള ഇടപെടല്‍' ആയാണ് ബ്രിട്ടീഷ് നൈതിക വൈദ്യസമിതി ദയാവധത്തെ നിര്‍വചിച്ചത്. സ്വയം ദയാവധത്തിനു ശ്രമിക്കുന്നവര്‍ക്കുമേല്‍ ആത്മഹത്യാകുറ്റത്തിനും സഹായിക്കുന്നവര്‍ക്കു കൊലക്കുറ്റത്തിനും കേസെടുക്കുന്നതാണു യു.എസിലെ നിയമം. ജഡ്ജിയുടെ വിവേചനത്തിനു വിടുന്നതാണു നോര്‍വെയിലേതെങ്കില്‍ ജര്‍മനി സ്വിറ്റ്‌സര്‍ലാന്റ് എന്നിവിടങ്ങളില്‍ കൊലക്കുറ്റം ചുമത്തുകയില്ല.
ഇന്ത്യയില്‍ ദയാവധ നിയമം നിലവിലില്ലാത്തതിനാല്‍ ദായവധത്തെ വധശ്രമമായി തന്നെയാണിപ്പോഴും പരിഗണിക്കപ്പെടുന്നത്. ഇന്ത്യ ആത്മീയതയിലും സനാതന മൂല്യങ്ങളിലും അടിയുറച്ചുപോരുന്ന രാഷ്ട്രമായതിനാല്‍ ദയാവധത്തെക്കുറിച്ച് ആലോചിക്കുന്നതുപോലും തെറ്റാണ്. വൈദ്യശാസ്ത്ര നൈതികതയില്‍ രോഗിയുടെ രോഗവും വേദനയും ഇല്ലാതാക്കുമെന്നും ജീവന്‍ സംരക്ഷിക്കുമെന്നും പ്രതിജ്ഞ ചൊല്ലിയാണു ഡോക്ടര്‍മാര്‍ കര്‍മരംഗത്തിറങ്ങുന്നത്. അതിനാല്‍ത്തന്നെ ദയാവധത്തിന് അവര്‍ കൂട്ടുനില്‍ക്കുന്നതു മെഡിക്കല്‍ എത്തിക്‌സിനോടു ചെയ്യുന്ന അപരാധമാണ്.
ദയാവധം നാലായി തരംതിരിച്ചിട്ടുണ്ടെങ്കിലും ഏതുതരത്തിലുള്ള ദയാവധവും നീതീകരിക്കാനാവില്ല. പ്രത്യക്ഷത്തില്‍ മാനുഷികവും ദയാപരവുമായ ഒരാവശ്യമാണു ദയാവധമെന്നുതോന്നാം. പക്ഷേ, ജീവന്റെ തുടിപ്പ് എപ്പോള്‍ നിലയ്ക്കണമെന്നു നിശ്ചയിക്കേണ്ടത് അത് നല്‍കിയ സ്രഷ്ടാവ് തന്നെയാണ്. സര്‍ക്കാര്‍ ദയാവധ നിയമനിര്‍മാണത്തില്‍ നിന്നും പിന്തിരിയുന്നതായിരിക്കും ഉചിതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."