പക്ഷിപ്പനി: താറാവുകളെ കൊന്നൊടുക്കല്‍ അന്തിമഘട്ടത്തിലേക്ക്
ആലപ്പുഴ: ജില്ലയിലെ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് രോഗം ബാധിച്ച ജീവനുള്ള താറാവുകളെ കൂട്ടത്തോടെ കൊന്ന് സംസ്‌കരിക്കുന്ന നടപടി അവസാന ഘട്ടത്തിലേക്ക് കടന്നു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദൗത്യസേന ആഴ്ചകളായി തുടര്‍ന്ന രോഗ നിയന്ത്രണ പ്രവര്‍ത്തികള്‍ക്ക് ഫലം കണ്ടുതുടങ്ങി.രോഗം നിയന്ത്രണ വിധേയമായി വരുന്നതായാണ് ഉന്നതതല വിലയിരുത്തല്‍.
ചത്ത താറാവുകളെ ഇന്നലെ നെടുമുടിയില്‍ മാത്രമാണ് സംസ്‌കരിച്ചത്. ഇവിടെ 105 എണ്ണത്തെ ഇത്തരത്തില്‍ സംസ്‌കരിച്ചു. രോഗം കണ്ടെത്തിയ താറാവുകളെ അതുള്‍പ്പടെയുള്ള കൂട്ടത്തോടെ കൊന്ന് സംസ്‌കരിച്ചത് ഇന്നലെ ചെന്നിത്തലയിലും നെടുമുടിയിലുമാണ്. ചെന്നിത്തലയില്‍ 94634 എണ്ണത്തെയും നെടുമുടിയില്‍ 3380 എണ്ണത്തെയും ഇത്തരത്തില്‍ ദ്രുതകര്‍മസേന കൊന്ന് സംസ്‌കരിച്ചു.
ഇന്നലെ 12 ദ്രുതകര്‍മസേനയുടെ സംഘങ്ങളാണ് താറാവുകളെ കൊന്ന് സംസ്‌കരിക്കാനായി രംഗത്തിറങ്ങിയത്. കില്ലിങ് നടന്ന ഭാഗത്ത് പുനഃപരിശോധനയ്ക്കായി മൂന്നു സംഘങ്ങള്‍ രംഗത്തുണ്ടായിരുന്നു. ശുചീകരണത്തിനും അണുവിമുക്തമാക്കാനുമായി ഒമ്പതുടീമുകള്‍ പ്രവര്‍ത്തിച്ചു. അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി സോഡിയം ഹൈഡ്രോക്ലോറൈഡ് തളിക്കല്‍, കുമ്മായം തൂകുക തുടങ്ങിയ നടപടികളാണ് സംഘം സ്വീകരിക്കുന്നത്.
കൂടാതെ ഇതുവരെ ദൗത്യസംഘം 24115 ചത്ത താറാവുകളെ സംസ്‌കരിച്ചിട്ടുണ്ട്. ഇന്നലെ വരെ 4,71,042 താറാവുകളെ സംഘം കൊന്ന് സംസ്‌കരിച്ചു. ഇന്നലെ വരെ ചത്തതും കൊന്നതുമായി 4,95157 താറാവുകളെ ദൗത്യസംഘം സംസ്‌കരിച്ചിട്ടുണ്ട്. ഇന്നലെ ചെന്നിത്തലയില്‍ 75 കിലോ തീറ്റ നശിപ്പിച്ചു. ഇതോടെ ഇതുവരെ നശിപ്പിച്ച തീറ്റയുടെ അളവ് 9255 കിലോ ആയി. ഇന്നലെ ചെന്നിത്തലയില്‍ 78086 മുട്ടകള്‍ നശിപ്പിച്ചു. ഇതുവരെ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് നശിപ്പിച്ച മുട്ടകള്‍ 1,52,313 എണ്ണം വരും.
ഇന്നും കില്ലിങ്ങും അണുവിമുക്തമാക്കലും തുടരും. എത്രയും വേഗത്തില്‍ രോഗ നിയന്ത്രണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ ദൗത്യസംഘാങ്ങളെ അന്യജില്ലകളില്‍ നിന്നും മൃഗസംരക്ഷണ വകുപ്പ് കൊണ്ടുവന്നതെന്ന് പക്ഷിപ്പനി നിയന്ത്രണത്തിന് നിയോഗിച്ച സംഘങ്ങളുടെ നോഡല്‍ ഓഫീസര്‍ ഡോ.വി.ഗോപകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."