ഇതരസംസ്ഥാന തൊഴിലാളികളെ രംഗത്തിറക്കാന്‍ സാധ്യത
കോവളം: കൈയിലുള്ള 500ന്റെയും 1000ത്തിന്റെയും പഴയനോട്ടുകളും കള്ളപ്പണവും വെളുപ്പിക്കാന്‍ ഇതരസംസ്ഥാന തൊഴിലാളികളെയും പിന്നോക്ക മേഖലകളിലെ സ്ത്രീകളുല്‍പ്പടെയുള്ളവരെയും രംഗത്തിറക്കാന്‍ സാധ്യത. ഇതു സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുള്ളതായാണ് വിവരം.
തുച്ഛമായ കമ്മിഷന്‍ വ്യവസ്ഥയിലും ശമ്പളത്തിനും ആള്‍ക്കാരെ കൂട്ടി പണം മാറിയെടുക്കുന്നതിനുള്ള തന്ത്രമാണത്രെ അണിയറയില്‍ ഒരുങ്ങുന്നത്. പണം മാറിയെടുക്കാന്‍ എത്ര സമയം വരെയും ക്യൂവില്‍ നില്‍ക്കാനുള്ള ക്ഷമയുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തെറ്റില്ലാത്ത വരുമാനം നല്‍കിയാല്‍ ഇവരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും എന്ന തിരിച്ചറിവാണ് ഇവരെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നതിന് പിന്നിലെന്നാണ് ബന്ധപ്പെട്ടവപ്പെട്ടവരുടെ വാദം.
വിഴിഞ്ഞം, കോവളം തുടങ്ങിയ തീരദേശ മേഖലയില്‍ മാത്രം പതിനായിരത്തോളം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണറിവ്. ഇത്തരം ക്യാംപ് നടത്തുന്നവരെ കണ്ടെത്തി തിരിച്ചറിയല്‍ കാര്‍ഡുള്ള തൊഴിലാളികളുടെ സേവനം വിനിയോഗിക്കാനാണ് ശ്രമം.
തീരദേശ മേഖലയിലെ ബാങ്കുകളില്‍ ഇന്നലെ പണം മാറാനെത്തിയവരില്‍ അധികവും പിന്നോക്ക മേഖലയിലെ വനിതകളായിരുന്നു. ഇവരുടെ കൂട്ടമായ വരവ് പല ബാങ്കുകളുടെയും സ്റ്റോക്ക് ഉച്ചയോടെ ശൂന്യമാക്കി.
തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ എസ്.ബി.ടി ടോക്കണ്‍ വിതരണം നേരത്തെ നിര്‍ത്തി. പലരും നിരാശയോടെ മടങ്ങിയെങ്കിലും കൈയിലുള്ള പണം മാറ്റിയെടുക്കാനുറച്ച് നിരവധി സ്ത്രികളും പ്രായമായവരടങ്ങുന്ന സംഘങ്ങളും ബാങ്കുകളുടെ മുന്നില്‍ കാത്തുനിന്നു. പോസ്റ്റ് ഓഫിസുകളുടെ ബ്രാഞ്ചുകളിലും പണമില്ലെന്ന് വന്നത് ജനങ്ങളുടെ ദുരിതം വര്‍ധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."