കാരുണ്യത്തിന്റെ കാല്‍പന്തുകളിക്ക് കര്‍ക്കിടാംകുന്നില്‍ നാളെ തുടക്കം
വെട്ടത്തൂര്‍: കാല്‍പന്തുകളിയുടെ കാല്‍പനിക സൗന്ദര്യം കാരുണ്യ പ്രവര്‍ത്തനത്തിനായി നീക്കിവച്ച് വെള്ളിയാറിന്റെ തീരത്ത് നടത്തുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് ഇന്നു തുടക്കമാകും. സംസ്ഥാനത്ത് ഈ സീസണില്‍ കേരളാ സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ (എസ്.എഫ്.എ) സംഘടിപ്പിക്കുന്ന ആദ്യത്തെ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു കൂടിയാണ് നാളെ മുതല്‍ കര്‍ക്കിടാംകുന്നില്‍ കളമൊരുങ്ങുന്നത്. ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നാളെ രാത്രി എട്ടിന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. കര്‍ക്കിടാംകുന്ന് ആലുങ്ങലിലെ ഐ.സി.എസ് യു.പി സ്‌കൂള്‍ ഫ്‌ളഡ്‌ലൈറ്റ് മൈതാനിയിലാണ് മല്‍സരങ്ങള്‍. 31 ക്ലബ് ടീമുകളാണ് മേളയില്‍ മാറ്റുരയ്ക്കുന്നത്. ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ മെഡിഗാഡ് അരീക്കോടും കെ.എഫ്.സി കാളികാവും തമ്മില്‍ ഏറ്റുമുട്ടും.
പാലക്കാട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന രണ്ടു ഗ്രാമങ്ങളായ കര്‍ക്കിടാംകുന്നിലെ കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ജില്ലയിലെ എടപ്പറ്റ പാലിയേറ്റീവ് കെയറിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഇവിടെ പന്തുരുളുന്നത്. ഫുട്‌ബോള്‍ ഫോര്‍ ചാരിറ്റി ആന്‍ഡ് യൂനിറ്റി എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിലൂടെ ലഭിക്കുന്ന വരുമാനം പൂര്‍ണമായും നിര്‍ധനരുടെ കണ്ണീരൊപ്പാന്‍ വേണ്ടി വിനിയോഗിക്കാനാണ് സംഘാടകരുടെ തീരുമാനം. രോഗികള്‍ക്ക് വീല്‍ചെയറില്‍ ഇരുന്ന് സൗജന്യമായി കളികണ്ട് ആസ്വദിക്കുന്നതിനും തൊട്ടടുത്ത പാലിയേറ്റീവ് ക്ലീനിക്കുകള്‍ക്ക് സംഭാവന ശേഖരിക്കുന്നതിനായി പ്രത്യേക പദ്ധതിയും ഒരുക്കിയിട്ടുണ്ട്. കൂടാതെ, മല്‍സരം നടക്കുന്ന ഓരോ ദിവസവും പ്രേക്ഷകര്‍ തെരെഞ്ഞെടുക്കുന്ന നിര്‍ധനരായ രോഗികള്‍ക്ക് 2000രൂപയുടെ പാലിയേറ്റീവ് കിറ്റും നല്‍കും.
ഗ്യാലറിയില്‍ ഏഴായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പി.കെ മുഹമ്മദാലി ചെയര്‍മാനും കെ.മുഹമ്മദ് അശ്‌റഫ് ജനറല്‍ കണ്‍വീനറുമായ 501അംഗ കമ്മിറ്റിയാണ് ടൂര്‍ണമെന്റിന് നേതൃത്വം നല്‍കുന്നത്. ടൂര്‍ണമെന്റിന്റെ പതാക പ്രകാശനം ഇന്നലെ ആലുങ്ങലില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം പൊലിസ് സൂപ്രണ്ട് എം.കെ പുഷ്‌ക്കരന്‍ നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി.കെ മുഹമ്മദലി അധ്യക്ഷനായി. പി.പി.കെ അബ്ദുറഹ് മാന്‍, കെ.ഷൗക്കത്തലി, കെ.മുഹമ്മദ് അശ്‌റഫ്, പി.കെ അബ്ദുല്‍ നാസര്‍, ടി.വി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."