മഞ്ചേരി -മലപ്പുറം റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷം
മഞ്ചേരി: മഞ്ചേരി -മലപ്പുറം റോഡില്‍ ഇന്നലെ ഗതാഗതക്കുരുക്ക് കൂടുതല്‍ രൂക്ഷമായി. തിരക്കേറിയ ഈ റോഡില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജിലേക്ക് എത്തിയ വാഹനങ്ങള്‍ റോഡിന്റെ ഇരുവശങ്ങളിലും നിര്‍ത്തിയിട്ടതും ഇതിനടുത്ത് തന്നെ ഓവുചാല്‍ നിര്‍മാണം നടന്നുവരുന്നതുമാണ് ഗതാഗത കുരുക്കു രൂക്ഷമാവാന്‍ കാരണമായത്. കൂടുതല്‍ ഗതാഗത ക്രമീകരണം ഇല്ലാതെയാണ് ഓവുചാല്‍ പ്രവൃത്തി നടന്നുവരുന്നത്.
രാവിലെ പത്തോടെയും വൈകീട്ട് നാലിന് ശേഷവുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. ബീവറേജ് ഔട്ട്ലെറ്റ് നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്നത് മൂലം നേരത്തെതന്നെ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാകാറുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജ്, ജില്ലാകോടതി എന്നിവയുടെ പരിസരത്തു നിന്നും ഇതു മാറ്റി സ്ഥാപിക്കണമെന്ന് നിരന്തരം ആവശ്യം ഉയര്‍ന്നതാണ്. മഞ്ചേരി മെഡിക്കല്‍ കോളജിലേക്കുള്ള പ്രധാന പാതയാണിത്. ഈ റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായാല്‍ നഗരത്തിന്റെ മിക്കഭാഗങ്ങളിലും വലിയ ബ്ലോക്കാണ് അനുഭവപ്പെടാറുള്ളത്. ഇതുകാരണം മെഡിക്കല്‍ കോളജിലേക്കെത്തുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ദീര്‍ഘനേരം രോഗികളേയുംകൊണ്ട് വഴിയില്‍ കുടുങ്ങി കിടക്കേണ്ടി വരികയാണ്.
നിലവിലെ ഗതാഗത പരിഷ്കാരത്തിനു ഹൈക്കോടതിയുടെ സ്റ്റേ വന്നതിനു ശേഷം മഞ്ചേരി മലപ്പുറം റോഡില്‍ പൊതുവില്‍ തിരക്കു വര്‍ധിച്ചിട്ടുണ്ട്. കോടതി, മിനി സിവില്‍ സ്റ്റേഷന്, പൊലിസ് സ്റ്റേഷന്, താലൂക്ക് ഓഫീസ് തുടങ്ങി മഞ്ചേരിയിലെ ഭരണസിരാ കേന്ദ്രങ്ങള്‍ പ്രവര്ത്തിക്കുന്നിടത്തേക്കുള്ള ഈ റോഡ് തിരക്കു കുറക്കാനുള്ള നീക്കം പലപ്പോഴും നടന്നിട്ടുണ്ടെങ്കിലും അതൊന്നും വിജയം കണ്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."