കരാര്‍ അറിയിക്കാതിരുന്നത് വഞ്ചനാപരം: വ്യാപാരി വ്യവസായി ഏകോപന സമിതി
മഞ്ചേരി: അഗ്നിശമനസേനക്കു ഫയര്‍ എഞ്ചിന്‍ നിര്‍ത്തിയിടാന്‍ നിര്‍മിച്ചുനല്‍കിയ ഷെഡ് പൊളിക്കാന്‍ നഗരസഭ അനുമതി നല്‍കിയത് അംഗീകരിക്കാനാവില്ലെന്നും നേരത്തെ പരിസര ഉടമകളുമായി ഉണ്ടാക്കിയ കരാര്‍ അറിയിക്കാത്തത് വഞ്ചനാപരമായെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മഞ്ചേരി ഫയര്‍സ്റ്റേഷന്റെ ഔദ്യോഗിക വാഹനം വെയിലും മഴയും കൊണ്ട് തകരാറുകള്‍ സംഭവിച്ചുതുടങ്ങിയപ്പോള്‍ അതിനു പരിഹാരമായി വ്യാപാരി വ്യാവസായി ഏകോപന സമിതിയാണ് ഷെഡ് നിര്‍മിച്ചുനല്‍കിയിരുന്നത്. കഴിഞ്ഞ ദിവസമാണ് ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിനായി പ്രസ്തുത സ്ഥലം വിട്ടുകൊടുത്ത ഉടമയുടെ പരാതിയെ തുടര്‍ന്ന് അധികൃതര്‍ ഷെഡിന്റെ ഒരു ഭാഗം നീക്കം ചെയ്തത്. ഫയര്‍ഫോഴ്‌സിനു 85,000 രൂപ ചിലവഴിച്ചു നിര്‍മിച്ചു നല്‍കിയ ഷെഡ് കേടുപാടുകള്‍ കൂടാതെ മാറ്റി സ്ഥാപിച്ച് ഫയര്‍ഫോഴ്‌സ് യൂനിറ്റ് മഞ്ചേരിയില്‍ നിലനിര്‍ത്തണമെന്ന് വ്യാപാരികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ എംപി.എം ഹമീദ് കുരിക്കള്‍, കെ.നിവില്‍ ഇബ്രാഹീം, സക്കീര്‍ചമയം, സഹീര്‍ കോര്‍മത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."