ജലനിധി ഓഫിസില്‍ രണ്ടുകോടിയുടെ ക്രമക്കേട്; കരാര്‍ ജീവനക്കാരന്‍ ഒളിവില്‍, ഭാര്യ അറസ്റ്റില്‍
മലപ്പുറം: ജലനിധി ഓഫീസില്‍ നിന്നും രണ്ടുകോടിയിലധികം രൂപയുടെ ക്രമക്കേട് നടത്തി കേസില്‍ രണ്ടാം പ്രതി അറസ്റ്റിലായി. ഒന്നാം പ്രതി കാസര്‍കോട് നിലേശ്വരം സ്വദേശി പ്രവീണ്‍കുമാറിന്റെ ഭാര്യ കെ.പി ദീപ (35) യെയാണ് മലപ്പുറം സി.ഐ എ. പ്രേംജിത് അറസ്റ്റ് ചെയ്തത്. ബാങ്ക് അക്കൗണ്ടിലൂടെയുള്ള പണം കൈമാറ്റത്തില്‍ കൃത്രിമം നടത്തിയെന്ന് കണ്ടെത്തിയതൊടെ ജലനിധി റീജ്യണല്‍ ഡയറക്ടര്‍ നല്‍കിയ പരാതിയിലാണ് പൊലിസ് നടപടി. ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശപ്രകാരം മലപ്പുറം ഡി.വൈ.എസ്.പി പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ മലപ്പുറം സി.ഐ പ്രംജിത്താണ് കേസ് അന്വേഷിക്കുന്നത്. നീലേശ്വരത്ത് വച്ചാണ് രണ്ടാം പ്രതിയെ കസ്റ്റഡിയിലെടുത്തത്. മലപ്പുറത്തെത്തിച്ച് ചോദ്യം ചെയ്ത പ്രതിയെ ഇന്നലെ രാത്രിയോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
2011 ജലനിധി ജില്ലാ ഓഫീസില്‍ കരാര്‍ ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ച പ്രവീണ്‍കുമാര്‍ നിരവധി തവണയായാണ് രണ്ട് കോടിയിലധികം രൂപ പെരിന്തല്‍മണ്ണയിലുള്ള സ്വന്തം സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് എറണാകുളത്ത് ഫ്‌ളാറ്റുകള്‍ വാങ്ങിയതായും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ നീലേശ്വരത്ത് നിന്ന് ഒരു ആഡംബര കാറും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാമ്പത്തിക ക്രമക്കേട്‌നടത്തുന്നതിനും ഈ തുക ഉപയോഗിച്ച് വാഹനങ്ങളും വീടും ഫ്‌ളാറ്റുകളും വാങ്ങുന്നതിന് കൂട്ടുനിന്ന കുറ്റത്തിനുമാണ് ഒന്നാം പ്രതി പ്രവീണിന്റെ ഭാര്യ ദീപയെ പൊലിസ് അറസ്റ്റ് ചെയ്തത്. കൃത്യമായി അവലോകനം നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ക്കിടെ ദീര്‍ഘകാലം ക്രമക്കേട് കണ്ടെത്താത്തതിലും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നടക്കം വിഷയത്തില്‍ പരാതി ഉയരാത്തത് സംബന്ധിച്ചും പൊലിസ് വിശദമായി അന്വേഷിക്കും. ഇന്നലെ പ്രതികള്‍ അങ്ങാടിപ്പുറത്ത് സ്വന്തമായി വാങ്ങിച്ച വീട്ടില്‍ സി.ഐയുടെ നേത്വത്തില്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവ് പൊലിസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ബാങ്കിങ് തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ പഞ്ചായത്തുകള്‍ക്ക് കൈമാറാനുള്ള അക്കൗണ്ട് നമ്പറുകള്‍ക്കൊപ്പം സ്വകാര്യ അക്കൗണ്ട് നമ്പറിലേക്ക് രണ്ടുകോടിയോളം രൂപ കൈമാറിയതായി ശ്രദ്ധയില്‍പെട്ടതോടെ ജലനിധി റീജ്യണല്‍ ഡയറക്ടര്‍ പരാതി നല്‍കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ കരാര്‍ ജീവനക്കാരനായ പ്രവീണ്‍കുമാറാണെന്ന് കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് മലപ്പുറം പൊലിസ് കഴിഞ്ഞ ദിവസമാണ് പ്രവീണ്‍കുമാറിനെതിരെ കേസെടുത്തത്. ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം മലപ്പുറം സി.ഐ എ. പ്രേംജിത് ആണ് കേസ് അന്വേഷിക്കുന്നത്. എ.എസ്.ഐ സലാം പൊലിസുകാരയ സുഷമ, ഷര്‍മിള എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."