അസാധുവാക്കാന്‍ നെട്ടോട്ടം
മലപ്പുറം: 500, 1000 രൂപകള്‍ അസാധുവാക്കിയതിന്റെ രണ്ടാം ദിവസമായ ഇന്നലെ അസാധുവിനെ സാധുവാക്കാനുള്ള നെട്ടോട്ടമായിരുന്നു നാടുനീളെ. കേന്ദ്ര സര്‍ക്കാര്‍ ആയിരം, അഞ്ഞൂറ് രൂപയുടെ കറന്‍സികള്‍ പിന്‍വലിച്ചതിന്റെ ഭാഗമായി ഒരു ദിവസത്തേക്ക് നിര്‍ത്തിവച്ച ബാങ്കിടപാടുകള്‍ ഇന്നലെ പുനരാരംഭിച്ചതോടെയാണ് കറന്‍സികള്‍ മാറ്റിവാങ്ങാന്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളിലേക്ക് ജനങ്ങളെത്തിയത്. ബാങ്കുകള്‍ക്കു പുറമേ പോസ്റ്റോഫീസുകളിലും കറന്‍സികള്‍ മാറി വാങ്ങാനെത്തിയവരുടെ വന്‍തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.
ഏഴുമണിക്കു തുടങ്ങി..
ഏഴു വരെ...
രാവിലെ ഏഴോടെ തന്നെ ബാങ്കുകള്‍ക്കു മുന്നില്‍ നീണ്ട വരി ആരംഭിച്ചിരുന്നു. തിരക്ക് നിയന്ത്രണാതീതമായതോടെ പല ബാങ്കുകളും പൊലിസ് സഹായം തേടിയ ഒട്ടുമിക്ക ബാങ്കുകളിലും പണം മാറുന്നതിന് പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിരുന്നെങ്കിലും രാവിലെ പത്തോടെ തിരക്ക് ക്രമാധീതമായി വര്‍ധിക്കുകയായിരുന്നു. കറന്‍സികള്‍ മാറ്റി വാങ്ങാനെത്തുന്നവര്‍ക്കൊപ്പം മറ്റിടപാടുകാരും എത്തിയതോടെ ബാങ്കുകളിലും പോസ്‌റ്റോഫീസുകളിലും കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ് ഉണ്ടായത്. തിരക്ക് വര്‍ധിച്ചതിനാല്‍ പല ബാങ്കുകളിലും ഉച്ചയോടെ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെട്ടുത്തി. നോട്ടുകള്‍ മാറുന്നവര്‍ക്ക് ആദ്യദിവസം 4000 രൂപ വരെയാണ് നല്‍കിയത്. ബാങ്കുകള്‍ ആറുമണിവരെ പ്രവര്‍ത്തിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പല ബാങ്കുകളിലും ഉച്ചയോടെ തന്നെ പണം തീര്‍ന്നു. കൂടുതല്‍ പണം ഉണ്ടായിരുന്ന പല ബാങ്കുകളും ഏഴുമണിവരെ പ്രവര്‍ത്തിച്ചത് അവിടെയെത്തിയ ഇടപാടുകാര്‍ക്ക് സഹായകമായി.
ചോദിച്ചത് 2000ത്തിന്റെ പുതിയ നോട്ട്, കിട്ടിയത് 20ന്റെ ഒത്തിരി നോട്ട്
പിന്‍വലിച്ച ആയിരം, അഞ്ഞൂറ് രൂപയുടെ കറന്‍സികള്‍ക്കു പകരം പിടക്കുന്ന രണ്ടായിരത്തിന്റെ പുത്തന്‍ നോട്ട് കിട്ടുമെന്ന് കരുതിയാണ് മിക്കവരും ബാങ്കിലേക്കു വെച്ചു പിടിച്ചത്. എന്നാല്‍ കിട്ടിയതാകട്ടെ പത്തിന്റെയും ഇരുപതിന്റെയും നോട്ടുകെട്ടുകള്‍. പത്ത്, ഇരുപത് രൂപകളുടെ നോട്ടു കെട്ടുകള്‍ക്കു പുറമേ 50, 100, 2000 രൂപ നോട്ടുകളും ജില്ലയില്‍ ഇന്നലെ വിതരണം ചെയ്തു. പുതിയ അഞ്ഞൂറിന്റെ നോട്ടുകള്‍ എത്തുമെന്ന് അറിയിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്നലെ എവിടേയും 500 വിതരണം ചെയ്തിട്ടില്ല. പണം മാറ്റി എടുക്കുന്നതിനു പുറമേ സ്വന്തം അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനും ജനങ്ങള്‍ കൂട്ടത്തോടെ ബാങ്കുകളിലെത്തി.
ഇന്ന് മുതല്‍ എ.ടി.എം കൗണ്ടറുകളില്‍ നിന്ന് പണം ലഭിക്കും
ആയിരം, അഞ്ഞൂറ് രൂപയുടെ കറന്‍സികള്‍ പിന്‍വലിച്ചതിന്റെ ഭാഗമായി അടഞ്ഞു കിടന്ന എ.ടി.എം കൗണ്ടറുകള്‍ രണ്ടുദിവസത്തിന് ശേഷം ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും. എ.ടി.എം കൗണ്ടറുകളിലേക്കുളള പണം എത്തി കഴിഞ്ഞെന്നാണ് അറിയുന്നത്. എന്നാല്‍ പ്രധാന ടൗണുകളിലെ എം.ടി.എം കൗണ്ടറുകളില്‍ പണം നിറച്ചെന്ന് അധികൃതര്‍ അറിയിക്കുന്നുണ്ടെങ്കിലും ഉള്‍പ്രദേശങ്ങളിലെ കൗണ്ടറുകളില്‍ പണം എത്തിയിട്ടില്ലെന്നും സൂചനയുണ്ട്. ബാങ്കുകള്‍ക്കു പുറമേ എ.ടി.എം വഴിയും പണം പിന്‍വലിക്കാമെന്നായതോടെ ഇന്നുമുതല്‍ ബാങ്കുകളിലെ തിരക്കു കുറയും.
സഹകരണ ബാങ്കുകളിലും പണം
സ്വീകരിക്കും
കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 500, 1000 രൂപയുടെ നോട്ടുകള്‍ സഹകരണ ബാങ്കുകളും സ്വീകരിക്കണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദേശം ജില്ലയിലെ ജനങ്ങള്‍ക്ക് ഗുണകരമാവും. ജില്ലാ സഹകരണ ബാങ്കുകള്‍ മുതല്‍ താഴേക്കുള്ള ബാങ്കുകള്‍ക്കാണ് ഇതിന് അനുമതി നല്‍കിയിരിക്കുന്നത്. ഇവിടെ നിക്ഷേപമായി മാത്രമേ പണം സ്വീകരിക്കുകയുള്ളു. പഴയ നോട്ടുകള്‍ മാറ്റി നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്ക് അധികാരമില്ല.
സഹകരണ ബാങ്കുകളില്‍ റെയ്ഡ്
കള്ളപ്പണം പിടികൂടുന്നതിന്റെ ഭാഗമായി ജില്ലയിലെ സഹകരണ ബാങ്കുകളില്‍ ഇന്നലെ ആദായ നികുതി വകുപ്പ് വ്യാപക പരിശോധന നടത്തി. പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഉള്‍പ്പെടെയാണ് മിന്നല്‍ പരിശോധന നടന്നത്. സഹകരണ ബാങ്കുകളില്‍ വ്യാപകമായി കള്ളപ്പണം സൂക്ഷിക്കുന്നുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. സംസ്ഥാനത്തെ മറ്റു ജില്ലകളിലെ സഹകരണ ബാങ്കുകളിലും ഇന്നലെ പരിശോധന നടന്നിരുന്നു.
ഫീസ് പിന്നെ മതി, ചിലയിടങ്ങളില്‍
കടമുടക്കവും
ഫീസ് അടക്കാത്തതിന്റെ പേരില്‍ നിത്യവും കുട്ടികളെ ക്രൂശിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ രണ്ടു ദിവസമായി മൗനത്തിലാണ്. ഫീസു ചോദിച്ചാല്‍ അസാധുവായ അഞ്ഞൂറും ആയിരവും തന്നേക്കുമെന്ന് ഭയന്നാണ് വിവിധ സ്ഥാപന മേധാവികള്‍ തല്‍ക്കാലം ഫീസ് പിരിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തിരിക്കുന്നത്. പഴയ നോട്ടുമായി എത്തുന്നവരുടെ പണം സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനത്തില്‍ നിന്ന് ഇന്നലെയും വ്യാപാരികള്‍ പിന്മാറിയിട്ടില്ല. അസാധുവായ 500, 1000 രൂപകള്‍ സ്വീകരിക്കേണ്ടി വരുമെന്ന് ഭയന്ന് ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ ഇന്നലെ അടച്ചിട്ടു. ജ്വല്ലറികള്‍, ബേക്കറികള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയാണ് ഇന്നലെ പ്രവര്‍ത്തിക്കാതിരുന്നത്. പഴയ നോട്ടിനെ പേടിച്ച് നാട്ടിന്‍ പുറങ്ങളില്‍ ചില സ്വകാര്യ ബസുകള്‍ ഇന്നലെ നിരത്തിലിറങ്ങിയില്ല.
പണം പിന്‍വലിക്കാം
ഒറ്റ ദിവസം അക്കൗണ്ടില്‍ നിന്ന് പരമാവധി 10,000 രൂപയാണ് പിന്‍വലിക്കാനാവുക, ഒരാഴ്ചക്കുള്ളില്‍ പിന്‍വലിക്കാവുന്ന പരമാവധി തുക 20,000
പണം മാറ്റിയെടുക്കാം
നിര്‍ത്തലാക്കിയ 500, 1000 കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാന്‍ നിശ്ചിത ഫോറം പൂരിപ്പിച്ച് തിരിച്ചറിയില്‍ രേഖയുടെ കോപ്പി സഹിതം നല്‍കണം. പരമാവധി ഒരു ദിവസം 4000 രൂപയാണ് ഇങ്ങനെ മാറ്റിയെടുക്കാനാവുക.
പണം നിക്ഷേപിക്കാം
നിബന്ധനകള്‍ക്കു വിധേയമായി സ്വന്തം അക്കൗണ്ടിലേക്ക് എത്ര പണം വേണമെങ്കിലും നിക്ഷേപിക്കാം(കെ.വൈ.സി, പാന്‍ നിര്‍ബന്ധം). മറ്റൊരാളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാന്‍ ചെല്ലുന്നവര്‍ ആ വ്യക്തിയുടെ അധികാര പത്രവും അടക്കുന്നയാളിന്റെ തിരിച്ചറിയില്‍ രേഖയും നല്‍കണം.
എ.ടി.എമ്മില്‍ നിയന്ത്രണം
എ.ടി.എമ്മിലൂടെ പണം പിന്‍വലിക്കാനുള്ള പരമാവധി തുകക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 18 വരെ ദിവസം പരമാവധി 2000 രൂപയും തുടര്‍ന്ന് 19 മുതല്‍ 4000 രൂപയുമാണ് പിന്‍വലിക്കാനാവുക.
നെറ്റ് ബാങ്കിങ്ങിന് നിയന്ത്രണമില്ല
അക്കൗണ്ട് വഴിയുള്ള ട്രാന്‍സ്ഫര്‍, നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി. ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവയ്ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."