കോട്ടക്കല്‍ നഗരസഭയിലെ ഭവനശ്രീ പദ്ധതി; പ്രശ്നങ്ങള്‍ക്കു പരിഹാരം
കോട്ടക്കല്‍: നഗരസഭയില്‍ ഭവനശ്രീ പദ്ധതി നടപ്പാക്കുന്നതിനുള്ള തടസങ്ങള്‍ക്കു പരിഹാരമായി. വായ്പയെടുക്കുന്നതിനായി സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസുമായി കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, നഗരസഭ ചെയര്മാന് കെ.കെ നാസര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി. ഇതനുസരിച്ച് ഹഡ്കോയില്‍നിന്ന് 3.20 കോടി രൂപ നഗരസഭക്ക് വായ്പയെടുക്കാനാകും.
നഗരസഭയില്‍നിന്നു ഭവനശ്രീ പദ്ധതിക്കായി 160 പേരാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. നടത്തിപ്പിനായി ഹഡ്കോയില്‍നിന്ന് വായ്പ ലഭ്യമാകുന്നതിന് നഗരസഭ അപേക്ഷ നല്കി മാസങ്ങളായിട്ടും സര്‍ക്കാര്‍ അനുമതി തടഞ്ഞുവെക്കുകയായിരുന്നു. പ്രശ്നത്തില്‍ സി.പി.എം നഗരസഭ ഓഫിസ് മാര്‍ച്ചും നടത്തി. എന്നാല്‍ നഗരസഭയുടെ ഭാഗത്ത് നിന്നുള്ളതെല്ലാം ചെയ്തെങ്കിലും സംസ്ഥാന സര്‍ക്കാര്‍ മനപ്പൂര്‍വം പദ്ധതി മുടക്കുകയാണെന്ന് യൂത്ത്ലീഗും ആരോപിച്ചു. അപേക്ഷ നല്‍കിയവരെ പങ്കെടുപ്പിച്ച് നഗരസഭ ചെയര്‍മാനുമായുള്ള പ്രത്യേക അഭിമുഖവും മുനിസിപ്പല്‍ യൂത്ത്ലീഗ് സംഘടിപ്പിച്ചിരുന്നു. വായ്പക്കായെടുക്കുന്നതിനായി ജനുവരി 29 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഭവനശ്രീ പദ്ധതി സംബന്ധിച്ച പ്രത്യേക കൗണ്‍സില്‍ യോഗം ഇന്നലെ ചേര്‍ന്നു. ചെയര്മാന് കെ.കെ നാസര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."