കൊടിഞ്ഞി പള്ളി നവീകരണം; കുറ്റിയടിക്കലും നേര്‍ച്ചയും നാളെ
തിരൂരങ്ങാടി: രാജ്യത്തെ സത്യപള്ളിയായി അറിയപ്പെടുന്ന കൊടിഞ്ഞി പഴയ ജുമാമസ്ജിദ് പുനരുദ്ധാരണ കുറ്റിയടിക്കല്‍ നാളെ രാവിലെ ഒന്‍പതിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ നിര്‍വഹിക്കും. തുടര്‍ന്ന് വര്‍ഷാവര്‍ഷം തുടര്‍ന്നുവരുന്ന പള്ളി ശിലാസ്ഥാപന നേര്‍ച്ചയും നടക്കും. ഖത്തീബ് പി.എ ഹൈദരലി ഫൈസി, മുദരിസ് അബ്ദുറഹ്മാന്‍ ബാഖവി എന്നിവര്‍ മൗലിദിന് നേതൃത്വം നല്‍കും. ളുഹര്‍ നമസ്‌കാരാനന്തരം അന്നദാനം നടത്തും. ഇത് നാലാം തവണയാണ് കൊടിഞ്ഞിപ്പള്ളി വിപുലീകരിക്കുന്നത്. തങ്ങള്‍ പാകിയ ശിലയും, തങ്ങള്‍ നിസ്‌കരിച്ച മിഹ്‌റാബും, മിമ്പറയും നിലനിര്‍ത്തി അകംപള്ളി പ്രത്യേകം രൂപകല്‍പന ചെയ്താണ് പ്രവൃത്തി. അഞ്ചുകോടി രൂപ ചിലവിലാണ് നവീകരണം.
ഇരുനൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്പുറം സയ്യിദ് അലവി തങ്ങള്‍ നിര്‍മിച്ചതാണ് കൊടിഞ്ഞിപ്പള്ളി. കടുവാളൂര്‍, മച്ചിങ്ങാത്താഴം, പനക്കത്താഴം, തിരുത്തി, ചെറുപ്പാറ, പയ്യോളി, അല്‍അമീന്‍ നഗര്‍, കോറ്റത്ത്, കുറൂല്‍, കാളംതിരുത്തി തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൊടിഞ്ഞി പ്രദേശത്തിന്റെ മധ്യത്തിലാണ് പള്ളി സ്ഥിതിചെയ്യുന്നത്. മറ്റുപ്രദേശങ്ങളില്‍നിന്നും കുലത്തൊഴിലുകാരായ ആശാരി, കുറുപ്പ്, കൊല്ലന്‍,വണ്ണാന്‍ എന്നിവരെ പള്ളി നിര്‍മാണത്തിനായി തങ്ങള്‍ കൊടിഞ്ഞിയില്‍ കൊണ്ടുവരികയായിരുന്നു. ആശാരിമാര്‍ മരപ്പണിയും, കുറുപ്പ് കല്‍പ്പണിയും, കൊല്ലന്മാര്‍ മറ്റു പണികളും ചെയ്തു. പള്ളി നിര്‍മാണത്തിനുശേഷം മൂന്നു വിഭാഗങ്ങള്‍ക്കും കൊടിഞ്ഞിയില്‍ സ്ഥലം നല്‍കി തങ്ങള്‍ പുനരധിവസിപ്പിച്ചു.
ഇവരുടെ പിന്മുറക്കാര്‍ ഇന്നും കൊടിഞ്ഞിയില്‍ ജീവിച്ചുവരുന്നുണ്ട്. പള്ളിയില്‍ ഇരുപത്തേഴാം രാവിലെ പലഹാര വിതരണത്തില്‍ ഇവര്‍ക്ക് പ്രത്യേക ഓഹരി അവകാശമാക്കി മാറ്റി വെയ്ക്കുകയും ചെയ്തു. പള്ളിയില്‍ പ്രതിവര്‍ഷം നടക്കുന്ന സ്ഥാപക നേര്‍ച്ചയില്‍ അറുക്കുന്ന മാടുകളുടെ തുകലിന്റെ അവകാശം നല്‍കിയത് കൊല്ലന്മാര്‍ക്കാണ്. മമ്പുറം തങ്ങള്‍ തുടങ്ങിവെച്ച സത്യം ഇന്നും തുടര്‍ന്നു വരികയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ആളുകളാണ് സത്യത്തിന് പള്ളിയില്‍ എത്താറുള്ളത്. പൊലിസ് സ്റ്റേഷനുക , കോടതികള്‍ എന്നിവിടങ്ങളില്‍ നിന്നും തീര്‍പ്പാകാത്ത കേസുകള്‍ പലതും അവസാനം കൊടിഞ്ഞി പള്ളിയിലേക്ക് മാറ്റി വെയ്ക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."