വേനലെത്തും മുന്‍പെ പെരുമ്പടപ്പിലെ പങ്ങം കോളനിക്കാര്‍ കുടിവെള്ള ക്ഷാമത്തില്‍
മാറഞ്ചേരി: കോളനിയിലെ ഇരുപതോളം കുടുംബങ്ങള്‍ ദാഹജലത്തിനായി നെട്ടോട്ടമോടുന്നു. വിഷയത്തില്‍ പഞ്ചായത്ത് ഇടപെടല്‍ വൈകുന്നതായി നിവാസികളുടെ ആരോപണം. പെരുമ്പടപ്പ് പഞ്ചായത്തിലെ 12ാം വാര്‍ഡിലെ പങ്ങം കോളനിക്കാരാണ് വേനല്‍ എത്തും മുന്‍പെ കുടിവെള്ളത്തിനായി നാടാകെ നെട്ടോട്ടമോടുന്നത്. നാട്ടുകാരുടെ കാലങ്ങളുടെ മുറവിളികള്‍ക്കൊടുവില്‍ കോളനി നിവാസികള്‍ക്ക് പൊതു കിണര്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ടെങ്കിലും ഉള്ളതും ഇല്ലാത്തതും ഒരുപോലെയെന്നാണ് കോളനിക്കാരുടെ കുറ്റപ്പെടുത്തല്‍. പഞ്ചായത്ത് തുക ചെലവഴിച്ച് അടച്ചുറപ്പുള്ള കിണറുകളാണ് കോളനികാര്‍ക്ക് നിര്‍മിച്ചു നല്‍കിയിരിക്കുന്നത്. എന്നാല്‍ പുറമെ നിന്ന് നോക്കുമ്പോഴുള്ള ഭംഗി അടുത്തെത്തിയാല്‍ കാണാന്‍ കഴിയില്ലെന്നു മാത്രം.
കിണര്‍ കുഴിച്ചപ്പോള്‍ ലഭിച്ചത് തെളിഞ്ഞ വെള്ളമാണെങ്കിലും കോളനിക്കാര്‍ക്ക് ആ ജലം കുടിക്കാന്‍ സാധിച്ചിട്ടില്ല. ഇലകളും മറ്റും അഴുകി ചേര്‍ന്ന രീതിയിലാണ് കിണറിലെ വെള്ളം. കിണര്‍ നിര്‍മിച്ച് ഏഴു വര്‍ഷം പിന്നിട്ടിട്ടും കിണറുകളിലെ വെള്ളം കുടിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് കോളനിക്കാര്‍ പറയുന്നത്. ടാപ്പും, മോട്ടോറും എല്ലാം സ്ഥാപിച്ചിട്ടുണ്ടെങ്കിലും വസ്ത്രങ്ങള്‍ അലക്കാനും മറ്റുമുള്ള ആവശ്യങ്ങള്‍ക്കാണ് കിണറില്‍ നിന്നും ജലമെടുക്കുന്നത്.
ഇരുപതോളം കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്. ഇന്ന് ദാഹജലത്തിനായി കിലോമീറ്ററുകള്‍ അകലെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് സ്ത്രീകള്‍ വീടുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. ഇത്തവണ മഴ വലിയ തോതില്‍ കുറഞ്ഞതാണ് കോളനിവാസികളെ കൂടുതല്‍ ആശങ്കയിലാക്കുന്നത്. വേനലെത്തും മുന്‍പെ കിണര്‍ നവീകരിച്ച് കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാണ് കോളനിവാസികള്‍ പെരുമ്പടപ്പ് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."