വിശിഷ്ട സേവനം നടത്തിയവരില്‍ പോലും മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ ഉണ്ടായിരുന്നു
തേഞ്ഞിപ്പലം: മയക്കുമരുന്ന് വിരുദ്ധ സെല്ലില്‍ വിശിഷ്ട സേവനം അനുഷ്ഠിച്ച ചില ഉന്നത ഉദ്യോഗസ്ഥര്‍ പോലും മയക്കുമരുന്നിന് അടിമപ്പെട്ട മുന്‍ അനുഭവങ്ങളെ വിദ്യാര്‍ഥി സമൂഹം ഏറെ ജാഗ്രതയോടെ പാഠമാക്കേണ്ടതുണ്ടെന്ന് ഡല്‍ഹി പൊലിസില്‍ ക്രൈം ഇക്കണോമിക് ഒഫന്‍സസ് ആന്‍ഡ് റെയില്‍വേയ്സില്‍ സ്പെഷ്യല്‍ കമ്മീഷണറും എസ്.പി.ജി ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന രഞ്ജിത്ത് നാരായണന് ഐ.പി.എസ് പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മദ്യ-മയക്കുമരുന്ന് വിരുദ്ധ ബോധവല്‍ക്കരണ ശില്പശാലയില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിസാരവിലക്ക് തുടക്കത്തില്‍ മയക്കുമരുന്ന് ലഭ്യമാക്കി ലഹരികളുടെ അടിമകളാക്കുന്ന തന്ത്രത്തെയും അങ്ങേയറ്റം ശ്രദ്ധിക്കേണ്ടതുണ്ടത്. മദ്യ-മയക്കുമരുന്ന് ഉപയോഗം റോഡപകടങ്ങള്‍ക്ക് മുഖ്യ കാരണങ്ങളിലൊന്നാണെന്നും രഞ്ജിത്ത് നാരായണന് പറഞ്ഞു. എന്‍.എസ്.എസ് പ്രോഗ്രാം കോഡിനേറ്റര്‍ പി.വി വല്‍സരാജന്‍ അധ്യക്ഷനായി. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, ഡോ.കെ.ഗോപാലന്, ഡോ.ബേബി ശാരി, ഡോ.ഇ.ശ്രീകുമാരന്‍, ഡോ.പി.രജിത് എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. സിന്‍ഡിക്കേറ്റ് അംഗം കെ.കെ ഹനീഫ സമാപന പ്രഭാഷണം നടത്തി. സിന്‍ഡിക്കേറ്റ് അംഗം ഡോ.പി.എം സലാഹുദ്ദീന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഡോ.എ.ബി മൊയ്തീന്‍കുട്ടി സ്വാഗതവും ജോര്‍ജ് ജോണ്‍ നന്ദിയും പറഞ്ഞു. സംസ്ഥാനത്തെ വിവിധ കോളേജുകളിലെയും സ്കൂളുകളിലെയും എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."