തെങ്ങിന് കരിവാളിച്ച; കേരകര്‍ഷകര്‍ ആശങ്കയില്‍
ചങ്ങരംകുളം: തെങ്ങോലകള്‍ കരുവാളിച്ച് തുടങ്ങിയത് കേരകര്‍ഷകരെ ആശങ്കയിലാക്കുന്നു. ചങ്ങരംകുളം, എടപ്പാള്‍, മാറഞ്ചേരി, വളയംകുളം, കോക്കൂര്‍, പാവിട്ടപ്പുറം മേഖലയില്‍ വ്യാപകമായി തെങ്ങിന് കരുവാളിച്ച അനുഭവപ്പെട്ടു തുടങ്ങിയതാണ് കേര കര്‍ഷകരില്‍ ആശങ്കയുളവാക്കുന്നത്. തെങ്ങോലകള്‍ പൂര്‍ണമായോ ഭാഗികമായോ കറുത്ത് ഒടിഞ്ഞ് തൂങ്ങുന്നതാണ് രോഗ ലക്ഷണം. രോഗം മൂര്‍ച്ചിക്കാതിരിക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ കേരകര്‍ഷകര്‍ ആശങ്കയിലായിരിക്കുകയാണ്.
വെള്ള ഈച്ചയുടെ ആക്രമണമാണ് ഇത്തരത്തില്‍ ഓലകള്‍ കരിവാളിച്ചു തുടങ്ങുന്നതിന്റെ ലക്ഷണമെന്നാണ് പഴയ തലമുറക്കാര്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് രോഗത്തിന്റെ കാരണമെന്നും വിലയിരുത്തുന്നവരുണ്ട്. തെങ്ങുകള്‍ ഉണങ്ങിപ്പോകുമോയെന്ന ഭയപ്പാടിലാണ് പലരും രോഗത്തെ ഉറ്റു നോക്കുന്നത്. തേങ്ങയ്ക്ക് വിലയിടഞ്ഞതും കൃഷിഭവനുകള്‍ സംഭരിച്ച തേങ്ങയ്ക്ക് വില ലഭിക്കാത്തതും കേര കര്‍ഷകര്‍ക്ക് ദുരിതം വിതക്കുമ്പോള്‍ ഇത്തരത്തില്‍ രോഗവും പിടിപെട്ടാല്‍ പ്രതിവിധിക്കായി എന്ത് ചെയ്യണമെന്ന ആശങ്കയാണ് പല കര്‍ഷകരും പങ്ക് വയ്ക്കുന്നത്. തക്കതായ പ്രതിവിധിയും മരുന്നും ബോധവത്കരണ ക്ലാസും നല്‍കി കേര കര്‍ഷകരുടെ ആശങ്കക്ക് പരിഹാരം വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."