നോട്ടുകള്‍ മാറ്റാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ; ബഹളം
കോഴിക്കോട്: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം കറന്‍സികള്‍ മാറ്റിവാങ്ങാനും പണം നിക്ഷേപിക്കാനുമായി ഇന്നലെ ബാങ്കുകളില്‍ ഇടപാടുകാരുടെ വന്‍ തിരക്ക്. പലരും ബാങ്കുകള്‍ തുറക്കുന്നതിന് വളരെ മുന്‍പേ തന്നെ എത്തിയിരുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കു പോലും പണം കൈയിലില്ലാതെ വന്നപ്പോഴാണ് പലരും ബാങ്കുകളിലേക്ക് എത്തിയത്. പുതിയ രണ്ടായിരം, അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ ലഭിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചതെങ്കിലും നൂറിന്റെയും 50, 20, 10 നോട്ടുകളാണ് മിക്ക ബാങ്കുകളില്‍ നിന്നും നല്‍കിയത്. മാനാഞ്ചിറ എസ്.ബി.ഐ മുഖ്യശാഖ, ഹെഡ് പോസ്റ്റ് ഓഫിസ്, എസ്.ബി.ഐ, എസ്.ബി.ടി, കാനറാ ബാങ്ക് എന്നിവരുടെ ഏതാനും ശാഖകള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് പുതിയ 2000 രൂപ എത്തിയത്. എന്നാല്‍, പുതിയ 500 രൂപ മിക്കയിടത്തും എത്തിയില്ല.
ബാങ്കുകളില്‍ നോട്ടുകള്‍ മാറിയെടുക്കാനും നിക്ഷേപിക്കാനും പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നെങ്കിലും അതൊന്നും ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ പര്യാപ്തമായിരുന്നില്ല. ആളുകളുടെ നീണ്ടനിര ബാങ്ക് ജീവനക്കാരെയും പ്രയാസത്തിലാക്കി. പല ബാങ്കുകളിലും ജനത്തിരക്ക് നിയന്ത്രിക്കാന്‍ പൊലിസിന്റെ സഹായവും തേടി. തിരക്ക് കാരണം ബാങ്കുകളില്‍ ഇടപാടുകള്‍ വളരെ താമസിച്ചാണ് നടന്നത്. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തത് പല ബാങ്കുകളിലും പ്രയാസം ഇരട്ടിയാക്കി. പോസ്റ്റ് ഓഫിസുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ഇന്നലെ രാവിലെ മുതല്‍ കോഴിക്കോട് മാനാഞ്ചിറയിലെ എസ്.ബി.ഐയുടെ പ്രധാന ശാഖയ്ക്ക് മുന്നില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പലരും ആവശ്യമായ തിരിച്ചറിയല്‍ രേഖകളില്ലാതെ വന്നത് പ്രശ്‌നങ്ങള്‍ക്കിടയാക്കി. ബഹളം കാരണം അല്‍പ്പനേരത്തേക്ക് പണം സ്വീകരിക്കലും മാറ്റി നല്‍കലും നിര്‍ത്തിവച്ചു. ആളുകള്‍ തള്ളിക്കയറിയതോടെ ബാങ്കിന്റെ ഷട്ടറും താഴ്ത്താന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. എസ്.ബി.ഐയില്‍ മൂന്നു കൗണ്ടറുകളാണ് ഇന്നലെ രാവിലെ മുതല്‍ പ്രവര്‍ത്തിപ്പിച്ചത്. ക്യൂ നിന്നവര്‍ക്ക് ഫോം നല്‍കി അത് പൂരിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. 1200 പേരാണ് ഇന്നലെ എസ്.ബി.ഐ മുഖ്യശാഖയില്‍ എത്തിയത്. പുതിയ നോട്ടുകളായി 65 ലക്ഷം രൂപ ഇന്നലെ രാവിലെയോടെ ഇവിടെ എത്തിച്ചിരുന്നു.
പേരാമ്പ്ര എസ്.ബി.ടി ശാഖയില്‍ അതിരാവിലെ മുതല്‍ ഇടപാടുകാരുടെ നീണ്ട നിരയുണ്ടായി. അപേക്ഷാ ഫോം വിതരണവുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാരും ഉപഭോക്താക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇവിടെ പുതിയ നോട്ടുകള്‍ വിതരണം ചെയ്തില്ല. പകരം 100, 20 രൂപയുടെ നോട്ടുകളാണ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."