പണം മാറാന്‍ പരക്കം പാച്ചില്‍
കണ്ണൂര്‍: ആശങ്കകള്‍ക്കൊടുവില്‍ ഇന്നലെ ബാങ്കുകള്‍ തുറന്നപ്പോഴും 500, 1000 നോട്ടുകള്‍ മാറ്റാനെത്തിയ ജനങ്ങളുടെ അങ്കലാപ്പു മാറിയിരുന്നില്ല. തുറക്കുന്നതിനു മുന്‍പുതന്നെ ബാങ്കുകള്‍ക്കു മുന്നില്‍ ജനത്തിരക്കായിരുന്നു. 4000 രൂപ വരെയേ മാറ്റി നല്‍കൂ എന്നറിഞ്ഞ് പലരും എത്തിയത് കുടുംബസമേതം. പുതിയ 500, 2000 നോട്ടുകള്‍ കിട്ടിയവര്‍ക്കെല്ലാം ആശ്ചര്യമായിരുന്നു. അസാധുവായ നോട്ടുകള്‍ക്ക് പകരം നല്‍കുന്നതിനായി കണ്ണൂരില്‍ ആദ്യ ദിനം എത്തിച്ചത് 20 കോടി രൂപയായിരുന്നു. എസ്.ബി.ഐയുടെ നിയന്ത്രണത്തിലാണ് പണം ജില്ലയിലെ വിവിധ ബാങ്കുകളിലും ഹെഡ് പോസ്‌റ്റോഫിസിലും വിതരണം ചെയ്തത്. ബുധനാഴ്ച്ച വൈകുന്നേരത്തോടെ തന്നെ പണം എത്തിച്ചിരുന്നു. ആറു മണി വരെ ബാങ്കുകളില്‍ ഇടപാടു നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നാലു മണിയോടെ തന്നെ മിക്കയിടത്തും പണം കാലിയായിരുന്നു.
മട്ടന്നൂര്‍: നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് മട്ടന്നൂര്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്‌സിലെ വ്യാപാരി വാടക ഇനത്തില്‍ നല്‍കിയത് പതിനായിരം രൂപയുടെ പത്ത് രൂപ നാണയ തുട്ടുകള്‍. ഉരുവച്ചാല്‍ സ്വദേശിയായ വ്യാപാരി ബുധനാഴ്ച മട്ടന്നൂര്‍ ഫെഡറല്‍ ബാങ്കിലാണ് നിക്ഷേപിച്ച പണം പിന്‍വലിക്കാനെത്തിയത്. പുതിയ നോട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് വാടക കുടിശ്ശികയുടെ കാലാവധി തീര്‍ന്നതിനാലുമാണ് ഇയാള്‍ ആയിരം രൂപ അടങ്ങിയ പത്ത് കെട്ട് നാണയം നല്‍കിയത്. ഈ തുകയാണ് ഇന്നലെ മട്ടന്നൂര്‍ നഗരസഭയില്‍ വാടക ഇനത്തിലടച്ചത്. പത്തായിരം രൂപയുടെ നാണയങ്ങള്‍ സഹപ്രവര്‍ത്തകരും മറ്റും ചേര്‍ന്നാണ് എണ്ണിതിട്ടപ്പെടുത്തിയത്.
ബാങ്കുകളെല്ലാം അധിക കൗണ്ടറുകള്‍ തുറന്നാണ് ഇന്നലെ ഇടപാടുകാരെ സ്വീകരിച്ചത്. കണ്ണൂര്‍ നഗരത്തിലെയും പരിസരത്തെയും ആറ് എസ്.ബി.ടി ശാഖകളും മറ്റു ബാങ്കുകളും അധിക കൗണ്ടറുകള്‍ തുറന്നു. ഓരോ ശാഖയിലും രണ്ടു വീതം കൗണ്ടറുകളാണ് അധികം തുറന്നതെന്ന് കാല്‍ടെക്‌സിലെ എസ്.ബി.ടി മെയിന്‍ ബ്രാഞ്ച് സീനിയര്‍ മാനേജര്‍ വിനോദ് കുമാര്‍ പറഞ്ഞു. ഫെഡറല്‍ ബാങ്കുകള്‍ ഒന്നു വീതവും എസ്.ബി.ഐ ശാഖകളില്‍ രണ്ടു വീതവും അധിക കൗണ്ടറുകള്‍ തുറന്നു. കൈയിലുള്ള 4000 രൂപ വരെ മാറ്റിവാങ്ങാനുള്ള കൗണ്ടറുകളിലായിരുന്നു തിരക്കു കൂടുതല്‍. ബാങ്കുകള്‍ നല്‍കിയ അപേക്ഷാ ഫോമുകള്‍ പൂരിപ്പിച്ച് തിരിച്ചറിയല്‍ രേഖയുടെ കോപ്പി സഹിതം അപേക്ഷിക്കുന്നവര്‍ക്കാണ് പണം മാറി നല്‍കിയത്. സേവിങ്‌സ് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കാനും നല്ല തിരക്കായിരുന്നു. ഡിമാന്റ് ഡ്രാഫ്റ്റ് സ്വീകരിക്കുന്നതടക്കമുള്ള മറ്റു നടപടികളില്‍ ബാങ്കുകള്‍ മാറ്റം വരുത്തി. ഡി.ഡിയുമായി എത്തിയ ഇടപാടുകാരോട് അവ വാങ്ങിവച്ചശേഷം വൈകുന്നേരം വന്നു ഇടപാടു നടത്താനുള്ള നിര്‍ദേശം നല്‍കി.
തലശ്ശേരി: നോട്ടുകള്‍ കൈമാറാന്‍ തുടങ്ങിയതോടെ ബാങ്ക്, പോസ്റ്റ്ഓഫിസ് ജീവനക്കാര്‍ വെള്ളം കുടിച്ചു. മതിയായ പണം ഇടപാടുകാര്‍ക്ക് നല്‍കാനില്ലാതായതോടെ തലശ്ശേരിയിലെ പല ബാങ്കുകളിലും ബഹളത്തിന് ഇടയായി. നോട്ടു മാറല്‍ കാരണം പോസ്റ്റ് ഓഫിസുകളുടെ ദൈനംദിന പ്രവര്‍ത്തനവും താളം തെറ്റി. ഇന്നലെ ഉച്ച മുതലാണ് നോട്ട് മാറല്‍ നടന്നത്. തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തിനു സമീപത്തെ എസ്.ബി.ഐ മുഖ്യശാഖയിലെത്തിയവര്‍ക്ക് മണിക്കൂറുകളോളം റോഡില്‍ പൊരിവെയിലത്ത് നില്‍ക്കേണ്ടി വന്നു. മൂന്നു മണിക്കൂറിലേറെ നേരം ക്യൂ നിന്നാണ് പലരും പണം നിക്ഷേപിച്ചത്. ദേശീയപാതയില്‍ ഇടപാടുകള്‍ ക്യൂ നില്‍ക്കാന്‍ വന്നതോടെ പൊലിസ് ഇടപട്ട് റോഡരികലേക്ക് ഇവരെ മാറ്റുകയും വാഹനഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. തലശ്ശേരി വിജയ ബാങ്ക് ശാഖയില്‍ ഇടപാടുകാര്‍ക്ക് പണം കൊടുക്കാനില്ലാത്തത് തര്‍ക്കത്തിന് ഇടനല്‍കി. കറന്‍സി മാറാന്‍ അപേക്ഷ പൂരിപ്പിക്കാനുള്ള സഹായം ചെയ്യാന്‍ ചിലര്‍ മുന്നിട്ടിറങ്ങിയത് സാധാരണക്കാര്‍ക്ക് ആശ്വാസമായി. തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണമെന്നറിയാതെ പലരും തിരിച്ചു പോകേണ്ടിയും വന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."