ഗ്രാമ ന്യായാലയത്തിന്റെ പരിധി നിര്‍ണയിച്ചത് അശാസ്ത്രീയം
ഇരിട്ടി: അശാസ്ത്രീയമായ രീതിയില്‍ ഗ്രാമന്യായാലയങ്ങളുടെ പരിധി നിര്‍ണയിച്ചത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി. ഗ്രാമ ന്യായാലയങ്ങളുടെ പരിധി ബ്ലോക്ക് പഞ്ചായത്തുകള്‍ നിര്‍ണയിക്കുന്നത് പൊതു ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പുതിയ ഗ്രാമ ന്യായാലയം സ്ഥാപിച്ചപ്പോള്‍ ഇതിന്റെ സേവനം തൊട്ടടുത്തു പോലും ലഭ്യമാകാത്ത സ്ഥിതി വിശേഷമാണുള്ളത്. മട്ടന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ പരിധിയിലുണ്ടണ്ടായിരുന്ന കീഴല്ലൂര്‍, കൂടാളി പഞ്ചായത്തുകളെ പുതുതായി രൂപീകരിച്ച പായം ഗ്രാമ ന്യായാലയത്തിന്റെ പരിധിയിലാണുള്പ്പെടുത്തിയിട്ടുള്ളത്. ഈ പ്രദേശത്തുകാര്‍ മട്ടന്നൂരില്‍ ബസ്സിറങ്ങി 17 കിലോമീറ്റര്‍ സഞ്ചരിച്ചുവേണം ഗ്രാമ കോടതിയിലെത്താന്‍. എന്നാല്‍ ഗ്രാമ കോടതിയില്‍ നിന്നു മൂന്നു കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള ഉളിക്കല്‍, മുഴക്കുന്ന് പഞ്ചായത്തുകളെ ഗ്രാമീണകോടതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ രണ്ടണ്ട് പഞ്ചായത്തുകളും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തില്‍ ഉള്പെടാത്തതാണ് കാരണം. കീഴൂര്‍ ചാവശ്ശേരി പഞ്ചായത്ത് ഇരിട്ടി മുനിസിപ്പാലിറ്റി ആയതോടെ ഗ്രാമകോടതിയുടെ സേവനം ഇവിടുത്തുകാര്‍ക്കും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മുനിസിപ്പാലിറ്റികള്‍ ത്രിതല പഞ്ചായത്തില്‍ ഉള്പെടാത്തതാണ് ഇതിനു കാരണം.ഇത്തരത്തില്‍ അശാസ്ത്രീയമായ പരിധി നിര്‍ണയം പുനഃപരിശോധിക്കണമെന്നും ജനങ്ങള്‍ക്ക് ഉപകാര പ്രദമായ രീതിയില്‍ ഗ്രാമകോടതികളുടെ പരിധി പുനര്‍നിര്‍ണയിക്കണമെന്നും എം.എല്‍.എ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."