കോര്‍പറേഷന്‍ ഭരണ സ്തംഭനംആരോപണശരങ്ങളുമായി പ്രതിപക്ഷം
കണ്ണൂര്‍: നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി രൂപവത്കരിച്ച കണ്ണൂര്‍ കോര്‍പറേഷനിലെ ഭരണ സ്തംഭനത്തിനെതിരേ പ്രതിപക്ഷം സമരമുഖത്തേക്കിറങ്ങുന്നു. 2015 നവംബര്‍ ഒന്നിനാണ് കോര്‍പറേഷന്‍ നിലവില്‍ വന്നത്. എന്നാല്‍ മേയറുടെ പ്രവര്‍ത്തനങ്ങള്‍ കേവലം രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണെന്നു പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കൗണ്‍സില്‍ യോഗങ്ങള്‍ മാസത്തില്‍ ഒരുതവണ പോലും വിളിച്ചുചേര്‍ക്കുന്നില്ല. നൂറുകണക്കിന് അജണ്ടകളാണു തീര്‍പ്പാകാതെ കിടക്കുന്നത്. നിയമപ്രകാരം വിളിച്ചുചേര്‍ക്കേണ്ട സ്റ്റിയറിങ് കമ്മിറ്റി ഒരുവര്‍ഷത്തില്‍ നാലുതവണ മാത്രമാണു ചേര്‍ന്നത്. വികസന പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണന നിശ്ചയിക്കുന്നതില്‍ വലിയതോതിലുള്ള രാഷ്ട്രീയ വിവേചനം ഉണ്ടാകുന്നുണ്ടെന്നും കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. കോര്‍പറേഷനില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാനോ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കാനോ ഇതുവരെ സാധിച്ചിട്ടില്ല.
യു.ഡി.എഫ് സര്‍ക്കാര്‍ കണ്ണൂര്‍ കോര്‍പറേഷനെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും വിശദ പദ്ധതി സമര്‍പ്പിക്കുന്നതിനും അംഗീകരിക്കുന്നതിനും നടപടി ഉണ്ടാകുന്നില്ല. നഗരത്തിലെ തെരുവുവിളക്കുകള്‍ കണ്ണടച്ചതിനെതിരേ പൊതുജനവും കൗണ്‍സിലര്‍മാരും നിരന്തരം പരാതി നല്‍കിയിട്ടും തകരാര്‍ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. കോര്‍പറേഷനു വരുമാനം ലഭിക്കേണ്ട നിരവധി കെട്ടിടങ്ങള്‍ തുറന്നുകൊടുക്കാത്തതിലൂടെ ലക്ഷക്കണക്കിനു രൂപയാണു നഷ്ടമാവുന്നത്. പട്ടികജാതിക്കാര്‍ക്കു കൈമാറിയ ഫ്‌ളാറ്റിലാവട്ടെ അടിസ്ഥാന സൗകര്യമൊരുക്കാനും അധികൃതര്‍ക്ക് ആയില്ലെന്നു കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി.
ഇടതു ഭരണത്തിനെതിരേ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഇന്നു രാവിലെ 10ന് കോര്‍പറേഷന്‍ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തും. ജനങ്ങളുമായി ബന്ധപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഒ മോഹനന്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ സി സമീര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ പി ഇന്ദിര, കൗണ്‍സിലര്‍മാരായ സുമാ ബാലകൃഷ്ണന്‍, എം.പി മുഹമ്മദലി എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."