നോട്ട് മാറ്റാന്‍ നട്ടം തിരിയുന്നു
വടക്കാഞ്ചേരി: 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം പുതിയ നോട്ടുകള്‍ വിതരണം ചെയ്യാനാരംഭിച്ച ആദ്യ ദിനം തന്നെ ബാങ്കുകളില്‍ വന്‍ തിരക്ക്. ഇന്നലേയും ജനങ്ങള്‍ കൊടിയ ദുരിതത്തിലായി. ആശുപത്രികള്‍, സര്‍ക്കാര്‍ ആശുപത്രികളിലെ ഫാര്‍മസികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, കെ.എസ്.ആര്‍.ടി.സി ബസുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളില്‍ നോട്ടുകള്‍ സ്വീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വേണ്ടത്ര വിജയിക്കാതിരുന്നതിനെ തുടര്‍ന്നാണ് ജനങ്ങള്‍ക്ക് കൂട്ടത്തോടെ ബാങ്കുകളിലെത്തേണ്ടി വന്നത്.
ബാങ്കുകള്‍ ഇന്നലെ രാവിലെ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബാങ്കുകള്‍ തുടക്കത്തില്‍ 4000 രൂപ വരെ മാറി കൊടുത്തിരുന്നുവെങ്കിലും പിന്നീട് ഇത് 2000, 1000 എന്നിങ്ങനെയാക്കി കുറച്ചു. ഇതിന് പ്രത്യേക ഫോം പൂരിപ്പിച്ച് വാങ്ങുകയും ചെയ്തു. അകൗണ്ടിലേക്ക് പരിധിയില്ലാതെ പണം അടക്കാമെന്ന് നിര്‍ദേശമുണ്ടെങ്കിലും 49 ആയിരത്തില്‍ കൂടുതല്‍ ആയാല്‍ പാന്‍ കാര്‍ഡ് ഹാജരാക്കണം. സ്വന്തം അകൗണ്ടില്‍ നിന്ന് പതിനായിരം രൂപ വരെ പിന്‍വലിക്കാം. 50 ന്റെയും 100 ന്റെയും നോട്ടുകളാണ് നല്‍കുന്നത്. എ.ടി.എം കൗണ്ടര്‍ അടഞ്ഞ് കിടക്കുന്നത് ദുരിതം വര്‍ധിപ്പിക്കുകയാണ്. അതിനിടെ പല ബാങ്കുകളിലും ഉച്ചയോടെ പണം തീര്‍ന്നത് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കി. പണം നിക്ഷേപിക്കാന്‍ മാത്രമാണ് പിന്നീട് സാധിച്ചത്. ഇന്ന് മുതല്‍ കൂടുതല്‍ പണമെത്തിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.
കുന്നംകുളം: ഇന്നലെ ബാങ്കുകള്‍ തുറന്നതോടെ നോട്ടുകള്‍ മാറാനെത്തിയവരെക്കൊണ്ട് കുന്നംകുളത്തെ ബാങ്കുകളും പോസ്റ്റ് ഓഫിസും വീര്‍പ്പുമുട്ടി. 24 മണിക്കൂര്‍ നീണ്ടുനിന്ന സാമ്പത്തിക മരവിപ്പിന് വിരാമമിട്ട് ഇന്നലെ ബാങ്കുകള്‍ തുറന്നതോടെ നോട്ടുകള്‍ മാറാനെത്തിയവരെ കൊണ്ട് നഗരത്തിലെ എല്ലാ ബാങ്ക് ശാഖകളും റോഡും നിറഞ്ഞു. അതിരാവിലെ തന്നെ നോട്ടുകള്‍ മാറിയെടുക്കാനെത്തിയവരുടെ നീണ്ട നിര ബാങ്കുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപെട്ടു. മണിക്കൂറുകള്‍ പിന്നിട്ടതോടെ നിര നീണ്ടുനീണ്ടു പോയി. സ്ത്രീകളും കുട്ടികളും ഉദ്യോഗസ്ഥരും വ്യാപാരികളും കച്ചവടസ്ഥാപനങ്ങളിള്‍ ഉള്‍പ്പെടെയുള്ളവള്‍ മണിക്കൂറുകള്‍ വരി നിന്നാണ് നോട്ടുകള്‍ മാറിയത് .
നഗരത്തിലെ പ്രധാന ബാങ്ക് ശാഖകളായ എസ്.ബി.ഐ, എസ്.ബി.ടി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവിടങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. എ.ടി.എം കൗണ്ടറുകളില്‍ പണം നിറക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ എ.ടി.എം കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. പല ബാങ്ക് ശാഖകളും തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.
കുന്നംകുളം പോസ്റ്റ് ഓഫിസിലും സ്ഥിതി വിഭിന്നമല്ല. നോട്ടുകള്‍ മാറാനെത്തിയവരുടെ വലിയ തിരക്കാണ് രാവിലെ മുതല്‍ അനുഭവപ്പെട്ടത്. നിര്‍ദിഷ്ട അപേക്ഷയോടൊപ്പം വ്യക്തമായ തിരിച്ചറിയല്‍ രേഖ ബാങ്കില്‍ സമര്‍പ്പിച്ചാണ് നോട്ടുകള്‍ മാറിയെടുക്കുന്നത്. അപേക്ഷകള്‍ പൂരിപ്പിക്കാനും സമര്‍പ്പിക്കാനും തിരക്ക് നിയന്ത്രിതാധീധമായപ്പോള്‍ പൊലിസെത്തി. പഴയ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ മാറ്റിവാങ്ങുമ്പോള്‍ ഒരാള്‍ക്ക് ഒരു ദിവസം പരമാവധി 4000 രൂപ മാത്രമാണ് മാറാനാകുകയുള്ളു. എന്നാല്‍ അക്കൗണ്ടില്‍
500ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് പരിധിയില്ല. അക്കൗണ്ടിന്ല്‍ നിന്ന് പ്രതി ദിനം 10000 രൂപയും ആഴ്ചയില്‍ 20000 രൂപയുമാണ് പിന്‍വലിക്കാന്‍ സാധിക്കുകയുളളൂ. നഗരത്തില്‍ പലയിടങ്ങളിലും ബാങ്കുകള്‍ പതിവിലും നേരത്തെ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും തിരക്ക് നിയന്ത്രിക്കാനാവാതെ ബാങ്കിലെ ജീവനക്കാര്‍ വലഞ്ഞു. ബാങ്കിന്റെ പ്രവര്‍ത്തനം വൈകീട്ട് 5 വരെ നീണ്ടു.
കഴിഞ്ഞ ദിവസം മുതല്‍ ബാങ്ക് തുറക്കാന്‍ കാത്ത് നിന്നവര്‍ പലരും അതിരാവിലെ തന്നെ നഗരത്തിലെത്തിയിരുന്നു. ഇതിനിടയില്‍ പത്തു ശതമാനം ലാഭം വാങ്ങി പഴയ നോട്ടു വാങ്ങുന്ന സംഘം നഗരത്തില്‍ സജീവമായതായി പറയുന്നുണ്ട്.
എരുമപ്പെട്ടി: എരുമപ്പെട്ടി മേഖലയിലെ പോസ്റ്റ് ഓഫിസുകളില്‍ നോട്ടുകള്‍ മാറ്റി നല്‍കാന്‍ കഴിയാതിരുന്നത് ജനങ്ങളെ വലച്ചു. ബാങ്കുകള്‍ക്ക് പുറമെ പോസ്റ്റ് ഓഫിസുകളില്‍ കൂടിയും ഇന്നലെ മുതല്‍ നോട്ടുകള്‍ മാറി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മാറ്റി നല്‍കാനുള്ള പണം പോസ്റ്റ് ഓഫിസുകളിലേക്ക് എത്താന്‍ വൈകുന്നതാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത്. അതേസമയം എരുമപ്പെട്ടി മേഖലയിലെ ബാങ്കുകളില്‍ നോട്ടുകള്‍ മാറാനെത്തുന്നവരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ ബാങ്കിങ്ങ് സമയത്തിന് മുന്‍പ് തന്നെ ആളുകള്‍ വരിയില്‍ സ്ഥാനം പിടിച്ചിരുന്നു.
ജനങ്ങളുടെ തിരക്ക് ബാങ്ക് ജീവനക്കാരേയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. എന്നാല്‍ സഹകരണ ബാങ്കുകള്‍ പണമിടപാടുകള്‍ നിര്‍ത്തി വെച്ചിരുക്കുകയാണ്. ഡെപ്പോസിറ്റ് ഉള്‍പ്പടെയുള്ള അക്കൗണ്ടുകളിലേക്ക് പണം സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതിന് പുറമെ വായ്പകള്‍ എടുത്തത് തിരിച്ചടക്കാന്‍ എത്തുന്നവരില്‍ നിന്നും പണം വാങ്ങാന്‍ സഹകരണ ബാങ്കുകള്‍ തയ്യാറാകുന്നില്ല.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുടെ കണക്ക് നല്‍കിയതിനാലാണ് ഈ നോട്ടുകള്‍ സ്വീകരി ക്കാന്‍ കഴിയാത്തതെന്നാണ് സഹകരണ ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്.
ഇതിന് പുറമെ അഞ്ഞൂറി ന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ മാറ്റി നല്‍കാന്‍ കഴിയാത്തതിനാല്‍ മേഖലയിലെ പല വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. എരുമപ്പെട്ടി, കടങ്ങോട് മേഖലകളിലെ കരിങ്കല്‍ ക്വാറികളുടേയും ക്രഷറുകളുടേയും പ്രവര്‍ത്തനവും തടസ്സപ്പെട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."