നഴ്സറിക്കു നല്കിയ സ്ഥലം സ്വകാര്യ വ്യക്തി കൈയേറിതായി പരാതി
അണ്ടത്തോട്: നഴ്സറിക്കു നല്കിയ സ്ഥലം സ്വകാര്യ വ്യക്തി കൈയേറി വീടുവെച്ചു താമസിക്കുന്നതായി പരാതി. പുന്നയൂര്‍കുളം പഞ്ചായത്തിലെ പെരിയമ്പലം പത്തൊന്‍പതാം വാര്‍ഡ് കോളനിയിലാണ് സംഭവം. ഈ കോളനിയിലെ തന്നെ താമസക്കാരനായ കുട്ടിമംഗലം കൃഷ്ണന് നമ്പൂതിരി എന്നയാളാണ് നാലു സെന്റ് ഭൂമി രേഖാ മൂലം പഞ്ചായത്തിന് നല്‍കിയത്. ഈ സ്ഥലമാണ് കോളനിയിലെ തന്നെ താമസക്കാരായ വ്യക്തി കയ്യേറി വീട് വെച്ച് താമസിക്കുന്നത്. ഈ വ്യക്തിക്ക് പട്ടികജാതിക്കാര്‍ക്ക് ഭവന നിര്‍മാണത്തിന്ന് ഭൂമി അനുവദിക്കുന്ന പദ്ധതി പ്രകാരം മൂന്ന് സെന്റ് ഭൂമിയും തുടര്‍ന്ന് ഭവന നിര്‍മാണത്തിന് ധനസഹായവും നല്‍കിയിരുന്നു. തുടര്‍ന്ന് കയ്യേറിയ വ്യക്തി ഇതുപോലെ പട്ടികജാതി ഭവന നിര്‍മാണസഹായം ലഭിച്ച തന്റെ സഹോദരന് ഈ ഭൂമി കൈമാറ്റം ചെയ്തു എന്നും നാട്ടുകാര്‍ പറയുന്നു. കാലങ്ങളായി പ്രദേശത്തെ പട്ടിക വിഭാഗത്തില്‍ നിന്നും മത്സ്യ തൊഴിലാളി കുടുംബങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ പഠിക്കുന്ന പെരിയമ്പലം പത്തൊന്‍പതാം വാര്‍ഡിലെ അംഗന്‍വാടിക്ക് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാത്തതിനാല്‍ പല സ്ഥലങ്ങളിലായി വാടക കെട്ടിടത്തിലായാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇപ്പോള്‍ കുട്ടികള്‍ക്കു പ്രാഥമികവിശ്യങ്ങള്ക്കു പോലും സൗകര്യമില്ലാത്ത റോഡിനോട് ചേര്‍ന്ന് നില്ക്കുന്ന സ്വകാര്യ വ്യക്തിയുടെ പീടിക മുറിയിലാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ സമയവും വാഹനങ്ങള്‍ കടന്നു പോകുന്ന റോഡായതിനാല്‍ കുട്ടികളുടെ ജീവനു തന്നെ ഭീഷണിയിലാണ്. അതുകൊണ്ട് പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ ഭൂമിയിലെ അനധികൃത കൈയേറ്റം ഒഴിപിച്ചു അവിടെ അംഗനവാടിക്കായി കെട്ടിടം പണിയണമെന്ന ആവശ്യം ശക്തമാവുകയാണ്. ഈ ആവശ്യം ഉന്നയിച്ചു പെരിയമ്പലം നിവാസികള്‍ പുന്നയൂര്‍കുളം പഞ്ചായത്തു അധികാരികള്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."