കാടൊരുക്കൂ, പരിസ്ഥിതിയെ രക്ഷിക്കൂ
ലോക വനദിനം യഥേഷ്ടം വര്‍ഷം തോറും ആചരിക്കും. എന്നിട്ടും ആഗോളതാപനകാലത്ത് കാടുകളുണ്ടാവേണ്ട ആവശ്യകതയെക്കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകുന്നില്ല. ഇപ്പോഴും കാട് സംരക്ഷണവും മരം നടലും പ്രകൃതി സ്‌നേഹികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും മാത്രം കാര്യമായി മാറുന്നുണ്ട്. ഒരുവശത്ത് കാടിനുവേണ്ടിയുള്ള മുറവിളി നടക്കുമ്പോള്‍ മറുവശത്ത് കാട് വെട്ടി നശിപ്പിച്ച് കുന്നുകള്‍ ഇടിച്ചുനിരത്തി വികസനത്തിന്റെ മറവില്‍ പാറ ഖനന,തടി മാഫിയകളും കോര്‍പറേറ്റുകളും താണ്ഡവമാടുകയാണ്. ആദിവാസി ഗോത്രസമൂഹം അതേസമയം കാടിന്റെ അവകാശികളും സംരക്ഷകരും എന്ന നിലയില്‍ ഈ കൊടും ക്രൂരതകള്‍ക്കെതിരെ ശക്തമായ പ്രതിരോധനിര തീര്‍ക്കുന്നുണ്ട്. അവരെ പിന്തുണയ്ക്കുന്ന പൊതുസമൂഹത്തിനുനേരെ ഭരണകൂട ഭീകരത നടമാടുന്ന കാഴ്ചയാണ് എന്നാല്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഒഡീഷയിലെ പോസ്‌കോ സമരത്തെയും മധ്യപ്രദേശിലെ സിംഗ്രൗലി ജില്ലയിലെ മഹാന്‍ സമരത്തെയും മറ്റും ഇത്തരത്തില്‍ കേന്ദ്രസംസ്ഥാന ഭരണകൂടങ്ങള്‍ നേരിട്ടതിന്റെ ഭീകരത നമുക്ക് മുമ്പിലുണ്ട്.
ഭൂമി കയ്യേറുന്നതിനെതിരെയും കാട് നശിപ്പിക്കുന്നതിനെതിരെയും തണ്ണീര്‍ത്തടങ്ങളും വയലുകളും നികത്തുന്നതിനെതിരെയും നിയമങ്ങള്‍ അനവധിയാണ് നമ്മുടെ നാട്ടില്‍. എന്നാല്‍ ഏത് നിയമ സംവിധാനത്തെയും ഭരണകൂടത്തെതന്നെയും വിലക്കെടുക്കാനും അട്ടിമറിക്കാനും ശേഷിയുള്ള ഭൂമാഫിയകളും കോര്‍പറേറ്റുകളും പ്രമാണികളാകുമ്പോള്‍ നിയമവും ഭരണവും നടപടികളുമൊക്കെ അവര്‍ അനുശാസിക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും വനങ്ങള്‍ വേണമെന്ന ചിന്തയ്ക്ക് ഇന്ത്യയില്‍ പ്രാമുഖ്യം ഏറിവരികയാണ്. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ സന്നദ്ധസംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരുമടക്കം നിരവധിപേര്‍ ഇക്കാര്യത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. കേരളത്തില്‍ ചലച്ചിത്ര നടന്‍ ശ്രീനിവാസന്‍, മമ്മൂട്ടി തുടങ്ങി പല കലാസാംസ്‌കാരിക പ്രവര്‍ത്തകരും മാതൃകയെന്നോണം കൃഷിയേയും വൃക്ഷം നടലിനേയും പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ഹിന്ദി ചലച്ചിത്ര സംവിധായകനായ അഭിഷേക് റെ ഗാനങ്ങളില്‍ നിന്നുമുള്ള തന്റെ വരുമാനം കൊണ്ട് നശിച്ചുകൊണ്ടിരിക്കുന്ന ഒരു കുന്ന് വിലയ്ക്കുവാങ്ങി അതി മനോഹര വനമായി മാറ്റിയിരിക്കുന്നു. കോര്‍ബ ദേശീയ ഉദ്യാനത്തിന് സമീപമാണ് അഭിഷേക് കുന്ന് സ്വന്തമാക്കി വനമാക്കി മാറ്റിയത്.
മൃഗസ്‌നേഹിയും പ്രകൃതിസ്‌നേഹിയുമൊക്കെ ആയിരുന്ന അഭിഷേകിന് ഇതിന് പ്രോത്സാഹനമായ സംഭവം അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു. ഒരു നിലാവുള്ള രാത്രിയില്‍ അഭിഷേക് തന്റെ സ്വന്തം എസ്റ്റേറ്റിലൂടെ സഞ്ചരിക്കുമ്പോള്‍ പുല്ലില്‍ അലസമായി കിടക്കുന്ന കടുവയെ കണ്ടു. നിലാവില്‍ ശാന്തമായാണ് കടുവ കിടന്നിരുന്നത്. പതിയെ ക്യാമറയുമായി കടുവയെ സമീപിച്ച അഭിഷേകിനെ ആദ്യം സംശയത്തോടെ ഒന്ന് നോക്കിയെങ്കിലും അത് പുല്ലില്‍ അലസമായി കിടന്നു. കടുവയുടെ അപൂര്‍വമായ ഫോട്ടോകള്‍ ഒരു ഭയവും കൂടാതെ എടുക്കാന്‍ അഭിഷേകിന് ഇത് പ്രേരണ നല്‍കി. ഏതാണ്ട് അരമണിക്കൂര്‍ ഫോട്ടോയെടുത്ത് ചിലവഴിച്ചപ്പോഴേക്കും കടുവ തിരിഞ്ഞു കിടന്നു.
ഒരിക്കലും ഒരു മനുഷ്യന്റെ മുമ്പില്‍ ഈ മൃഗങ്ങള്‍ ഇത്ര അലസമായി പെരുമാറാറില്ല. അഭിഷേകില്‍ കടുവ കാണിച്ച വിശ്വാസം അയാളെ ഇരുത്തി ചിന്തിപ്പിച്ചു. മൃഗങ്ങള്‍ക്ക് സ്വച്ഛന്ദം വിഹരിക്കാനുള്ള അവരുടെ വാസസ്ഥലമാണ് കാടെന്ന തിരിച്ചറിവ് മനുഷ്യനുണ്ടാകുന്നില്ല എന്നതാണ് പല പ്രശ്‌നങ്ങള്‍ക്കും ആധാരം. കാട് വെട്ടിവെളുപ്പിക്കുമ്പോള്‍ ആഹാരം തേടി മൃഗങ്ങള്‍ നാട്ടിലേയ്ക്കിറങ്ങും. അപ്പോള്‍ അവയെ ആക്രമണകാരിയാക്കി മാറ്റി മനുഷ്യന്‍ വെടിവെച്ചോ, തല്ലിയോ കൊല്ലും.
അഭിഷേക് തന്റെ സമ്പാദ്യത്തില്‍ നല്ലൊരു പങ്ക് ചെലവിട്ട് കാടുണ്ടാക്കാന്‍ തീരുമാനിച്ചത് ഈ തിരിച്ചറിവില്‍ നിന്നാണ്. ഇന്ന് സീതാബനി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റെ അധിപനാണ് അഭിഷേക്. കടുവ, പുലി എന്നിവയെ സംരക്ഷിക്കുന്നതില്‍ അഭിഷേക് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.
കുട്ടിയായിരിക്കുമ്പോള്‍ തന്നെ കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങള്‍ അഭിഷേകിനെ അസ്വസ്ഥനാക്കിയിരുന്നു. മൃഗങ്ങള്‍ അവരുടെ ആവാസമേഖലകളില്‍ സ്വച്ഛമായി വിഹരിക്കുന്നത് കാണാന്‍ അഭിഷേക് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് രന്‍ത്തംബോറിലെ ദേശീയോദ്യാനത്തിലെ ഡോ. ജി വി റെഡ്ഡിയില്‍ നിന്നും മൃഗങ്ങളെയും അവരുടെ പ്രത്യേകതകളെയും കുറിച്ചും മനസിലാക്കുന്നത്. വന്യമൃഗങ്ങളെ കുറിച്ചുള്ള പുസ്തകങ്ങള്‍ ധാരാളമായി വായിച്ചു തുടങ്ങിയതും ഇക്കാലത്താണ്. പിന്നീട് അവയെ നിരീക്ഷിക്കാന്‍ തുടങ്ങി. വന്യജീവി ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ഈ നിരീക്ഷണം തുടര്‍ന്നുകൊണ്ടിരുന്നു.
ബോളിവുഡില്‍ അഞ്ച് സിനിമകളിലെ ഗാനങ്ങള്‍ ഹിറ്റായതോടെ വന്യജീവികള്‍ക്കു വേണ്ടിയുള്ള തന്റെ സ്വപ്നം നടപ്പിലാക്കാനാവുമെന്ന പ്രതീക്ഷ വന്നു. ആദ്യം സ്ഥലം സ്വന്തമാക്കാനുള്ള ശ്രമം നടത്തി.
അവിടെ പ്രകൃതിദത്തമായ നീരുറവകളും ചോലകളും സൃഷ്ടിച്ചു. മരങ്ങള്‍ ധാരാളമുള്ള ആ ഭൂമിപ്രദേശം ഒരു കുന്നായിരുന്നതുകൊണ്ടുതന്നെ വന്യജീവി കേന്ദ്രമെന്ന തന്റെ പ്രതീക്ഷയ്ക്ക് ഇത് ആക്കം കൂട്ടി. അത് ഇന്നു കാണുന്ന കാടാക്കി മാറ്റുന്നതിന് പിന്നില്‍ ഏറെ നാളത്തെ ശ്രമകരമായ അധ്വാനമുണ്ടായിരുന്നു. സഹായിക്കാനും പിന്തുണ നല്‍കാനും കുടുംബവും സുഹൃത്തുക്കളും ഉണ്ടായി എന്നുള്ളതാണ് ഏറ്റവും വലിയ നേട്ടം.
ഇപ്പോള്‍ 600 ല്‍പ്പരം പക്ഷികളും ധാരാളം മൃഗങ്ങളും ആ വന്യജീവി സങ്കേതത്തിലുണ്ട്. അവയെല്ലാം സ്വച്ഛമായി വിഹരിക്കുന്നു. ഒരു ഭ്രാന്തന്‍ സ്വപ്നത്തിന്റെ പിറകേയുള്ളയാത്ര സഫലമായ നിര്‍വൃതിയിലാണ് ഈ ഗാനസംവിധായകന്‍. കാടിന്റെ താളവും സംഗീതവും തന്റെ ഗാനങ്ങളില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ടെന്നാണ് അഭിഷേക് വിശ്വസിക്കുന്നത്. അതൊരു പ്രപഞ്ച നിയമമാണെന്നുകൂടി അഭിഷേക് പറയുന്നുസംഗീതം പ്രകൃതിയില്‍ നിന്നും ഒഴുകിവരുന്ന നിര്‍ഝരിയാണെന്നതുകൊണ്ടുതന്നെ.
വനത്തെയും പരിസ്ഥിയെയും സംരക്ഷിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസം വോട്ടെടുപ്പ് ദിവസം വയനാട്ടില്‍ മുതിര്‍ന്ന പൗരന് ഒരു വൃക്ഷതൈയും നല്‍കി. അത് നമ്മള്‍ മാതൃകയാക്കണം. ജൂണ്‍ ഒന്നിന് പുതിയ അധ്യായന വര്‍ഷം ആരംഭിക്കുമ്പോള്‍ കുട്ടികളെ കൊണ്ട് നമ്മുക്ക് ഓരോ കാടൊരുക്കാം. വരും തലമുറയെങ്കിലും അസഹ്യമായ ഈ ചൂടില്‍ നിന്നും മോചനം കിട്ടട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."