പിഴിയാന്‍ 'ചില്ലറ വ്യാപാരി'കളും രംഗത്ത്
ചീമേനി: അഞ്ഞൂറിനും ആയിരത്തിനും പകരം പുതിയ നോട്ടുകള്‍ കിട്ടാത്തതും കിട്ടിയ നോട്ടിനു ചില്ലറ ലഭ്യമാകാത്തതും കാരണമുള്ള പ്രതിസന്ധിക്കു ഇന്നലെയും അയവില്ല.
ചില്ലറയില്ലാത്തതിനാല്‍ ആവശ്യവസ്തുക്കള്‍ പോലും വാങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്.
മിക്ക കച്ചവടക്കാരും തുടര്‍ച്ചയായ രണ്ടാം ദിനവും കടം നല്‍കിയാണു സാധനങ്ങള്‍ വിറ്റഴിച്ചത്. അതേ സമയം ചില്ലറയുടെ ക്ഷാമം മുതലെടുക്കാന്‍ ചില്ലറ വില്‍പനക്കാരും സജീവമായി രംഗത്തിറങ്ങി. 500 രൂപയുടെ നോട്ടിനു പകരം 350 വില പറഞ്ഞു തുടങ്ങുന്ന ഇടനിലക്കാര്‍ വില പേശല്‍ നടത്തി 400, 450 തുടങ്ങിയവക്കാണു ചില്ലറ നല്‍കിയത്.
ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍ പരിസരം, ബിവറേജ് ഔട്ട് ലെറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരക്കാര്‍ ചില്ലറ വില്‍പന നടത്തിയത്.
സഹകരണ ബാങ്കുകള്‍ ഇന്നലെയും നിശ്ചലം
ചെറുവത്തൂര്‍: ഇടപാടുകള്‍ നടക്കാതെ ജില്ലയിലെ സഹകരണ ബാങ്കുകള്‍ ഇന്നലെയും നിശ്ചലമായി. ബാങ്കുകളില്‍ നിന്നു നോട്ടുകള്‍ മാറ്റിക്കിട്ടും എന്നു കേട്ടപാടെ നിരവധിപേര്‍ സഹകരണ ബാങ്കുകളില്‍ എത്തിയിരുന്നു.
സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവരായിരുന്നു ഏറെയും. എന്നാല്‍ ബാങ്ക് ജീവനക്കാര്‍ നിസഹായരായി കൈമലര്‍ത്തി. രണ്ടു ദിവസങ്ങളിലായി സഹകരണ ബാങ്കുകള്‍ പഴയ നോട്ടുകള്‍ സ്വീകരിച്ചിരുന്നില്ല. സഹകരണബാങ്കുകളില്‍ നിക്ഷേപമായി പഴയനോട്ടുകള്‍ സ്വീകരിക്കാം എന്ന നിര്‍ദേശം ഇന്നലെ വൈകീട്ടോടെ വന്നിരുന്നു.
എന്നാല്‍ മുകളില്‍ നിന്നുള്ള നിര്‍ദേശം തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നു ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഇന്നു മുതല്‍ സഹകരണബാങ്കുകള്‍ മുതല്‍ താഴേക്കുള്ള സംഘങ്ങള്‍ നിക്ഷേപമായി 500,100 രൂപ നോട്ടുകള്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."