'ചില്ലറ' തന്നെയാണു പ്രശ്‌നം
തൃക്കരിപ്പൂര്‍/കാഞ്ഞങ്ങാട്/: ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെ അര്‍ധരാത്രി മുതല്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയതും ബാങ്കുകളും എ.ടി.എമ്മുകളും അടഞ്ഞു കിടന്നതും സാധാരണക്കാരായ ജനങ്ങളെ ഏറെ വലച്ചു. തൃക്കരിപ്പൂര്‍ മത്സ്യ മാര്‍ക്കറ്റില്‍ ബുധനാഴ്ച രാവിലെ തന്നെ തൊഴിലാളികളും നാട്ടുകാരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. സാധാരണ നൂറോ അന്‍പതോ രൂപ നല്‍കി മീന്‍ വാങ്ങുന്നവര്‍ വരെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുമായെത്തിയതാണു ബഹളത്തിനു കാരണമായത്. വലിയ വില നല്‍കി വാങ്ങിയ മത്സ്യങ്ങള്‍ കിട്ടുന്ന ചില്ലറക്കാണു വിറ്റു തീര്‍ത്തത്.
കഴിഞ്ഞ ദിവസം മിച്ചം വന്ന 10, 50 നോട്ടുകളല്ലാം ഒരു മണിക്കൂറിനകം കാലിയായി. ഒരു മുന്നറിയിപ്പും ഇല്ലാതെയുളള കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപനം കൂടുതലും ബാധിച്ചതു ചെറുകിട കച്ചവടക്കാരേയും തൊഴിലാളികളെയുമാണ്. ഈ പ്രതിസന്ധി തുടരുകയാണങ്കില്‍ ഇന്നു മുതല്‍ മത്സ്യ മാര്‍ക്കറ്റ് അടച്ചിടേണ്ട അവസ്ഥയാണെന്നു മത്സ്യമാര്‍ക്കറ്റു നടത്തിപ്പുകാരന്‍ പറഞ്ഞു.
സ്ഥിരമായി മീന്‍ വാങ്ങാനെത്തുന്നവര്‍ക്കു കടമായി നല്‍കി സഹായിക്കുന്നുണ്ട്. വാങ്ങിക്കുന്ന തുകക്കു ബാക്കി നല്‍കാന്‍ കഴിയാത്തതാണു തൊഴിലാളികള്‍ക്കു വിനയായത്. പമ്പുകളിലും ആശുപത്രികളിലും 500, 1000, നോട്ടുകള്‍ നല്‍കിയാലും ബാക്കി നല്‍കാന്‍ കാശില്ലാത്ത അവസ്ഥയാണ്. നഗരത്തിലെ പല കടകളിലും ഹോട്ടലുകളിലും അതിരാവിലെ തന്നെ അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ സ്വീകരിക്കില്ലെന്നു ബോര്‍ഡുകള്‍ ഉയരുകയും ചെയ്തു. അതേ സമയം പെട്രോള്‍ പമ്പുകള്‍ ഉള്‍പ്പെടെയുള്ള ചില സ്ഥാപനങ്ങളില്‍ അഞ്ഞൂറിനും ആയിരത്തിനും മുഴുവനായി ഇടപാടു നടത്തുകയാണെങ്കില്‍ മാത്രം നോട്ടുകള്‍ സ്വീകരിക്കുന്ന അവസ്ഥയും ഉണ്ടായി.
കെ.എസ്.ആര്‍.ടി.സിയില്‍ നോട്ടുകള്‍ സ്വീകരിക്കുമെന്ന് ഉത്തരവിറക്കിയ അധികൃതര്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ടെലഫോണ്‍ എക്‌ചേഞ്ചുകളിലും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇലക്ട്രിസിറ്റി ഓഫിസുകളിലും നോട്ടുകള്‍ സ്വീകരിക്കാനുള്ള നടപടി ഏര്‍പ്പെടുത്താത്തതു പ്രതിഷേധത്തിനു കാരണമായി.
അതേ സമയം, ചിലയിടങ്ങളില്‍ അഞ്ഞൂറു രൂപ നല്‍കിയാല്‍ പകരമായി നാനൂറോ അതില്‍ താഴെയോ രൂപയ്ക്കു മാത്രം സാധനം നല്‍കുന്നുവെന്ന ആക്ഷേപവുമുണ്ട്. ഹോട്ടലുകളിലും മറ്റും ഉപഭോക്താക്കള്‍ക്ക് ചില്ലറ നല്‍കാനില്ലാത്തതിനാല്‍ ചില്ലറ പിന്നീട് നല്‍കുന്നതിന് നോട്ട് വാങ്ങി വച്ച് അവരുടെ പേര് വിവരങ്ങള്‍ കുറിച്ചെടുത്ത് സൂക്ഷിക്കുകയാണ് ചെയ്തത്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വലഞ്ഞു
കുമ്പള: പല ആവശ്യങ്ങള്‍ക്കായി രാവിലെ നഗരങ്ങളിലെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ കടകളിലെത്തിയപ്പോഴാണ് നോട്ട് അസാധുവാക്കിയ വിവരം അറിഞ്ഞത്. നോട്ടുകള്‍ മാറാന്‍ ചിലര്‍ ബാങ്കുകളിലേക്കോടിയെങ്കിലും അടഞ്ഞുകിടക്കുന്നതു കണ്ടു നിരാശരായി മടങ്ങി.
യാത്രക്കാര്‍ കൂട്ടത്തോടെ കെ.എസ്.ആര്‍.ടി.സി ബസുകളിലും അഞ്ഞൂറും ആയിരവും നല്‍കാന്‍ തുടങ്ങിയതോടെ ജീവനക്കാരും വലഞ്ഞു. അഞ്ഞൂറ് എടുക്കില്ലെന്നു പറഞ്ഞ കണ്ടക്ടര്‍മാരില്‍ ചിലര്‍ യാത്രക്കാരുടെ അവസ്ഥ കണ്ടു രൂപ വാങ്ങുകയുണ്ടായി.
കച്ചവടം മുടങ്ങുമെന്നായതോടെ പഴം പച്ചക്കറി മീന്‍ ഹോട്ടല്‍ തുടങ്ങിയ വ്യാപാരികള്‍ പിന്നീട് നോട്ടുകള്‍ വാങ്ങിത്തുടങ്ങി.
കൂടുതല്‍ ദിവസം സൂക്ഷിക്കാന്‍ പ്രയാസമുള്ളതിനാല്‍ മീന്‍, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ ഗത്യന്തരമില്ലാതെ മിക്ക വ്യാപാരികളും കടം നല്‍കുകയാണ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."