പരവൂര്‍ വെടിക്കെട്ടപകടം: നിരോധിത രാസവസ്തുക്കള്‍ ഉപയോഗിച്ചോയെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിനു നിരോധിത രാസവസ്തുക്കള്‍ ഉപയോഗിച്ചിരുന്നോയെന്നു വ്യക്തമാക്കി എക്‌പ്ലോസീവ് ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍. ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഹരജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അപകടകരമായ വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി. ചിദംബരേഷ് എഴുതിയ കത്ത് പൊതുതാല്‍പര്യ ഹരജിയായി പരിഗണിച്ചാണ് ഹൈക്കോടതി വാദം കേള്‍ക്കുന്നത്.
വെടിക്കെട്ടിനു നിരോധിത രാസവസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ, ഇത്തരം രാസവസ്തുക്കള്‍ ഉപയോഗിക്കാനായി കൊണ്ടുവന്നിരുന്നോ എന്നും എക്‌പ്ലോസീവ് ഡയറക്ടര്‍ വ്യക്തമാക്കണമെന്നു കോടതി ഉത്തരവില്‍ പറയുന്നു. അനുവദനീയമായ പരിധിയില്‍ കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ സംഭവ സ്ഥലത്ത് എത്തിയിരുന്നോയെന്നു കണ്ടെത്തണം. ഇത്തരം ദുരന്തം ആവര്‍ത്തിക്കാനുള്ള നടപടികളും റിപ്പോര്‍ട്ടിലുണ്ടാവണമെന്നും കോടതി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട നടപടികളില്‍ ദുരന്ത നിവാരണ സേനയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്നു പരിശോധിക്കണം. ദുരന്തം മുന്‍കൂട്ടി കണ്ട് തടയാതെ വിലപിച്ചിട്ടു കാര്യമില്ലെന്നും കോടതി പറഞ്ഞു. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പ്രധാന ഹരജിയിലെ നടപടികള്‍ വൈകുന്നത് അനുവദിക്കാനാവില്ലെന്നും ഹരജി നാളെ വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
ഇന്നലെ ഹൈക്കോടതി ഹരജി പരിഗണിക്കവെ എക്‌പ്ലോസീവ് ഡയറക്ടര്‍ നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നു അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എന്‍ നഗരേഷ് കോടതിയെ അറിയിച്ചു. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്നു ഹാജരാക്കുമെന്നു സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി പറഞ്ഞു.
ഇരകളുടെ നഷ്ടപരിഹാരം, പുനരധിവാസം എന്നിവ സംബന്ധിച്ച് വേഗത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടര്‍ എന്‍.ആര്‍ മാധവമേനോന്‍ ഇരകള്‍ക്ക് വേഗത്തില്‍ നീതി ലഭ്യമാക്കുന്നതു സംബന്ധിച്ച് ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അഭിപ്രായം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസിന്റെ (െ്രെകംസ്) നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ ഹൈക്കോടതി നേരിട്ടു മേല്‍നോട്ടം വഹിക്കുന്നതിനു നേരത്തെ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."